ന്യൂഡൽഹി: ഖത്തറിലെ ഇന്ത്യൻ അംബാസിഡർ താലിബാൻ പ്രതിനിധിയുമായി നടത്തിയ ചർച്ചയുടെ പേരിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. നിലവിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ താലിബാനെ വിമർശിച്ചതിനു പിന്നാലെ അതേ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയുടെ വിമർശനം. 'നാണംകെട്ട കീഴടങ്ങൽ' എന്ന ഹാഷ്ടാഗോടെയായിരുന്നു പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റ്.

 

'ഈ ക്രമം നോക്കുക- അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ചർച്ച നടത്തുന്നു- ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ അഫ്ഗാനിസ്താനിലെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിൽ താലിബാനെ പരാമർശിക്കുന്നു- ഖത്തറിലെ ഇന്ത്യൻ അംബാസഡർ താലിബാൻ പ്രതിനിധിയുമായി ഇന്ത്യക്കാരുടെ സുരക്ഷിതമായ മടങ്ങിവരവിനെക്കുറിച്ച് ചർച്ച നടത്തുന്നു', പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റിൽ പറയുന്നു.