- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈനിന്റെ മൂന്ന് സ്റ്റേഷനുകൾ പണിയേണ്ടത് വെള്ളക്കെട്ടിൽ; മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങൾ അപകടകരമായ വിധത്തിൽ പ്രളയ സാധ്യതാ പ്രദേശങ്ങളും; പൊളിക്കേണ്ട ഏതാണ്ട് 11,000 കെട്ടിടങ്ങൾ; ഡിപിആർ പുറത്തുവരുമ്പോൾ തെളിയുന്നത് കൂടുതൽ ആശങ്കകൾ
തിരുവനന്തപുരം: സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്തുവരുമ്പോൾ കൂടുതൽ ആശങ്കകളും ഉയരുന്നു. സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കൊല്ലം, കോട്ടയം, തൃശൂർ സ്റ്റേഷനുകൾ വെള്ളക്കെട്ടുള്ള ഭൂമിയിലാണെന്ന് വിശദ പദ്ധതി രേഖ(ഡിപിആർ)യിൽ വ്യക്തമാക്കുന്നു. ഇത് പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയ്ക്ക് ഇട നൽകുന്നതാണ്. എങ്ങനെയാണ് വെള്ളക്കെട്ടുള്ള ഈ പ്രദേശങ്ങളിൽ നിർമ്മാണം നടത്തുക എന്ന കാര്യത്തിൽ ഡിപിആറിൽ കാര്യമായ വ്യക്തതയില്ല.
7 സ്റ്റേഷനുകൾ സ്വകാര്യ ഭൂമിയിലായിരിക്കും. അതിനു മാത്രം 246 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും കൊല്ലത്ത് 24 ഹെക്ടറും കാസർകോട് 20 ഹെക്ടറും സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും പരാമർശമുണ്ട്. സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയ സാധ്യതാ പ്രദേശങ്ങളിലൂടെയാണെന്നാണ് ഡിപിആർ പറയുന്നത്. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കം ഉണ്ടായാൽ കെ-റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും, കാസർകോട് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ പറയുന്നു.
സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആശങ്ക പരിസ്ഥിതി പ്രശ്നത്തിലായിരുന്നു. അതിവേഗ പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് വിലയിരുത്തുമ്പോഴും ചില സംശയങ്ങളും ആശങ്കയും മുന്നറിയിപ്പും കൂടി നൽകുന്നു. പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ 164 സ്ഥലങ്ങൾ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതിൽ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേസങ്ങൾ തീർത്തും അപകടരമണെന്ന് പഠനത്തിൽ തെളിഞ്ഞത്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. കൊല്ലം സ്റ്റേഷനും യാർഡും പ്രളയം വന്നാൽ മുങ്ങാൻ സാധ്യതയേറെയാണ്.
കാസർക്കോട് യാർഡിനും സമാനഭീഷണിയുണ്ട്. കൊല്ലത്ത് അയത്തിൽ തോട് തന്നെ വഴി തിരിച്ചുവിടണമെന്നാണ് നിർദ്ദേശം. കാസർക്കോട് സോയിൽ പൈപ്പിങ് മേഖലയിലൂടെയും പാത പോോകുന്നു. എംബാങ്ക്മെന്റ് അഥവാ തറ നിരപ്പിൽ നിന്നും ഉയർത്തിക്കെട്ടുന്ന 293 മീറ്റ ദൂരത്തില പാത നീർമ്മാണത്തിലെ ആശങ്കയും ഡിപിആർ പങ്ക് വെക്കുന്നു. നിർമ്മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പക്ഷെ നിർമ്മാണം തീർന്നാൽ പ്രശ്നമില്ലെന്നാണ് അവകാശവാദം. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും സിൽവർ ലൈനും കനത്ത ഭീഷണിയാണെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തിൽ നിന്നുള്ള നിഗമനം.
സെന്റർ ഫോർ എൻിവിറോൺമെന്റ് ആൻഡ് ഡെവലപ്മെന്റാണ് പാരിസ്ഥിതിക പഠനം നടത്തിയത്. വിശദമായല്ല ഈ പഠനം എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സാമൂഹ്യാഘാത പഠനം പ്രധാനമാണെന്നിരിക്കെ ഈ റിപ്പോർട്ട് ഡിപിആറിളെ ആശങ്കകളും പരിഹരിക്കണമെന്നുമുള്ള ആവശ്യവും ഇനി ഉയരും.
47 വർഷത്തെ ടിക്കറ്റ് വരുമാനം 81.139 കോടി
വൻതുക ചെലവാക്കുന്ന കെ റെയിൽ അരപതിറ്റാണ്ടു കാലത്തേക്ക് ലാഭരകരമാകില്ലെന്നാണ ഡിപിആർ സൂചിപ്പിക്കുന്നത്. സിൽവർലൈൻ പദ്ധതി യാഥാർഥ്യമായി 47 വർഷമാകുമ്പോൾ ടിക്കറ്റ് വരുമാനത്തിലൂടെ 81.139 കോടി രൂപ വരുമാനം ലഭിക്കും. 2025 ൽ 22.76 കോടിയേ ലഭിക്കുകയുള്ളൂ. 2032 മുതൽ ഇത് കൂടും. 2061ൽ വരുമാനം 42.476 കോടിയാകുമെന്നും ഡിപിആറിൽ പറയുന്നു. 2025ൽ യാത്രക്കാരുടെ എണ്ണം 79,930 മാത്രമായിരിക്കും. എന്നാൽ 2052 ൽ 1,58,946 ആകും.
ഒരു ദിവസം 18 സർവീസുകളാണു നടത്തുക. ഒരു ട്രെയിനിൽ 675 യാത്രക്കാർ ഉണ്ടാകും. കഴക്കൂട്ടം, കൊല്ലം, പഴങ്ങനാട്, മൂരിയാട്, കാസർകോട് എന്നിവിടങ്ങളിൽ ട്രക്കുകൾ കയറ്റാനും ഇറക്കാനുമുള്ള റോറോ ഡിപ്പോകൾ സജ്ജമാക്കും.സ്വകാര്യ പങ്കാളിത്തത്തോടെ സ്പെഷൽ ട്രെയിനുകളും വിനോദ സഞ്ചാരികൾക്കായി ട്രെയിനുകളും ഓടിക്കും. പദ്ധതി നടപ്പാക്കുമ്പോൾ പൊളിക്കേണ്ട ഏതാണ്ട് 11,000 കെട്ടിടങ്ങളുടെ വിശദമായ കണക്കും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 620 പേജുള്ള സാധ്യതാ പഠനവും ഇതിലുണ്ട്. പദ്ധതി യാഥാർഥ്യമാകുമ്പോൾ കേരളത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്.
പദ്ധതി നടപ്പാക്കുമ്പോൾ അരലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നു ഡിപിആർ പറയുന്നു. സിൽവർ ലൈനിൽ 4900 ജീവനക്കാർ ഉണ്ടാകും. സ്ഥിരം ജീവനക്കാർക്ക് 8 ലക്ഷം രൂപയാണു വാർഷിക ശമ്പള ഇനത്തിൽ ലഭിക്കുക. കൂടാതെ വാർഷിക വർധനയും ഉണ്ടാകുമെന്നും ഡിപിആറിൽ പറയുന്നു.
അർധഅതിവേഗ പാതയുടെ നിലവിലുള്ള അലൈന്മെന്റ് പ്രകാരം സാമൂഹ്യാഘാതപഠനത്തിനായി സ്ഥലം അളന്നുതിട്ടപ്പെടുത്തൽ തുടരും. കോടതി വിലക്കുള്ളതിനാൽ കെ- റെയിൽ എന്നെഴുതിയ കോൺക്രീറ്റ് തൂണുകൾ തൽക്കാലം ഉപയോഗിക്കില്ല. പകരം നേരത്തെ ശേഖരിച്ച പാറത്തൂണുകൾ ഉപയോഗിക്കും. 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് കെ- റെയിൽ അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ