- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മീഷണറാഫീസിൽ ജാമ്യം ഒപ്പിട്ടിറങ്ങിയ വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭക്ക് ഫോൺ ചെയ്തത് കമ്മീഷണറാഫീസിലെ സർക്കിൾ ഇൻസ്പെക്ടർ; നക്ഷത്ര വേശ്യാലയങ്ങളിൽ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ ഭർത്താവ് കേപ്പൻ അനിയെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടതും പ്രതികാരമായി; ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ കൊന്ന കേസിൽ തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്ന് ശോഭാ ജോണും; ഇനി നിർണ്ണായകം സർക്കാർ നിലപാട്
തിരുവനന്തപുരം: ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് സമീപം വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോൺ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിടുതൽ ഹർജി സമർപ്പിച്ചു.
വിചാരണ കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ശോഭ ഹർജി സമർപ്പിച്ചത്. ഹർജിയിൽ സർക്കാർ നിലപാട് സെപ്റ്റംബർ 29 നകം രേഖാമൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. ജയിലിൽ കഴിയുന്നകേസിലെ ഒന്നും മൂന്നും നാലും പ്രതികളായ കേപ്പൻ അനിക്കും ശോഭാ ജോണിനും ചന്ദ്ര ബോസിനും പ്രൊഡക്ഷൻ വാറണ്ടയക്കാൻ കോടതി ഉത്തരവിട്ടു. മൂന്നു പ്രതികളെയും സെപ്റ്റംബർ 29 ന് ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.
2010 ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷം 2020 ൽ വിടുതൽ ഹർജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി. ശോഭാ ജോണും കേപ്പൻ അനിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് ബംഗ്‌ളുരുവിലടക്കം പെൺവാണിഭം നടത്തിയ ആലുവ വരാപ്പുഴ - വടക്കൻ പറവൂർ പീഡന കേസിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശിക്ഷാ തടവു പുള്ളികളായി നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
വിനീഷ് കൊലക്കേസിൽ വിചാരണ ഷെഡ്യൂൾ ചെയ്ത് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ശോഭ വിടുതൽ ഹർജിയുമായി എത്തിയത്. വിചാരണക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്താനിരിക്കെയാണ് വിടുതൽ ഹർജിയെന്ന അടവു തന്ത്രം ശോഭാ ജോൺ പുറത്തെടുത്തത്. 2010 ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച് 10 വർഷം പിന്നിട്ട ശേഷമാണ് വിടുതൽ ഹർജി സമർപ്പിച്ചത്.
തനിക്കെതിരായ പൊലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാലും തന്നെ ശിക്ഷിക്കാൻ തനിക്കെതിരെ നിയമ സാധുതയുള്ള തെളിവില്ലാത്തതിനാലും തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്നാണ് ശോഭയുടെ ഹർജിയിലെ ആവശ്യം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമുള്ള വിടുതൽ ഹർജിയിലാണ് സർക്കാർ നിലപാടറിയിക്കേണ്ടത്. 2015 മാർച്ച് 27 ന് വിചാരണ തുടങ്ങാനായി കോടതി കുറ്റം ചുമത്താനിരിക്കെ നാലാം പ്രതി ചന്ദ്രബോസും അഞ്ചാം പ്രതി അറപ്പു രതീഷും കോടതിയിൽ ഹാജരാകാതെ മുങ്ങി ഒളിവിൽ പോയി. തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ വേണ്ടി വന്ന കാലതാമസമാണ് വിചാരണ ആരംഭിക്കൽ വൈകിപ്പിച്ചത്.
കേരള പൊലീസിന്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനൽ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടിൽ കേപ്പൻ അനിയെന്ന അനിൽകുമാർ , ശാസ്തമംഗലം സ്വദേശി പൂക്കട രാജൻ എന്ന ടി. രാജേന്ദ്രൻ , ശോഭാ ജോൺ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമൽ , രാധാകൃഷ്ണൻ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾ. 2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ മുന്തിയ ഹോട്ടലുകൾ , മണൽ ലോറികൾ , ക്വാറി - മണ്ണ് മാഫിയ തുടങ്ങിയവരിൽ നിന്നും ഗുണ്ടാ പിരിവ് , കൂലിത്തല്ല് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയായിരുന്നു ആൽത്തറ വിനീഷ്.
ഇയാൾ തിരുവനന്തപുരം നഗരമധ്യത്തിലെ സിറ്റി പൊലീസ് കമീഷണറുടെ മുന്നിൽ കോടതി ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി ജാമ്യം ഒപ്പിട്ട് പുറത്തിറങ്ങിയ ഉടൻ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകൽ കമീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്‌ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥാനായിരുന്ന റാവുവിന്റെ കരിങ്കൽ മതിൽ ചാടിക്കടന്നെങ്കിലും ഗുണ്ടകൾ സംഘം ചേർന്ന് വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കമ്മീഷണറാഫീസിലെ ഒരു സർക്കിൾ ഇൻസ്‌പെക്ടറാണ് വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാക്ക് ഹോട്ടലിൽ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാൽ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാൻ പറ്റില്ലെന്നും കാഷ്യർ അറിയിച്ച ഉടൻ വാൾ കൊണ്ട് വെട്ടി വിനീഷ് കാഷ്യറുടെ കൈക്ക് മാരകമായി പരിക്കേൽപ്പിച്ച് ക്യാഷ് കൗണ്ടറിലെ ക്യാഷ് ബോക്‌സിൽ നിന്നും പണം പിടിച്ചു പറിച്ചു കൊണ്ടുപോയി.
നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തിൽ ചേർത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിച്ച് അവർക്ക് പുറത്തിറങ്ങാനാവാത്ത വിധം അവരെ തന്റെ വരുതിയിൽ നിർത്തുന്നതിൽ വിരുതനായിരുന്നു വിനീഷ്. നഗരത്തിൽ ശോഭാ ജോൺ' നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ബിസിനസ്സിൽ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭർത്താവ് കേപ്പൻ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതിൽ വിനീഷ് പ്രധാന പങ്കു വഹിച്ചതിലും നഗരത്തിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്.
വരാപ്പുഴയിലെയും വടക്കൻ പറവൂരിലെയും മൈനർ പെൺകുട്ടികളെ ബംഗ്‌ളുരുവിൽ അടക്കം കൊണ്ടുപോയി പെൺവാണിഭം നടത്തിയതിന് ചാർജ് ചെയ്യപ്പെട്ട പറവൂർ - വരാപ്പുഴ പീഡനക്കേസുകളിൽ 18 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും കേപ്പൻ അനിയും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. പീഡനക്കേസിൽ സിനിമാ താരം ബെച്ചു റഹ്മാൻ ശോഭയുടെ കൂട്ടു പ്രതിയാണ്. 30 പീഡന കേസുകളിൽ ഇനിയും വിചാരണ നടക്കേണ്ടതായിട്ടുണ്ട്.