- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ഇക്കാര്യം സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മാസങ്ങൾക്ക് മുമ്പേ അറിയിച്ചു; ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകും; നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ; മുതിർന്ന വനിതാ നേതാവിന്റെ പിന്മാറ്റം എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടെ
തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇക്കാര്യം പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ സമരപ്പന്തലിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവർ പറഞ്ഞു.
'ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നതടക്കമുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന, കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങൾക്ക് മുമ്പേ അറിയിച്ചു. ഇപ്പോൾ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാർത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്', ശോഭ പറഞ്ഞു. ബിജെപിക്ക് തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും അവർ അറിയിച്ചു.ശോഭാ സുരേന്ദ്രനെ തലസ്ഥാന ജില്ലയിലുൾപ്പെട ബിജെപിയുടെ എ ക്‌ളാസ് മണ്ഡലങ്ങളിലേതിലെങ്കിലും സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി 48 മണിക്കൂർ ഉപവാസം ആരംഭിച്ചാണ് ശോഭ വീണ്ടും പൊതുരംഗത്തു സജീവമായത്. സംസ്ഥാനനേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രൻ 10 മാസത്തെ ഇടവേളക്കുശേഷമാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടാണെന്നും സമരം പാർട്ടിയുടെ അനുമതിയോടെയല്ലെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചിലർ പ്രചരിപ്പിച്ചിരുന്നു. പാർട്ടിയുടെ നേതാക്കൾ സമരപ്പന്തലിൽ എത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം പ്രചാരണങ്ങൾ.
അതിനിടെ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബിജെപി സംസ്ഥാനനേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് പി.പി.മുകുന്ദൻ രംഗത്തെത്തിയിരുന്നു. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാനത്തെത്തി ശോഭയോട് സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള ദേശീയനേതാക്കളും ശോഭയെ അനുനയിപ്പിച്ചു. സംസ്ഥാനനേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന പരാതിയുമായി ശോഭ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ