പത്തനംതിട്ട: ചട്ടം മറി കടന്ന് ചേട്ടൻ മാനേജരായ സ്‌കൂളിൽ ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേട് നടത്തിയ അനിയനെയും ഭാര്യയെയും മറ്റൊരു അദ്ധ്യാപികയെയും ധനകാര്യ പരിശോധനാ വിഭാഗം കൈയോടെ പിടികൂടി. ഭരണ സ്വാധീനം ഉപയോഗിച്ച് നടപടി ഒഴിവാക്കാമെന്ന മോഹം തിരിച്ചടിച്ചതോടെ ക്രമക്കേട് നടത്തിയതിന് തത്തുല്യമായ പണം അടച്ചു തലയൂരി. അനിയനും ഭാര്യയും മാപ്പപേക്ഷിച്ച സ്ഥിതിക്ക് നടപടി ഒരു താക്കീതിൽ ഒതുക്കി കൊണ്ട് മാനേജർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ കത്ത് പുറത്തു വന്നതോടെ വിവാദം കൊഴുക്കുന്നു. സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി അറിയാതെ കത്തെഴുതിയ മാനേജർക്കെതിരേ കമ്മറ്റി അംഗങ്ങൾ രംഗത്തു വന്നു.

കൊടുമൺ അങ്ങാടിക്കൽ എസ് എൻ വി എച്ച് എസ് എസ് ആൻഡ് വിഎച്ച്എസ്എസിലെ മാനേജർ രാജൻ ഡി. ബോസ്, സഹോദരൻ രാജാറാവു, റാവുവിന്റെ ഭാര്യയും സ്‌കൂൾ പ്രഥമാധ്യാപികയുമായ ദയാ രാജ്, സഹഅദ്ധ്യാപിക ടി.പി ജയ എന്നിവരാണ് വിവാദത്തിലായിരിക്കുന്നത്. സിപിഎമ്മിന്റെ നേതാക്കളും സജീവ പ്രവർത്തകരുമായ രാജൻ ഡി. ബോസും രാജാ റാവുവും നടപടി ഒഴിവാക്കാൻ വേണ്ടി വഴി വിട്ട നീക്കം നടത്തിയെങ്കിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ വിട്ടു വീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെയാണ് പണം തിരികെ അടച്ചതും മാപ്പപേക്ഷയിന്മേൽ താക്കീത് നൽകി തലയൂരിയിരിക്കുന്നതും.

2018-19 കാലയളവിൽ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ധനകാര്യ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. വ്യാജ ബില്ലുകളും വൗച്ചറുകളും നിർമ്മിച്ചായിരുന്നു തട്ടിപ്പ്. സ്‌കൂളിന്റെ അടുത്തുള്ള സുപരിചിതമായ കടയുടെ പേരിൽ വ്യാജ സീൽ നിർമ്മിച്ച് പതിച്ചും കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയും അരിയുടെ സ്റ്റോക്കിൽ ഭീമമായ വ്യത്യാസം വരുത്തുകയും ചെയ്തതായി കണ്ടെത്തി. രാജാ റാവു, ദയാരാജ്, ടി.പി ജയ എന്നിവരാണ് തട്ടിപ്പിന്റെ സൂത്രധാരർ.

കണ്ടു പിടിക്കപ്പെട്ടതോടെ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ നിന്നും കത്തുകൾ എത്തിയത് സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റിയിൽ നിന്ന് മറച്ചു പിടിക്കുകയാണ് മാനേജരായ രാജൻ ഡി. ബോസ് ചെയ്തത്. തുടർന്ന് കമ്മറ്റി അറിയാതെ മാപ്പപേക്ഷ തയാറാക്കി അയയ്ക്കുകയും ചെയ്തു. ധനകാര്യ പരിശോധനാ വിഭാഗം കുറ്റക്കാർക്കെതിരേ മൂന്നു നടപടികൾക്ക് ശിപാർശ ചെയ്തിരുന്നു. ഇതിൽ രണ്ടാമത്തെ ശിപാർശയിൽ സ്‌കൂൾ ഹെഡ്‌മിസ്ട്രസും ഒന്ന്, മൂന്ന് ശിപാർശകളിൽ സ്‌കൂൾ മാനേജരുമാണ് നടപടിയെടുക്കേണ്ടിയിരുന്നത്. ഈ ആവശ്യമുന്നയിച്ച് അടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ആറു തവണ മാനേജർക്ക് കത്ത് അയച്ചിരുന്നു.

2020 ജൂലൈ ഒന്ന്, സെപ്റ്റംബർ 7, ഒക്ടോബർ 8, 2021 ഏപ്രിൽ 30, ഓഗസ്റ്റ് 3, നവംബർ 24 എന്നീ തീയതികളിലാണ് മാനേജർക്ക് കത്ത് അയച്ചത്. ഓരോ കത്തിലും അഞ്ച് ദിവസം വീതമാണ് സമയം അനുവദിച്ചിരുന്നത്. ഈ അന്ത്യശാസനമൊന്നും മാനേജർമാരാതി ഇരുന്നവർ ഗൗനിച്ചതേയില്ല. ഈ കാലയളവ് മുഴുവൻ പാർട്ടി സ്വാധീനം ഉപയോഗിച്ച് നടപടി ഒഴിവാക്കാനുള്ള ശ്രമം മാനേജർ രാജൻ ഡി. ബോസും സഹോദരൻ രാജാറാവുവും നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ഒടുവിൽ 2022 ജനുവരി മൂന്നിനാണ് മാനേജരുടെ മറുപടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭിക്കുന്നത്. വിജിലൻസ് വിഭാഗം കൈയോടെ പിടികൂടിയ ക്രമക്കേട് ലഘൂകരിക്കുകയും കുറ്റക്കാരെ ന്യായീകരിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു മാനേജരുടെ മറുപടി.

വിജിലൻസിന്റെ ഒന്നാം നമ്പർ ശിപാർശയ്ക്ക് രാജൻ ഡി. ബോസ് നൽകിയിരിക്കുന്ന മറുപടി ഇങ്ങനെയാണ്:

അരിയുടെ സ്റ്റോക്കിലെ വ്യതിയാനം സംബന്ധിച്ച വിലയിരുത്തലിൽ സ്‌കൂളിൽ നിന്ന് നൂൺ ഫീഡിങ് സ്ട്രെങ്ത് പരിഷ്‌കരിച്ച് അംഗീകരിച്ചു നൽകുന്നതിന് കുട്ടികളുടെ പട്ടികയും അപേക്ഷയും നൽകിയിട്ടുള്ളതാണ്. എന്നാൽ, ഇത് ബന്ധപ്പെട്ട ഓഫീസറിൽ നിന്നും സമയബന്ധിതമായി അംഗീകാരം വാങ്ങി സൂക്ഷിച്ചിട്ടില്ല. ഇക്കാര്യത്തിൽ 2018-19 വർഷം ഉച്ചഭക്ഷണ പദ്ധതി ചുമതല വഹിച്ചിരുന്ന രാജാറാവു, ടി.പി ജയ എന്നിവർക്ക് കൃത്യ നിർവഹണത്തിലും ടീച്ചർ ഇൻ ചാർജായിരുന്ന ദയാ രാജിന് മേൽനോട്ട നിർവഹണത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.

തുടർന്നുള്ള വിശദീകരണം നൂൺ മീൽ പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ്. പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഈ കാലയളവിൽ പരിശോധന നടത്തുകയോ നൂൺ ഫീഡിങ് സ്ട്രെങ്ത് അംഗീകരിച്ചു നൽകാനുള്ള അപേക്ഷയിൽ ഉത്തരവ് നൽകുകയോ ചെയ്തിട്ടില്ലെന്ന് മാനേജർ വാദിക്കുന്നു. അരിയുടെ സ്റ്റോക്കിൽ വന്ന വ്യതിയാനം സമയ ബന്ധിതമായി ഉത്തരവുണ്ടാകാതിരുന്നതിനാലും ചുമതല വഹിച്ചവരുടെ ജാഗ്രതക്കുറവു മൂലവുമാണെന്ന് ബോധ്യപ്പെടുന്നു. അധികമായി കണ്ടെത്തിയ അരി തുടർന്നുള്ള പ്രവൃത്തി ദിവസങ്ങളിൽ വിനിയോഗിച്ച് തീർത്തിട്ടുണ്ട്.

സ്‌കൂളിലെ ജീവനക്കാരുടേത് മാത്രമായ വീഴ്ചയായി സംഭവിച്ചതല്ലെങ്കിൽക്കൂടി 52,913 രൂപ ബന്ധപ്പെട്ടവർ തിരിച്ചടച്ചതിന്റെ ചെല്ലാൻ ഹാജരാക്കിയിട്ടുണ്ട്. ഇത് മതിയായ ശിക്ഷാനടപടിയായി അംഗീകരിക്കുന്നു. തെറ്റ് മാപ്പാക്കണമെന്ന് ഡി. രാജാറാവു, ടി.പി ജയ, ദയാരാജ് എന്നിവരുടെ അപേക്ഷ പരിഗണിച്ചു കൊണ്ട് ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ പ്രവർത്തിക്കാത്ത അദ്ധ്യാപകർക്ക് മേലിൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകിയിട്ടുള്ളതായും മാനേജരുടെ മറുപടിയിൽ പറയുന്നു.

ശിപാർശ ഒന്നിന് മാത്രമാണ് മാനേജർ മറുപടി നൽകിയിരിക്കുന്നത്. കത്തിൽ ശിപാർശ മൂന്നിനെ കുറിച്ച് മിണ്ടാട്ടമില്ല. ഈ മറുപടി സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി അറിയാതെയും ചർച്ച ചെയ്യാതെയും നൽകിയതാണെന്ന് സ്‌കൂൾ മാനേജിങ് കമ്മറ്റി അംഗം സെനിരാജ് പറയുന്നു. ആറു കത്തുകൾ വന്നതും മറുപടി നൽകിയതും മാനേജിങ് കമ്മറ്റിയെ അറിയിച്ചിട്ടില്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ആദ്യ മൂന്നു കത്തുകൾ വരുമ്പോൾ മാനേജർ കെ. ഉദയൻ എന്നയാളായിരുന്നു. 2020 സെപ്റ്റംബർ 23 ന് അദ്ദേഹം ഒരു മറുപടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അയച്ചിരുന്നു. സംഭവം സംബന്ധിച്ച് സ്‌കൂൾ എച്ച്എമ്മിനോട് വിശദീകരണം ചോദിച്ചുവെന്നായിരുന്നു ഉദയന്റെ മറുപടി.

ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ എച്ച്.എം കുറ്റക്കാരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. രാജാ റാവുവും ജയയും ഒരേതരത്തിലുള്ള മറുപടിയാണ് നൽകിയത്. ഉച്ചഭക്ഷണ പദ്ധതിയുടെ നല്ല നടത്തിപ്പിന് വേണ്ടി മേൽനോട്ട ചുമതല മാത്രമാണ് തങ്ങൾ നിർവഹിച്ചതെന്നും സാമ്പത്തിക ഇടപാടുകൾ ഹെഡ്‌മിസ്സ്ര് മാത്രമാണ് കൈകാര്യം ചെയ്തിരുന്നതെന്നും അതിനാൽ തുക തിരിച്ച് അടയ്ക്കുന്നതിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നുമാണ് ഇവർ മറുപടി നൽകിയത്. ഇതിനിടെ നടക്കുന്നത് മുഴുവൻ വ്യാജപ്രചാരണമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സ്‌കൂൾ പിടിഎയുടേതായി ഒരു നോട്ടീസ് പുറത്തിറക്കിയിരുന്നു.

മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു നോട്ടീസ്. ഇത് ക്ലാസ് റൂമുകളിൽ ആരോപണ വിധേയർ തന്നെയാണ് വിതരണം ചെയ്തത്. എന്നാൽ, ക്രമക്കേടുകൾ മുഴുവൻ വിവരാവകാശ നിയമപ്രകാരം മാനേജിങ് കമ്മറ്റി അംഗം സെനിരാജ് പുറത്തു കൊണ്ടു വന്നതോടെ മാനേജർ അടക്കമുള്ളവർക്ക് മറുപടി ഇല്ലാതെയായി. നിയമവിരുദ്ധമായി മാനേർ സ്ഥാനം നേടിയെടുത്തുവെന്ന പരാതിയിൽ രാജൻ ഡി. ബോസിനെതിരേ അന്വേഷണം നടക്കുകയാണ്.