കണ്ണുർ: കെ കെ ശൈലജ ടീച്ചർക്ക് കരുത്ത് പകർന്നത് പാർട്ടിയും എൽ.ഡി എഫുമാണെന്ന് സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഇ.കെ നായനാർ പതിനേഴാം ചരമദിനാചരണത്തിന്റെ ഭാഗമായി നായനാർ അക്കാദമിയിൽ കൊടിയുയർത്തി പുഷ്പാർച്ചന നടത്തിയതിനു ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശൈലജ ടീച്ചറുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പറയാത്ത വെളിപ്പെടുത്തലും എംവി ജയരാജൻ നടത്തി. അണികളെ ഈ വിഷയത്തിൽ ഒപ്പം നിർത്താനുള്ള വാക്കുകൾ.

2016ൽ ആരോഗ്യ മന്ത്രിയാകുമ്പോൾ ശൈലജ ടീച്ചറും പുതുമുഖമായിരുന്നു. അന്ന് പാർട്ടി ആരോഗ്യ വകുപ്പിന്റെ ചുമതലയേൽപ്പിച്ചപ്പോൾ അവർ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ പോയി കണ്ടു. തനിക്ക് ഭരണപരിചയമില്ലെന്നും ആരോഗ്യ വകുപ്പ് പോലുള്ള ഗൗരവമുള്ള വകുപ്പ് തന്നിൽ നിന്നും മാറ്റി തരണമെന്ന് പറഞ്ഞു. എന്നാൽ ടീച്ചർ ധൈര്യമായി ഭരിച്ചോളൂ. പാർട്ടിയും എൽ.ഡി.എഫും ജനങ്ങളും കൂടെയുണ്ടെന്ന് പറഞ്ഞു അവർക്ക് ധൈര്യം നൽകി കോടിയേരി മടക്കുകയാണ് ചെയ്തത്-ജയരാജൻ പറഞ്ഞു.

പിന്നീടവർ ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയിൽ കഴിവു തെളിയിച്ചു.കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ഒഴിവാക്കപ്പെട്ടവരെല്ലാം കഴിവ് തെളിയിച്ചവരാണ് മന്ത്രിസഭയുടെ കൂട്ടായ മികവാണ് ഭരണ തുടർച്ചയുണ്ടാക്കുന്നത്.ശൈലജ ടീച്ചർ മാത്രമല്ല ഇ.പി.ജയരാജനും ടി.പി രാമകൃഷ്ണനും എം.എം മണിയും ജലീലുമൊക്കെ ഇതിൽ ഉൾപ്പെടും. പാർട്ടിയും ജനങ്ങളും നൽകിയ കരുത്താണ് അവരെ മികവ് തെളിയിക്കാൻ പ്രേരിപ്പിച്ചത് ഇത്തരത്തിൽ പുതുമുഖങ്ങളെ കൊണ്ടുവരാൻ എൽ.ഡി.എഫിന് മാത്രമേ കഴിയു-ജയരാജൻ പറയുന്നു.

ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ചയായി സോഷ്യൽ മീഡിയയിൽ മാറുകയാണ്. സിപിഎം സംസ്ഥാന സമിതിയിൽ ജയരാജനും മന്ത്രിക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇതിനിടെ പിജെ ആർമിയും വിമർശനവുമായി എത്തി. കണ്ണൂരിലെ അണികളിൽ വ്യാപക അസംതൃപ്തി ഇക്കാര്യത്തിലുണ്ട്. ഇത് മറ്റാനാണ് പഴയ കഥയെന്ന തരത്തിൽ ശൈലജ വിഷയത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി നിലപാട് വിശദീകരിക്കുന്നത്. തീരുമാനം പാർട്ടി മാറ്റില്ലെന്ന സൂചന സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും നൽകിയിട്ടുണ്ട്.

കോൺഗ്രസിലെ കുടുംബാധിപത്യം ചർച്ചയാക്കാനും എംവി ജയരാജൻ ശ്രമിക്കുന്നു. കോൺഗ്രസിൽ ഉമ്മൻ ചാണ്ടി തന്നെയാണ് സ്ഥിരമായുള്ളത്. ഉമ്മൻ ചാണ്ടി സ്ഥാനമൊഴിയുമ്പോൾ ചാണ്ടി ഉമ്മനാണ് വരിക, മുസ്ലിം ലീഗിൽ പി കെ കുഞ്ഞാലികുട്ടിക്ക് പകരം മറ്റാരു വരുമെന്ന് അവർക്കറിയില്ല. എന്നാൽ പുതുമുഖങ്ങൾക്ക് ഇത്രമാത്രം അവസരം കൊടുക്കാൻ എൽ.ഡി.എഫിന് മാത്രമെ കഴിയു. ചരിത്രത്തിലാദ്യമായി മൂന്ന് വനിതകളും മന്ത്രിസഭയിലുണ്ട്. പുതുമുഖങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും അവർ പാർട്ടി പ്രവർത്തനം നൽകിയ അനുഭവ കരുത്തിൽ അവർ കഴിവു തെളിയിക്കുമെന്നും ജയരാജൻ പറഞ്ഞു

1957 ൽ ബാലറ്റിലൂടെ കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ മന്ത്രിസഭയെ നയിച്ച ഇ.എം.എസ് പുതുമുഖമായിരുന്നുവെന്നും എൺപതുകളിൽ മുഖ്യമന്ത്രിയായ ഇ.കെ നായനാരും പുതുമുഖമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. വ്യക്തി താൽപ്പര്യങ്ങൾക്കു മീതെ പാർട്ടിയെ സർവ്വ സമായി കണ്ട നേതാവായിരുന്നു നായനാരെന്നും അദ്ദേഹത്തിന് എല്ലാം പാർട്ടിയായിരുന്നുവെന്നും ജയരാജൻ അനുസ്മരിച്ചു. അങ്ങനെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ അണികൾ നിരാശരാകേണ്ടെന്ന് പറയുകയാണ് ജയരാജൻ.

അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിർത്താൻ പാർട്ടി തീരുമാനിക്കുകയായിരുന്നു പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചർക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. അതാകട്ടെ തീർത്തും അപ്രതീക്ഷിതവും. ശൈലജ ഒഴികെ എല്ലാവരും മാറട്ടെ എന്നതിൽ നിന്ന് ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു.

ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. രണ്ടാം പിണറായി സർക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാർട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു.