തിരുവനന്തപുരം: രാഷ്ട്രീയ, പാരിസ്ഥിതിക എതിർപ്പുകൾ ശക്തമായി തുടരുന്നതിനിടെയാണ് സിൽവർലൈൻ പദ്ധതിയുടെ സമ്പൂർണ പദ്ധതി രേഖ സർക്കാർ പുറത്തുവിട്ടത്. 2025 - 26 സാമ്പത്തിക വർഷം കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ടാണ് പദ്ധതി. നിർമ്മാണ ഘട്ടത്തിൽ ഉണ്ടാവാനിടയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ഡിപിആർ എടുത്തു പറയുന്നുണ്ട്.

63,940 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,699 കോടി രൂപ വായ്പയെടുക്കും. ആകെ ചെലവിന്റെ പകുതിയിലേറെയും വായ്പയാണ്. സർക്കാരിനും റെയിൽവേയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്. സർക്കാർ ഭൂമിയേക്കാളും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും.

ആറ് വോള്യങ്ങളായി 3773 പേജുള്ളതാണ് വിശദമായ പദ്ധതി റിപ്പോർട്ട് . പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും ഡി.പി.ആറിലുണ്ട്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്.

ട്രാഫിക് സർവേ, ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും, ദേവാലയങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുന്നതാണ് രണ്ടര വർഷമെടുത്ത് തയ്യാറാക്കിയ ഡി.പി.ആർ.



620 പേജുള്ള സാധ്യതാ പഠനവും ഡി.പി.ആറിന്റെ ഭാഗമായുണ്ട്. പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് ഈ രൂപരേഖയിൽ പറയുന്നത്. 203 പേജുള്ളതാണ് ട്രാഫിക് സർവേ. പദ്ധതി നടപ്പിലാക്കിയതിലൂടെയുണ്ടാവുന്ന ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സർവേയിൽ ഉൾപ്പെടുന്നു.

സിൽവർലൈൻ നിർമ്മാണഘട്ടത്തിൽ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാമെന്നു ഡിപിആറിൽ മുന്നറിയിപ്പുണ്ട്. ഇത് ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാവും. പ്രവർത്തനം തുടങ്ങിയാൽ പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഡിപിആർ പറയുന്നു.

സർക്കാർ വെബ്‌സൈറ്റിന് പുറമേ, നിയമസഭയുടെ വെബ്‌സൈറ്റിലും ഡിപിആർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പൂർണ പദ്ധതിരേഖ പുറത്തുവിടാത്തതിനെതിരെ അൻവർ സാദത്ത് എംഎൽഎ അവകാശലംഘന നോട്ടിസ് നൽകിയതിന് പിന്നാലെയാണ് സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നടപടി.

2025 - 26ൽ പദ്ധതി കമ്മിഷൻ ചെയ്യും. ആറരലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഒരു ട്രെയിനിൽ ഒൻപതു കോച്ചുകളിലായി 675 പേർക്ക് യാത്ര ചെയ്യാം. യാത്രക്കാർക്ക് ബിസിനസ്, സ്റ്റാൻഡേഡ് എന്നീ രണ്ടു ക്ലാസുകളുണ്ടാകും. രാവിലെ അഞ്ചുമുതൽ രാത്രി 11 മണിവരെയാണ് ട്രെയിൻ സർവീസ്.



ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശേരി എയർപോർട്ടുമായി ബന്ധിപ്പിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തും. ട്രക്കുകൾ കൊണ്ടുപോവാൻ കൊങ്കൺ മാതൃകയിൽ റോറോ സർവീസ് ഉണ്ടാകും. ഒരുതവണ 480 ട്രക്കുകൾ കൊണ്ടുപോകാം. 30 മീറ്റർ പരിധിയിൽ മറ്റു നിർമ്മാണങ്ങളുണ്ടാകില്ല.

ആദ്യഘട്ട നിർമ്മാണം കൊച്ചുവേളി മുതൽ തൃശൂർ വരെയാണ്. രണ്ടാംഘട്ടം കാസർകോട് വരെയും. ഇതിന് ആകെ വേണ്ടത് 1383 ഹെക്ടർ ഭൂമിയാണ്. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയായിരിക്കും. 1198 ഹെക്ടർ സ്വകാര്യ സ്ഥലമായിരിക്കും.

974 പേജുള്ള ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടാണ് ഡി.പി.ആറിലെ പ്രധാനപ്പെട്ട ഭാഗം. 470 പേജുള്ള ട്രോപ്പോഫിക്കൽ സർവേയാണ് തുടർന്നുള്ളത്. സാമൂഹിക ആഘാത പഠനമാണ് മറ്റൊരു പ്രധാന ഭാഗം. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ഈ പഠനം നടത്തിയത്. ഡോ. ടി.ആർ വിനോദ് അധ്യക്ഷനായ വദഗ്ധ സംഘമാണ് സാമൂഹിക ആഘാത പഠനത്തിന് നേതൃത്വം നൽകിയത്.

സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശത്തെ മുഴുവൻ സസ്യജാലങ്ങൾക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകൾ ഇതിലുണ്ട്. 320 പേജാണ് ഈ പഠനം. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഫീസിബിൾ സ്റ്റഡി റിപ്പോർട്ടിൽ പറയുന്നത്. 620 പേജാണ് ഈ റിപ്പോർട്ട്.

ആദ്യഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നാലും പിന്നീട് ഇത് വർദ്ധിക്കുമെന്നും സാധ്യത പഠനത്തിൽ പറയുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള വർധനവ് ഉണ്ടാകും. കുറച്ച് വർഷങ്ങൾ കൊണ്ട് പദ്ധതി ലാഭത്തിലേക്ക് നീങ്ങും. കൊല്ലത്തായിരിക്കും ഏറ്റവും കൂടുതൽ ഭൂമി ഏറ്റൈടുക്കുക. സ്മാർട്ട് സിറ്റിക്കും ഇൻഫോ പാർക്കിനും സമീപത്തായിരിക്കും കൊച്ചിയിലെ സ്റ്റേഷൻ.



നേട്ടങ്ങൾ
താരതമ്യപഠനത്തിൽ മുന്നിൽ സിൽവർ ലൈനെന്ന് ഡിപിആർ

ഒരു കിലോമീറ്ററിൽ സിൽവർ ലൈനിന് വേണ്ടത് 2.4 ഹെക്ടർ

റോഡിനും റെയിൽപാത ഇരട്ടിപ്പിക്കാനും വേണ്ടത് ഒരു കി.മീറ്ററിൽ 6.1 ഹെക്ടർ

ആറുവരിപ്പാതയെങ്കിൽ വേണ്ടത് ഇതിന്റെ മൂന്നിരട്ടി

തിരൂർ കാസർകോട് ലൈൻ നിലവിലുള്ള റെയിൽപാളത്തിന് സമാന്തരം 

കൊച്ചി വിമാനത്താവളത്തിൽ ഉൾപ്പെടെ സ്റ്റേഷൻ ഭൂനിരപ്പിൽ

കോഴിക്കോട്ട് ഭൂഗർഭ സ്റ്റേഷൻ

കൊച്ചുവേളി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഭൂനിരപ്പിൽ നിന്ന് ഉയർന്ന്

കൊല്ലത്ത് വർക് ഷോപ്പ്, കാസർകോട്ട് പരിശോധനാകേന്ദ്രം

പരിസ്ഥിതി ആഘാത പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡി.പി.ആറിന്റെ പൂർണരൂപം പുറത്തുവിട്ടത്. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ-റെയിൽ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള കാര്യങ്ങൾ ഡി.പി.ആറിൽ വ്യക്തമാകുന്നുണ്ട്.



2025-26ലാണ് പദ്ധതി കമ്മിഷൻ ചെയ്യുക. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവരവും ഡി.പി.ആറിൽ വിശദീകരിക്കുന്നുണ്ട്. ട്രക്കുകൾ കൊണ്ടുപോകാൻ കൊങ്കൺ മാതൃകയിൽ റോറോ സർവിസ് ഉണ്ടാകും.

കെ- റെയിൽ ഡി.പി.ആർ പുറത്തുവിടാനാകില്ലെന്ന നിലപാടായിരുന്നു ഇത്രയും കാലം സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. കേന്ദ്ര സർക്കാറിന്റെ അംഗീകാരം കിട്ടിയ ശേഷമേ ഡി.പി.ആർ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നായിരുന്നു പറഞ്ഞിരുന്നത്.

സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ ഏതൊക്കെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് പറയാനാകൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡി.പി.ആറിലെ വിവരങ്ങൾ.

തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നും തുടങ്ങി കാസറഗോഡ് വരെ 530.6 കിലോ മീറ്റർ ദൂരത്തിൽ ഒരുങ്ങുന്ന പദ്ധതിക്കായി 1383 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരുമെന്നാണ് ഡിപിആർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 13 കിലോ മീറ്റർ ദൂരം പാത പാലങ്ങളിലൂടെയും 11 കിലോ മീറ്റർ തുരങ്കവും ഉൾപ്പെടുന്നു.

അവശ്യമായ ഭുമിയുടെ 1198 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ടി വരുമ്പോൾ 185 ഹെക്ടർ റെയിൽവേയുടെ ഭൂമിയിലൂടെയും കടന്നു പോവുന്നു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭൂമി ആവശ്യമായി വരിക. സിൽവർ ലൈനിന്റെ വർക്ക് ഷോപ്പും ജില്ലയിൽ തന്നെയായിരിക്കും.

പാത സജ്ജമാക്കുമ്പോൾ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം ആറ് കോടിയാണെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 20 മിനിറ്റ് ഇടവേളയിൽ 37 സർവീസുകൾ നടത്തുമെന്നാണ് ഡിപിആർ പറയുന്നത്. പ്രതിദിനം 80,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത് എന്നും ഡിപിആർ പറയുന്നു. പാതയുടെ ഇരുവശവും പ്രതിരോധ വേലികൾ കെട്ടി സുരക്ഷിതമാക്കിയായിരിക്കും പദ്ധതി ഒരുങ്ങുക. സിൽവൽ ലൈനിന് സ്റ്റാൻഡേർഡ് ഗേജ് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണെന്നും ഡിപിആർ വ്യക്തമാക്കുന്നു.