ആലപ്പുഴ: എസ്എൻഡിപി യോഗത്തിന്റെ ഭരണം കൈക്കലാക്കാൻ സിപിഎമ്മിന്റെ രഹസ്യ നീക്കം. പരമാവധി യുവാക്കളെ സ്ഥിരാംഗമാക്കി മാറ്റി, ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലൂടെ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുകയും അതു വഴി തങ്ങളുടെ ആളുകളെ യോഗത്തിന്റെ തലപ്പത്തുകൊണ്ടുവരികയുമാണ് ലക്ഷ്യം. പുതുതായി ചേരുന്ന അംഗങ്ങൾ തന്നെ പിന്തുണയ്ക്കുമെന്ന് കരുതിയിരിക്കുന്ന വെള്ളാപ്പള്ളി നടേശൻ യഥാർഥ അപകടം തിരിച്ചറിഞ്ഞിട്ടില്ല.

18 വയസ് തികഞ്ഞ ആർക്കും 17 രൂപ അടച്ചാൽ സ്ഥിരാംഗമാകാമെന്നതാണ് എസ്എൻഡിപിയുടെ ഭരണ ഘടന പറയുന്നത്. നേരത്തേ സാമുദായിക പ്രവർത്തനത്തിന് സിപിഎം വിലക്കേർപ്പെടുത്തിയിരുന്നു. മാറിയ സാഹചര്യത്തിൽ കഴിവതും പ്രവർത്തകരെ സമുദായങ്ങളിൽ തിരുകി ശാഖകളുടെയും യൂണിയന്റെയും ഭരണം കൈക്കലാക്കുക എന്നതാണ് നിർദ്ദേശം.

ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലാണ് എസ്എൻഡിപി യോഗത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് വോട്ട്. നേരത്തേ എസ്എൻഡിപിയിൽ സ്ഥിരാംഗത്വം വേണ്ടി വന്നിരുന്നത് വിവാഹത്തിന് പത്രിക എടുക്കുമ്പോഴായിരുന്നു. വരന്റെയും വധുവിന്റെയും പേരിൽ സ്ഥിരാംഗത്വം വേണം. ഇതിനായി 17 രൂപയും യോഗനാദം വാർഷിക വരിസംഖ്യയും അടയ്ക്കണം. ഇങ്ങനെ വല്ലപ്പോഴും മാത്രം സ്ഥിരാംഗത്വം നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ യൂണിയനുകളിലേക്ക് അപേക്ഷാ പ്രവാഹം ഉണ്ടായിരിക്കുന്നത്.

വെള്ളാപ്പള്ളിക്ക് പിന്തുണ വർധിപ്പിക്കാനാണ് കൂടുതൽ അംഗങ്ങളെ ചേർക്കുന്നത് എന്നാണ് പുറമേ പറയുന്നത്. ഇങ്ങനെ പുതുതായി സ്ഥിരാംഗത്വം എടുക്കുന്നവരിൽ ഏറെയും സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും സജീവ പ്രവർത്തകരാണ്. എസ്എൻഡിപിയെ സ്വന്തം നിലയിൽ വളരാൻ വിട്ടാൽ സിപിഎമ്മിന് തട്ടുകേടാണെന്ന് മനസിലാക്കി കഴിഞ്ഞു. എസ്എൻഡിപി പ്രാതിനിധ്യമുള്ളവരിൽ മിക്കവരും ബിജെപി-കോൺഗ്രസ് ചിന്താഗതിയുള്ളവരാണ്.

ഇവരുള്ളതു കാരണം സമുദായത്തിൽ സ്വാധീനം ചെലുത്താൻ സിപിഎമ്മിന് കഴിയാതെ പോകുന്നു. സിപിഎമ്മുകാരായ സമുദായാംഗങ്ങളെ ഇവർ യൂണിയന്റെയും ശാഖയുടെയും സമുദായത്തിന്റെയും ഏഴയലത്ത് അടുപ്പിക്കാറുമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ അടക്കം ഇത് പാർട്ടിക്ക് ദോഷകരമായി മാറി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വെള്ളാപ്പള്ളി നടത്താറുള്ള ചാടിക്കളിക്കും ഒരന്ത്യം കുറിക്കണമെന്ന രഹസ്യ പദ്ധതിയും സിപിഎമ്മിനുണ്ട്. കൂടൽ ശാഖാ സെക്രട്ടറിയായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട ഉന്മേഷ് സിപിഎം ലോക്കൽ സെക്രട്ടറിയാണ്. സിപിഎം മാറിചിന്തിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

കേന്ദ്രസർക്കാർ വിചാരിച്ചാൽ ഒരു മിനുട്ട് കൊണ്ട് എസ്എൻഡിപി യോഗത്തിന്റെ തെരഞ്ഞെടുപ്പ് രീതി മാറ്റി മറിക്കാം. 1964 ലാണ് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ എസ്എൻഡിപിയിൽ തെരഞ്ഞെടുപ്പിന് കൊണ്ടു വന്നത്. ഈ ചട്ടം കേന്ദ്രമാനവവിഭവ ശേഷി മന്ത്രാലയത്തിന് എടുത്തു കളയാൻ സാധിക്കും. അങ്ങനെ കളഞ്ഞാൽ അതോടെ വെള്ളാപ്പള്ളി കുടുംബം അധികാരത്തിൽ നിന്ന് നിഷ്‌കാസിതരാകും. അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ബിഡിജെഎസും രൂപീകരിച്ച് വെള്ളാപ്പള്ളിയും മകനും കേന്ദ്രസർക്കാരുമായി ഒട്ടി നിൽക്കുന്നത്.