- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോപ്പോഗ്രാഫിക്കൽ സർവേയും ഹൈഡ്രോഗ്രാഫിക് പഠനവും നടത്തിയില്ല; സിൽവർ ലൈൻ റെയിൽവേ പാതയ്ക്കായി നടന്നത് ലേസർ സർവേ മാത്രം; സ്റ്റേഷനുകളുടെ രൂപരേഖയും എസ്റ്റിമേറ്റ് തയ്യാറാക്കാതെ പദ്ധതി 64,000 കോടിയിൽ പൂർത്തിയാകുമെന്ന് വാദം; കെ-റെയിലിന്റെ അവകാശവാദം പൊളിയുമ്പോൾ
തിരുവനന്തപുരം: കാസർഗോഡ് - തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് (സിൽവർ ലൈൻ) വേണ്ടി സമഗ്ര പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കിയതു പ്രാരംഭ നടപടികൾ പൂർണമാക്കാതെയെന്ന് സൂചന. ലേസർ സർവേ മാത്രമാണു ഇതുവരെ നടത്തിയത്.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ നിർമ്മാണത്തിന് സ്റ്റേഷനുകളുടെ രൂപരേഖ, എസ്റ്റിമേറ്റ് എന്നിവയും ഇതുവരെ തയാറാക്കിയിട്ടില്ല. പത്തു സ്റ്റേഷനുകളുടെ നിർമ്മാണത്തിനു പ്ലാൻ തയാറാക്കുന്നതിനു ടെൻഡർ ക്ഷണിച്ചത് ഏതാനും ദിവസം മുമ്പാണ്. പദ്ധതി പൂർത്തിയാകുമ്പോൾ 1,30,000 കോടി രൂപ ചെലവാകുമെന്ന നിതി ആയോഗിന്റെ നിഗമനം ശരിയാണെന്നു വ്യക്തമാക്കുന്ന കാര്യങ്ങളാണു പുറത്തുവരുന്നത്.
ഇതോടെ, 64,000 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാകുമെന്നുള്ള കെ-റെയിൽ അധികൃതരുടെ വാദം പൊള്ളയാണെന്നും വ്യക്തമായി. സ്വന്തം പദ്ധതിയെന്നു വരുത്തിത്തീർത്ത് മേനി നടിക്കാനുള്ള സർക്കാർ ശ്രമങ്ങൾ സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.
പദ്ധതിക്കായി വിവിധ പ്രദേശങ്ങളിൽ പാതയുടെയും നിലവിലുള്ള കെട്ടിടങ്ങളുടെയും മലനിരകളുടെയും ഉയരം കണക്കാക്കുന്നതിനുള്ള ടോപ്പോഗ്രാഫിക്കൽ സർവേ നടത്തിയിട്ടില്ല. പദ്ധതി മേഖലയിലെ ജലനിരപ്പ്, ജലാശയങ്ങൾക്കു മുകളിലൂടെയുള്ള പാലം, എലിവേറ്റഡ് പാലം, മണ്ണിന്റെ ഘടന, അടിത്തറ നിർമ്മാണത്തെപ്പറ്റിയുള്ള വിലയിരുത്തൽ എന്നിവ കണക്കാക്കാനുള്ള ഹൈഡ്രോഗ്രാഫിക് പഠനവും നടത്തിയില്ല. ഈ സർവേകൾ നടത്താൻ ടെൻഡർ ക്ഷണിച്ചതു കഴിഞ്ഞയാഴ്ചയാണ്.
മറ്റു സംസ്ഥാനങ്ങളിൽ അതിവേഗ, അർധ അതിവേഗ പാതകളുടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷനാണു നടത്തുന്നത്. സിൽവർ ലൈൻ പദ്ധതിയാകട്ടെ, റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരളാ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചുമതലയിലാണ്. റെയിൽവേയുടെ സമ്മതവും കേന്ദ്ര സഹായവും ലക്ഷ്യമിട്ടാണ് ഇതു ചെയ്തത്. എന്നാൽ ബജറ്റ് പദ്ധതിയല്ലാത്തതിനാൽ കേരളം ഉദ്ദേശിക്കുന്നത്ര പണം കേന്ദ്രത്തിൽനിന്നു ലഭിക്കില്ലെന്നു വ്യക്തമായിട്ടുണ്ട്.
കാസർഗോഡ് മുതൽ കൊച്ചുവേളി വരെ 532 കി.മീ. ദൈർഘ്യമുള്ള സെമി ഹൈ സ്പീഡ് റെയിൽ ഇടനാഴിയാണു സിൽവർ ലൈൻ. ഇരട്ടപ്പാതയ്ക്ക് 56,443 കോടി രൂപയാണ് ആദ്യം ചെലവ് കണക്കാട്ടിയത്. വിശദമായ പദ്ധതിരേഖ തയാറാക്കിയപ്പോൾ പ്രതീക്ഷിക്കുന്ന ചെലവ് 63,941 കോടിയായി. ഈ വർഷം തുടക്കമിട്ട് അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കുകയാണു ലക്ഷ്യം. പദ്ധതിച്ചെലവിന്റെ 52 ശതമാനം വായ്പയായി കണ്ടെത്താനായിരുന്നു നിർദ്ദേശം.
തിരുവനന്തപുരം മുതൽ തൃശൂർ വരെ നിലവിലുള്ള റെയിൽപ്പാതയിൽനിന്നു മാറിയാണ് റെയിൽ ഇടനാഴി നിർമ്മിക്കുക. തൃശൂർ മുതൽ കാസർഗോഡ് വരെ നിലവിലുള്ള പാതയ്ക്കു സമാന്തരമായിരിക്കും ഇടനാഴി. ഓരോ 500 മീറ്ററിലും ക്രോസിങ് സൗകര്യമുണ്ടാകും. പാരീസിലെ സിസ്ട്ര ജിസിയാണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ്-തിരുവനന്തപുരം യാത്രാസമയം 4 മണിക്കൂറിൽ താഴെയാകും.
എതിർപ്പുകൾ കണക്കിലെടുത്ത് പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കി അലൈന്മെന്റ് പുതുക്കി നിശ്ചയിച്ചു. പലേടത്തും ആദ്യം നിശ്ചയിച്ചിരുന്നതിൽനിന്ന് 10 മുതൽ 50 മീറ്റർ വരെ മാറ്റമുണ്ട്. ഒരു ട്രെയിനിൽ 675 യാത്രക്കാർക്കു കയറാനാകും. ബിസിനസ് ക്ലാസിൽ ഓരോ വശത്തും രണ്ടു സീറ്റ് വീതവും സ്റ്റാൻഡേഡ് ക്ലാസിൽ ഒരുവശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റുണ്ടാകും. വൈദ്യുതി ഉപയോഗിച്ചാണ് ഓടുന്നത്. കെ.എസ്.ഇ.ബിയിൽനിന്നുള്ളതിനു പുറമേ സൗരോർജ യൂണിറ്റുകളിൽനിന്നു വൈദ്യുതി ലക്ഷ്യമിടുന്നു.
പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽനിന്നു ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വായ്പയെടുക്കുന്നതിനാണ് ഭരണാനുമതി നൽകാൻ തീരുമാനിച്ചത്.
ഒരു പതിറ്റാണ്ട് മുമ്പ് രൂപകൽപ്പന ചെയ്തതാണു സിൽവർ ലൈൻ പദ്ധതി. സെമി അതിവേഗ ട്രെയിനുകൾ ഓടിച്ച് സംസ്ഥാനത്തെ പ്രധാന ജില്ലകളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കാനുള്ള ആശയമാണിത്. പദ്ധതി സാമ്പത്തികമായി നഷ്ടമുണ്ടാക്കില്ലെന്നാണ് ഇതു സംബന്ധിച്ച വിവിധ ഗവേഷണ ഏജൻസികളുടെ പ്രാഥമിക സാധ്യതാ പഠനങ്ങളും സർവേകളും ചൂണ്ടിക്കാണിക്കുന്നത്.
14 ജില്ലകളിൽ പതിനൊന്നിലൂടെയും ഇടനാഴി കടന്നുപോകും. കൊച്ചുവേളി കഴിഞ്ഞാൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് സ്റ്റേഷനുകളാണു വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളുമായി ഇടനാഴി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ, 2024 ഓടെ പദ്ധതി കമ്മിഷൻ ചെയ്യുമെന്നുമാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ