ന്യൂഡൽഹി: 'നമ്മൾ അദ്ദേഹത്തിന് നല്ലൊരു യാത്ര അയപ്പ് നൽകണം. പുഞ്ചിരിച്ച് കൊണ്ടുള്ള യാത്ര അയപ്പ്', കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ബ്രിഗേഡിയർ ലഖ് വീന്ദർ സിങ് ലിഡ്ഡറുടെ ഭാര്യ ഗീതിക ലിഡ്ഡറുടെ വാക്കുകൾ. രാവിലെ 16 കാരിയായ മകൾക്കൊപ്പം ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ പ്രിയതമന് വിട ചൊല്ലാൻ എത്തിയതായിരുന്നു ഗീതിക.

ദേശീയ പതാക പുതപ്പിച്ച് പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച ഭർത്താവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത പേടകത്തിന് അരികിൽ അവർ കണ്ണീരോടെ മുട്ടുകുത്തിയിരുന്നു. മകൾ ആഷ്‌നയും അമ്മയുടെ അരികിലുണ്ടായിരുന്നു. കണ്ണീരടക്കാൻ അവളും വല്ലാതെ പാടുപെട്ടു. കൈക്കുടന്നയിൽ കുറച്ചു റോസാ പുഷ്പങ്ങൾ അച്ഛന് വേണ്ടി.

'അദ്ദേഹത്തിന് സുന്ദരമായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നു. എത്ര പേരാണ് അദ്ദേഹത്തിന് വിട ചൊല്ലാൻ വന്നത് എന്ന് നിങ്ങൾ കണ്ടില്ലേ....അദ്ദേഹം ജീവിതത്തേക്കാൾ വലുതായിരുന്നു', സങ്കടം കൊണ്ട് ശബ്ദം ഇടറി ഗീതിക പറഞ്ഞു. പിന്നീട് ആത്മധൈര്യം വീണ്ടെടുത്ത് ധീരതയോടെ പറഞ്ഞു: ' ഞാനൊരു സൈനികന്റെ ഭാര്യയാണ്. അതിൽ അഭിമാനമുണ്ട് അതിനേക്കാളേറെ സങ്കടമുണ്ട്. ജീവിതം ഇനിയും വളരെ ദീർഘമാണ്. ഇതാണ് ദൈവം ആഗ്രഹിക്കുന്നതങ്കിൽ ഈ നഷ്ടവും പേറി ഞങ്ങൾ ജീവിക്കും. എന്നാൽ, ഇങ്ങനെയായിരുന്നില്ല അദ്ദേഹത്തെ ഞങ്ങൾക്ക് തിരിച്ച് കിട്ടേണ്ടിയിരുന്നത്, കണ്ണീരാൽ വീർപ്പുമുട്ടി അവർ പറഞ്ഞു. എനിക്കറിയില്ല...എന്റെ കുട്ടി അദ്ദേഹത്തെ മിസ് ചെയ്യും....അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു, ഗീതിക പറഞ്ഞു.

അതേസമയം, ആഷ്‌ന ലിഡ്ഡർ അമ്മയെ സമാധാനിപ്പിച്ച് ഒപ്പമുണ്ടായിരുന്നു. 'എനിക്ക് ഇപ്പോൾ 17 തികയുകയാണ്. അദ്ദേഹം എനിക്കൊപ്പം 17 വർഷം ഉണ്ടായിരുന്നു. ആ സന്തോഷ സ്മരണകളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ പിതാവ് ഒരു ഹീറോ ആയിരുന്നു....എന്റെ ഉറ്റ ചങ്ങാതി. ഇത് ഒരു പക്ഷേ വിധിയിയാരിക്കും. നല്ലതെല്ലാം വരാനിരിക്കുന്നതേയുള്ളു. അദ്ദേഹമായിരുന്നു എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിരുന്നത്', ആഷ്‌ന പറഞ്ഞു.

നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, എന്നിവർ ബ്രിഗേഡിയർ ലഖ് വീന്ദർ സിങ് ലിഡ്ഡർക്ക് അന്തിമോചാരം അർപ്പിച്ചു. മൂന്നുസൈനിക മേധാവികളും അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു.

52 കാരനായിരുന്ന ബ്രിഗേഡിയർ ലിഡർ കൂനൂർ ഹെലികോപ്ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിന് ഒപ്പം മരണമടഞ്ഞ 13 പേരിൽ ഒരാളാണ്. മേജർ ജനറലായി സ്ഥാനക്കയറ്റം കിട്ടിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. ബിപിൻ റാവത്തിനൊപ്പം ഒരുവർഷമായി സേനാ പരിഷ്‌കരണങ്ങളിൽ ഒപ്പം പ്രവർത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.

ഹരിയാണയിലെ പഞ്ച്കുള സ്വദേശിയായ ലിഡ്ഡെർ 1990-ലാണ് ജമ്മുകശ്മീർ റൈഫിൾസിൽ സൈനികസേവനം ആരംഭിച്ചത്. കസാഖിസ്താനിലെ ഇന്ത്യയുടെ സൈനിക നടപടിയിൽ പ്രധാനപങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.