- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈനിൽ പിടിവാശി വിട്ട് സർക്കാർ; ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും മാറ്റാൻ ഇനി 'ഓൺലൈൻ ജനസമക്ഷം'; മന്ത്രിമാരടക്കം പങ്കെടുക്കും; എതിർപ്പ് മറികടക്കാൻ 'പൗരപ്രമുഖരെ' വിട്ട് സാധാരണക്കാരിലേക്ക്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ പദ്ധതിയെക്കുറിച്ചു ജനങ്ങൾക്കുള്ള സംശയങ്ങളും ആശങ്കകളും മാറ്റുന്നതിന് ഓൺലൈൻ ജനസമക്ഷവുമായി സർക്കാർ സാധാരണക്കാരുടെ ഇടയിലേക്ക്. പൗരപ്രമുഖരെ മാത്രം ക്ഷണിച്ചു സിൽവർലൈൻ വിശദീകരണ പരിപാടി നടത്തിയെന്ന ചീത്തപ്പേരു മാറ്റാനാണ് സർക്കാരിന്റെ നീക്കം.
'ജനസമക്ഷം' എന്ന പേരിൽ ജില്ലകളിൽ നടത്തിയ വിശദീകരണ പരിപാടി ഓൺലൈനായി എല്ലാവർക്കും വേണ്ടി നടത്താനാണ് തീരുമാനം. കെറെയിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ജനസമക്ഷം' ഓൺലൈൻ വിശദീകരണ യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിലടക്കം കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും ജനകീയ സമരങ്ങൾക്ക് ലഭിച്ചിരുന്നു.
പദ്ധതിയെക്കുറിച്ചു ജനങ്ങൾക്കുള്ള സംശയങ്ങളും ആശങ്കകളും കെറെയിൽ നിർദേശിക്കുന്ന മാർഗങ്ങളിലൂടെ അറിയിക്കാം. വെബ്സൈറ്റ്, ഇമെയിൽ, സമൂഹ മാധ്യമങ്ങളിലെ കമന്റ് ബോക്സ്, ഫോൺ കോൾ, സർക്കാർ ഓഫിസുകളിലെ ഡ്രോപ് ബോക്സ് എന്നിവയെല്ലാം വഴി സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാം. കെ റെയിൽ ചുമതലപ്പെടുത്തുന്ന പ്രത്യേക ടീം ഇവ ക്രോഡീകരിച്ച് ഗൗരവമുള്ള ചോദ്യങ്ങൾ കൈമാറും.
അതേ സമയം സിൽവർലൈൻ പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയിൽ സംശയം പ്രകടിപ്പിച്ച് റെയിൽവേ മന്ത്രാലയം നേരത്തെ രംഗത്ത് എത്തിയിരുന്നു. പദ്ധതിക്ക് വേണ്ടിവരുന്ന 33700 കോടി രൂപയുടെ വായ്പ റെയിൽവേയുടെ കൂടി ഉത്തരവാദിത്വത്തിലേക്ക് വരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. കടം യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ വീട്ടാനാകില്ലെന്നും റെയിൽവേ സംശയം പ്രകടിപ്പിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിലാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്.
സിൽവർലൈൻ പദ്ധതിയുടെ സാങ്കേതിക പ്രായോഗികത സംബന്ധിച്ച് റെയിൽവേ മന്ത്രാലയം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണം നടത്തണം എന്ന ആവശ്യം മന്ത്രാലയം കെ-റെയിൽ അധികൃതരുടെ മുമ്പാകെ വെച്ചിരുന്നു. അതിനുശേഷമിപ്പോൾ സാമ്പത്തിക പ്രായോഗികത സംബന്ധിച്ചും ചില പ്രധാനപ്പെട്ട സംശങ്ങൾ മന്ത്രാലയം ഉന്നയിച്ചിരിക്കുകയാണ്.
63,941 കോടി രൂപയുടെ പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയിൽ സംശയം ഉണ്ടെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ കടബാധ്യത ഏറ്റെടുത്തുകൊള്ളാം എന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിക്ക് വേണ്ടിവരുന്ന 33700 കോടി രൂപയുടെ വായ്പ റെയിൽവേയുടെ കൂടി ഉത്തരവാദിത്വത്തിലേക്ക് വരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. അത് വീട്ടാൻ യാത്രക്കാരിൽനിന്നുള്ള വരുമാനത്തിലൂടെ കഴിയില്ലെന്നും മന്ത്രാലയം പറയുന്നു. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
200 കിലോമീറ്റർ ദൂരം റെയിൽവേ ട്രക്കിന് സമീപത്തുകൂടെയാണ് സിൽവർലൈൻ കടന്നുപോകുന്നത്. അവിടെ 15 മീറ്റർ വരെ റെയിൽവേ ഭൂമി ഉപയോഗിക്കേണ്ടിവരും. ഏകദേശം 185 ഹെക്റ്റർ റെയിൽവേ ഭൂമിയാണ് സിൽവർ ലൈൻ പദ്ധതിക്കായി വേണ്ടിവരിക. ഇത്തരത്തിൽ ഭൂമി സിൽവർലൈന് വേണ്ടി വിട്ടുകൊടുത്തുകഴിഞ്ഞാൽ റെയിൽവേയുടെ ഭാവി വികസനത്തെ ബാധിക്കുമെന്നും അവർ പറയുന്നു. ഭാവിയിൽ ഒരു റെയിൽവേ വികസനം ആവശ്യമായി വന്നാൽ ഭൂമി കണ്ടെത്താൻ ബുദ്ധിമുട്ടാകുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.
മൊത്തത്തിൽ പദ്ധതിക്ക് അനുകൂലമായ ഒരു പരാമർശവും ഈ മറുപടിയിൽ റെയിൽവേ മന്ത്രാലയം നടത്തുന്നില്ല. തത്വത്തിലുള്ള അനുമതി പദ്ധതിയുടെ വിശദമായ സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്നതി വേണ്ടി മാത്രമാണ്. പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികത പരിശോധിച്ചുകൊണ്ട് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ മാത്രമാണിതെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
മാസത്തിൽ രണ്ടുതവണ വീതം തത്സമയ വിശദീകരണ പരിപാടി നടത്തും. ഏതെല്ലാം ചോദ്യങ്ങൾക്കു മറുപടി പറയുമെന്നു മുൻകൂട്ടി ജനങ്ങളെ അറിയിക്കും. ജനസമക്ഷം ഓൺലൈൻ പരിപാടിയിൽ മന്ത്രിമാരോ, ഉദ്യോഗസ്ഥരോ, വിദഗ്ധരോ പങ്കെടുക്കും. എന്നാൽ നേരിട്ടു നടത്തിയ ജനസമക്ഷം പരിപാടി പോലെ സംവാദ രൂപം ഓൺലൈൻ പരിപാടിക്കുണ്ടാകില്ല. അടുത്തയാഴ്ച തന്നെ ആദ്യ പരിപാടി സംഘടിപ്പിക്കാനാണ് ആലോചന.
നേരിട്ടു നടത്തുന്ന വിശദീകരണ യോഗം കോഴിക്കോട്ടും കാസർകോട്ടും ബാക്കിയുണ്ട്. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാലാണ് ഇവ മാറ്റിവച്ചത്. ഇവ രണ്ടും അധികം വൈകാതെ നടത്തും. കോഴിക്കോട്ടെ പരിപാടിയിൽ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കെടുക്കണമെന്നു താൽപര്യമുണ്ട്. ഇതിനിടെ നിയമസഭാ വെബ്സൈറ്റ് വഴി പുറത്തുവന്ന ഡിപിആറിൽ സിൽവർ ലൈൻ പദ്ധതിയുടെ അലൈന്മെന്റ് പൂർണമല്ലെന്ന വിവാദത്തിൽ തങ്ങൾക്കു പങ്കില്ലെന്നു കെറെയിൽ അധികൃതർ വ്യക്തമാക്കി.
അൻവർ സാദത്ത് എംഎൽഎ നിയമസഭാ സ്പീക്കർക്കു നൽകിയ പരാതിയെത്തുടർന്നു മറുപടിയും ഡിപിആറും കൈമാറിയിരുന്നു. ഇതിൽ കോട്ടയം മുതൽ കാസർകോട് വരെയുള്ള അലൈന്മെന്റ് ഇല്ലായിരുന്നു. പദ്ധതിയുടെ മുഴുവൻ അലൈന്മെന്റുമുള്ള ഡിപിആർ ഫയലാണു നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആവശ്യത്തിനായി കൈമാറിയതെന്നും കെറെയിൽ അധികൃതർ വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ