- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് മുൻ ചാമ്പ്യൻ സിമോണ ഹാലെപ്പ്; പിന്മാറ്റം റോം ഓപ്പണിനിടെ ഇടത് തുടയ്ക്കേറ്റ പരിക്ക് ഭേദമാകാൻ സമയമെടുക്കുന്നതിനാൽ
പാരിസ്: മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ സിമോണ ഹാലെപ്പ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പിന്മാറി. റോം ഓപ്പണിനിടെ ഇടത് തുടയ്ക്കേറ്റ പരിക്ക് കാരണമാണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയത്.
2018-ൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ റൊമാനിയൻ താരം ഈ വർഷത്തെ ടൂർണമെന്റിൽ നിന്നും പിന്മാറുന്നതായി വെള്ളിയാഴ്ചയാണ് അറിയിച്ചത്.
മെയ് 12-ന് റോം ഓപ്പണിനിടെ ആംഗലിക് കെർബറുമായുള്ള മത്സരത്തിനിടെയാണ് 29-കാരിയായ ഹാലെപ്പിന് പരിക്കേൽക്കുന്നത്.
പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നതിനാലാണ് താരം ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയത്.
നേരത്തെ തീരുമാനിച്ചതിനേക്കാൾ ഒരാഴ്ച കൂടി നീട്ടിയതോടെ മെയ് 30-നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. മെയ് 23 നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
കൂടുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടിയത്. 1000 പേർക്കായിരിക്കും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നൽകുക.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനംമൂലം മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. സ്പെയിനിന്റെ ഇതിഹാസ താരം റാഫേൽ നദാലാണ് അന്ന് പുരുഷ വിഭാഗത്തിൽ കിരീടം നേടിയത്.
കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പൺ കിരീടം നേടിക്കൊണ്ട് റെക്കോഡ് സ്വന്തമാക്കിയാണ് നദാൽ കളം വിട്ടത്. ഇത്തവണയും കിരീട സാധ്യത കൂടുതൽ കൽപ്പിക്കുന്നത് നദാലിനാണ്. ഇത്തവണ കിരീടം നേടിയാൽ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് നദാലിന് സ്വന്തമാകും. നിലവിൽ 20 കിരീടങ്ങളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സ്വിസ് ഇതിഹാസം റോജർ ഫെഡറർക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് നദാൽ.
കഴിഞ്ഞ വർഷം വനിതാ വിഭാഗത്തിൽ പോളണ്ടിന്റെ യുവതാരം ഇഗ സ്വിയാടെക്കാണ് കിരീടം നേടിയത്.
സ്പോർട്സ് ഡെസ്ക്