- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ നേതാക്കളുടെ പേരുപറയാൻ ഇഡി ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദം; പേരുപറയാൻ വിസമ്മതിച്ചതു കൊണ്ടാണ് അറസ്റ്റ്; ഇഡി പ്രചരിപ്പിക്കുന്നത് മുഴുവൻ നുണകൾ; സ്വപ്നയുമായുള്ള വാട്സാപ്പ് സന്ദേശത്തിന്റെ പേരിലും നുണപ്രചാരണം; ബാഗേജ് വിട്ടുകിട്ടാൻ താൻ ഒരുകസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടി; കോടതിയിൽ രേഖാമൂലം വിശദീകരിച്ചു എം.ശിവശങ്കർ
കൊച്ചി: രാഷ്ട്രീയനേതാക്കളുടെ പേരുപറയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത സമ്മർദ്ദമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ. പേര് പറയാൻ വിസമ്മതിച്ചതാണ് തന്നെ അറസ്റ്റ് ചെയ്യാൻ കാരണം. കോടതിയിൽ എഴുതി നൽകിയ വിശദീകരണത്തിലാണ് ശിവശങ്കറിന്റെ ആരോപണം. ഇഡി പുറത്തുവിട്ട വാട്‌സാപ് ചാറ്റുകളിൽ പകുതിയും നുണക്കഥകളെന്നും ശിവശങ്കർ ആരോപിച്ചു.
അന്വേഷണ ഏജൻസിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താൻ അതിന് ഇരയാവുകയാണെന്നും വിശദീകരണത്തിൽ ശിവശങ്കർ പറഞ്ഞു. അന്വേഷണ ഏജൻസിയായ ഇഡി നുണകളാണ് പ്രചരിപ്പിക്കുന്നത്. സ്വപ്നയുമായുള്ള വാട്ട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ എന്ന പേരിൽ നുണ പ്രചരിപ്പിച്ചു. ബാജേഗ് വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫിസറെ വിളിച്ചു എന്നതും നുണയാണ്. സ്വർണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ ഒരു കസ്റ്റംസ് ഓഫിസറെയും വിളിച്ചിട്ടില്ലെന്ന് ശിവശങ്കർ പറഞ്ഞു. സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കർ വിശദീകരണത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ലക്ഷ്യമെന്ന്, ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസിൽ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് അഭിഭാഷകൻ വാദിച്ചു.
സ്വർണക്കടത്തു കേസിലെ എൻഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകൾ. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. കാക്കനാട് ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ചു വരെയുള്ള സമയത്തിനിടെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഉച്ചയ്ക്കു ശേഷമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി കോടതിയിലെത്തിയത്.
കോവിഡ് സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി രാവിലെ തന്നെ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻഐഎയും കണ്ടെത്തിയ ചില വിവരങ്ങളിൽനിന്ന് വിരുദ്ധമായ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ഇഡി കോടതിയിൽ സമർപ്പിച്ചത്. ഇതു സംബന്ധിച്ച വിശദവിവരങ്ങളാണ് കസ്റ്റംസ് ശിവശങ്കറിൽ നിന്ന് ചോദിച്ചറിയുന്നത് എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ