- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന് ചില കാര്യങ്ങൾ ഒളിക്കാനുള്ളതുകൊണ്ടാണ് മൃതദേഹം കാണിക്കാത്തതെന്ന് സിദ്ദീഖ്; വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് വിവാദത്തിൽ
കോഴിക്കോട്: വയനാട്ടിൽ ഇന്നലെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് സമീപത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച കെപിസിസി വൈസ്പ്രസിഡണ്ട് ടി സിദ്ദീഖ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പ്രവീൺകുമാർ,എൻ.സുബ്രഹ്മണ്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് എംപി എംകെ രാഘവനും സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തെയും മൃതദേഹം കാണിച്ചില്ല. അറസ്റ്റിന് തയ്യാറാകാതിരുന്ന നേതാക്കളെ പൊലീസ് വലിച്ചിഴച്ചെന്നും ആക്ഷേപമുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുഗന്റെ മൃതദേഹം കാണാനും അദ്ദേഹത്തിന്റെ കുടുംബത്തെ കാണാനുമാണ് തങ്ങൾ വന്നതെന്ന് ടി സിദ്ദീഖ് പറഞ്ഞു. പൊലീസിന് ചില കാര്യങ്ങൾ ഒളിക്കാനുള്ളതുകൊണ്ടാണ് തങ്ങളെ മൃതദേഹം കാണിക്കാത്തതെന്നും ടി സിദ്ദീഖ് പറഞ്ഞുയ അടിയന്തിരാവസ്ഥക്ക് സമാനമായ സംഭവങ്ങളാണ് നടക്കുന്നതെന്ന് കോഴിക്കോട് എംപി എംകെ രാഘവൻ പറഞ്ഞു.
അതേ സമയം മൃതദേഹം കാണാൻ വേൽമുരുഗന്റെ ബന്ധുക്കൾക്ക് അനുമതി നൽകിയിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിയാണ് വേൽമുരുഗന്റെ ബന്ധുക്കൾ മൃതദേഹം കണ്ടത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. ഇന്നലെയാണ് വയനാട്ടിൽ മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുകൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. വയനാട് പടിഞ്ഞാറത്താറയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
തമിഴ്നാട് തേനി പെരിയകുളം അണ്ണാനഗർ കോളനി സ്വദേശി 32കാരനായ വേൽമുരുഗൻ എന്ന ആസാദാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകനെന്ന് പൊലീസ് അറിയിച്ചിരുന്നു. മധുരയിലെ കോളേജിൽ രണ്ടുവർഷം നിയമപഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വേൽമുരുഗൻ.