തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ പ്രചാരണങ്ങൾക്ക് തടയിടാനും ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാനും ലക്ഷ്യമിട്ട് വിശദീകരണ യോഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. അർധ അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച വിവാദങ്ങളും പ്രതിഷേധങ്ങളും കടുക്കുന്നതിനിടെയാണ് പ്രതിരോധത്തിന് മുഖ്യമന്ത്രി നേരിട്ട് രംഗത്ത് ഇറങ്ങുന്നത്.

പദ്ധതിയിലൂടെ സംസ്ഥാനത്ത് ഉണ്ടാക്കുന്ന വികസന കുതിപ്പ് നേരിട്ട് വിശദീകരിക്കാനാണ് മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തുന്നത്. ഇതിന്റെ ആദ്യ ചുവടായി തിരുവനന്തപുരത്ത് വിശദീകരണ യോഗം സംഘടിപ്പിക്കും. ജനുവരി നാലിനു രാവിലെ 11ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് യോഗം. ജില്ലാ തലങ്ങളിൽ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.

യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.കാസർകോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ട് യാത്രചെയ്യാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണു സിൽവർ ലൈനിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്.

സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെ-റെയിൽ) എന്ന കമ്പനിയാണു പദ്ധതിയുടെ നിർമ്മാണം നടത്തുക. നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. നിർമ്മാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനായാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം ചേരുന്നത്.

സിൽവർ ലൈൻ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിനുള്ളിലെ വിവിധയിടങ്ങൾ തമ്മിലുള്ള യാത്രാ സമയം നാലിലൊന്നായി ചുരുങ്ങും. ഇത് കേരളത്തിന്റെ വ്യവസായ, സാങ്കേതിക, ടൂറിസം തുടങ്ങി സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റമുണ്ടാക്കും. കൊച്ചി എയർപോർട്ടിലേതടക്കം 11 സ്റ്റേഷനുകളാകും അർധ അതിവേഗ പാതയിൽ ഉണ്ടാകുക. കൊച്ചിയിൽ നിന്ന് ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താനാകും. നിലവിൽ കാറിൽപ്പോലും ചുരുങ്ങിയതു നാലു മണിക്കൂർ വേണ്ടിടത്താണ് ഇത്. 529.45 കിലോമീറ്ററാണ് പാതയുടെ ആകെ നീളം.

സ്റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കുന്ന പാതയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും. 63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ പുനരധിവാസത്തിനുൾപ്പെടെ 1,383 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരുന്നത്. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. നിർദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധാനാലയങ്ങളേയും പാടങ്ങളേയും കാവുകളേയും പരമാവധി ബാധിക്കാത്ത രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

അതിനാൽത്തന്നെ വീടുകൾ ഉൾപ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണു പദ്ധതി ബാധിക്കുന്നത്. ഇതു പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികളിലാണു സർക്കാർ.സ്ഥലം ഏറ്റെടുപ്പിനായി 13,362 .32 കോടി രൂപയാണു കണക്കാക്കിയിരിക്കുന്നത്. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയുപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. പദ്ധതിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചുതന്നെ വായ്പാ തിരിച്ചടവു സാധ്യമാകും വിധമാണു ഡി.പി.ആർ. തയാറാക്കിയിരിക്കുന്നത്. അഞ്ചു വർഷം കൊണ്ടു പൂർത്തിയാകത്തക്കവിധത്തിൽ ഫാസ്റ്റ് ട്രാക് അടിസ്ഥാനത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾക്ക് മറുപടി നൽകാൻ കൂടി ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ നീക്കം. ബിജെപിയും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീക്കം നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സർക്കാരിന്റെ വികസന പദ്ധതികളെ തടസപ്പെടുത്താനാണ് ഇത്തരം നീക്കങ്ങളെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

സിൽവർ ലൈൻ വിരുദ്ധ പ്രചാരണങ്ങൾക്ക് വീടുകയറി മറുപടി സിപിഎം പ്രചാരണം നടത്തുന്നുണ്ട്. വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടെന്ന് ലഘുലേഖ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദം അടിസ്ഥാനരഹിതമെന്നും സിപിഎം. സിൽവർലൈൻ സമ്പൂർണ ഹരിതപദ്ധതിയാണ്. കൃഷിഭൂമിയെ ബാധിക്കില്ലെന്നും സിപിഎം വാദിക്കുന്നു.