- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും? എത്ര കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും? എത്ര പേരെ പുനരധിവസിപ്പിക്കേണ്ടി വരും? എത്ര പേർക്ക് പകരം വരുമാന മാർഗം ഉറപ്പാക്കേണ്ടിവരും? കണ്ണൂരിലെ പഠനം നൂറു ദിന കർമ്മ പദ്ധതി; മറ്റ് ജില്ലകളിലും സാമൂഹിക ആഘാത പഠനം ഉടൻ; സിൽവർ ലൈനിന് കണ്ണൂരിൽ സൂപ്പർ സ്പീഡ്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹിക ആഘാത പഠനം 11 ജില്ലകളിലും ഒരു മാസത്തിനുള്ളിൽ ആരംഭിക്കും. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പദ്ധതിക്കു ഭൂമിയേറ്റെടുക്കുന്നതിന് 20.50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കുന്നതിനായി അധിക തുക നൽകണമെന്ന കെ റെയിൽ എംഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു വീണ്ടും തുക അനുവദിച്ചത്.
സാമൂഹിക ആഘാത പഠനത്തിനു വേണ്ടിയാണ് കല്ലിടൽ നടത്തുന്നത്. മറ്റു ജില്ലകളിലും നടപടികൾ അതിവേഗം പൂർത്തീകരിക്കാനാണ് സർക്കാർ നിർദ്ദേശം. മേയിൽ 11 ജില്ലകളിലെയും സാമൂഹികാഘാത പഠനം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങും. അതിവേഗ നിർമ്മാണമാണ് ലക്ഷ്യം. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകും മുമ്പ് അതിവേഗ തീവണ്ടി എത്തുമെന്നാണ് സർക്കാർ നൽകുന്ന സൂചന. ഇതിന് വേണ്ടി തടസ്സങ്ങളെല്ലാം മാറ്റും.
സർക്കാരിന്റെ എല്ലാ വൻകിട പദ്ധതികൾക്കും തടസ്സമാകുന്നത് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ്. എന്നാൽ, സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാുംം. ഭൂമി നഷ്ടപ്പെടുമെന്ന ഭയം കാരണം ഇപ്പോൾ ഉയർന്നിട്ടുള്ള പ്രതിഷേധങ്ങൾ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. പരമാവധി നല്ല നഷ്ടപരിഹാരം നൽകും. എല്ലാ മാനദണ്ഡങ്ങളും അപ്രസക്തമാക്കിയാകും ഇത്. അങ്ങനെ ആളുകളുടെ എതിർപ്പ് കുറയ്ക്കും.
സാമൂഹികാഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നഷ്ടപരിഹാര പാക്കേജ് നിശ്ചയിക്കുക. അതിനാൽ ഈ പഠനത്തിനു പിന്നാലെ പ്രതിഷേധങ്ങൾ ഒരു പരിധിവരെയെങ്കിലും തണുപ്പിക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും, എത്ര കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും, എത്ര പേരെ പുനരധിവസിപ്പിക്കേണ്ടി വരും, എത്ര പേർക്ക് പകരം വരുമാന മാർഗം ഉറപ്പാക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങളാണ് സാമൂഹികാഘാത പഠനത്തിലൂടെ കണ്ടെത്തുക.
അന്തിമ പരിസ്ഥിതി ആഘാത പഠനം ഇപ്പോൾ പുരോഗമിക്കുകയാണ്. 6 മാസത്തിനുള്ളിൽ റിപ്പോർട്ട് സർക്കാരിനു കൈമാറും. പഠനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച കണ്ണൂർ ജില്ലയിൽ മുഴപ്പലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി. വളപട്ടണം, കുഞ്ഞിമംഗലം, മടായി, പയ്യന്നൂർ, ധർമടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട്, ഏഴോം പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിൽ.
റെയിൽവെയുമായി സംയുക്ത പരിശോധന തുടങ്ങിയതിനു പിന്നാലെയാണ് കണ്ണൂരിലെ 22 വില്ലേജിൽ സാമൂഹികാഘാത പഠനം നടത്താൻ വിജ്ഞാപനമാകുന്നത്. കോട്ടയം മുള്ളങ്കുഴി വൊളണ്ടറി ഹെൽത്ത് സർവീസസിന്റെ പഠനം നൂറുദിവസത്തിനകം പൂർത്തിയാക്കും. സിൽവർ ലൈന് 196 ഹെക്ടർ ഭൂമിയാണ് കണ്ണൂരിൽ ഏറ്റെടുക്കുക. ന്യൂമാഹി മുതൽ പയ്യന്നൂർവരെ 63 കിലോമീറ്ററാണ് പാത. പള്ളിക്കുന്നുമുതൽ പയ്യന്നൂർവരെയുള്ള വില്ലേജുകളിൽ സർവേ കല്ലിടൽ പൂർത്തിയായി. കണ്ണൂർ മുതൽ മയ്യഴിവരെയുള്ള ഭാഗത്ത് നടപടി തുടങ്ങി. പദ്ധതിയുടെ ഭാഗമായി സിആർസെഡ് സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ