തിരുവനന്തപുരം: നിയമോപദേശം തേടാതെ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം വിനയായെന്ന വിലയിരുത്തലിൽ പിണറായി സർക്കാർ. അനുകൂല വിധിക്കു സാധ്യത വിരളമായ കേസിൽ 'റിസ്‌ക്' എടുക്കുകയായിരുന്നു സർക്കാർ. ഇത് തിരിച്ചടിയായി മാറുകയും ചെയ്തു.

സുപ്രീംകോടതിയെ സീപിക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി മാർച്ചിൽ ഹൈക്കോടതി തള്ളിയിരുന്നു. കേസ് അവസാനിപ്പിക്കാനുള്ള ആവശ്യം തള്ളിയ തിരുവനന്തപുരം സിജെഎം കോടതി നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. വിചാരണ കോടതി വിധിയിൽ ഇടപെടുന്നില്ലെന്നു ഹൈക്കോടതി അന്നു വ്യക്തമാക്കി.

സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ പരാതി പ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്ന വാദമുയർത്തിയാണു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതാണ് സുപ്രീംകോടതിയും തള്ളിയത്. അക്രമങ്ങൾക്ക് സഭയ്ക്കുള്ളിലും എംഎൽഎമാർക്ക് നിയമ പരിരക്ഷ ഉണ്ടാകില്ലെന്ന തലത്തിലേക്ക് സുപ്രീംകോടതി വിധി എത്തി. സഭയുടെ പരിരക്ഷകളിൽ മാറ്റം വരുത്തേണ്ടതിനെ കുറിച്ചും ആലോചനകൾ സജീമാണ്.

സുപ്രീം കോടതിയുടെ സമീപനം പ്രതികൂലമാണെന്നു തിരിച്ചറിഞ്ഞതോടെ കോടതിയുടെ അനുമതിയോടെ തന്നെ അപ്പീൽ പിൻവലിക്കാനുള്ള നിർദ്ദേശവും സർക്കാരിനു മുന്നിലുണ്ടായിരുന്നു. ഇനി സർക്കാരിനു പ്രോസിക്യൂട്ടറെ നിയമിച്ചു സ്വന്തം മന്ത്രിക്കും നേതാക്കൾക്കുമെതിരെ കോടതിയിൽ വാദിക്കേണ്ടി വരും. മന്ത്രിക്ക് നിരപാധിത്വം തെളിയിക്കാൻ സർക്കാരിനെതിരേയും. ഫലത്തിൽ കേസ് പിൻവലിക്കാൻ ഉന്നയിച്ച വാദങ്ങൾ വിചാരണയിൽ മറക്കേണ്ടി വരും. കേസ് നടത്തിപ്പിൽ ഒത്തുതീർപ്പുണ്ടായാൽ വീണ്ടും നിയമപോരാട്ടങ്ങൾക്കും സാധ്യതയുണ്ട്.

നിയമസഭയിലെ കയ്യാങ്കളിയിൽ 2,20,093 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണു കേസ്. സ്പീക്കറുടെ വേദിയിലെ കസേര, മൈക്ക്, ലൈറ്റ്, കംപ്യൂട്ടർ എന്നിവ നശിപ്പിച്ച വകയിലാണ് ഈ നഷ്ടം. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു നിയമസഭാ സെക്രട്ടറിയുടെ പരാതി. മരാമത്ത് വകുപ്പിന്റെ വിലയിരുത്തലിലാണ് അത് 2.2 ലക്ഷമായത്.