- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിറ്റിങ് വിസക്ക് ദുബായിലെത്തിയ ഭാര്യ തിരികെ പോകുന്നില്ലെന്ന പരാതിയുമായി ഭർത്താവ് ദുബായ് കോടതിയിൽ! അറബി ടീച്ചറുടെ മകളായ തനിക്ക് പൗരത്വം നൽകണമെന്ന് ദുബായ് കോടതിയിൽ മലയാളിയായ ഭാര്യ; സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വാർത്തയുടെ വാസ്തവമെന്ത്?
ദുബായ് (അൽഖൂസ്): വിചിത്രവും രസകരവുമായ പല വാർത്തകളും ഓരോ ദിവസവും സാമൂഹ്യമാധ്യമങ്ങളിലൂടെ കടന്നുവരാറുണ്ട്. പല വാർത്തകളും വ്യാജമാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ഹിറ്റുകളാണ് സൃഷ്ടിക്കുന്നത്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ആ വാർത്ത ഇങ്ങനെയാണ്:
വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയ ഭാര്യ തിരികെ പോകാൻ സമ്മതിക്കുന്നില്ലെന്നും കൂടാതെ തിരികെ പോകേണ്ട കാര്യം പറയുമ്പോൾ തന്നെ ഭീക്ഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി ഭർത്താവ് ദുബായ് കോടതിയെ സമീപിച്ചു. തൃശ്ശൂർ ജില്ലയിലെ കോതപറമ്പ് സ്വദേശിയായ യുവാവാണ് കോടതിയുടെ സഹായം തേടിയത്. ഇക്കഴിഞ്ഞ മാർച്ച് മാസം മൂന്നാം തിയ്യതിയിലാണ് യുവതി മൂന്ന് മാസത്തെ വിസിറ്റിങ് വിസക്ക് ദുബായിലെത്തിയത്.
വിസ തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ് തന്റെ നിലപാട് വ്യക്തമാക്കി യുവതി രംഗത്തെത്തിയത്. താൻ ഇനി തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ശിഷ്ടകാലം ദുബായിൽ തന്നെ തുടരാനാണ് പദ്ധതിയെന്നും യുവതി വ്യക്തമാക്കി. കോവിഡ് കാലം കഴിഞ്ഞാൽ താൻ വേണ്ടതു പോലെ ചെയ്തു കൊള്ളാമെന്നും തൽക്കാലം തിരികെ പോകാനും ആവുന്ന വിധം ഭർത്താവ് പറഞ്ഞു നോക്കിയെങ്കിലും യുവതി തയ്യാറായില്ല. കൂടാതെ ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുവാവ് നിസ്സഹായനായി കോടതിയുടെ സഹായം തേടിയെത്തിയത്.
നാട്ടിലെ വീട് വാടകക്ക് കൊടുത്തും മക്കളുടെ സ്കൂളിലെ TC യും സംഘടിപ്പിച്ചും സകലമാന മുന്നൊരുക്കങ്ങളോടും കൂടി തന്നെയാണ് യുവതി ദുബായിലെത്തിയതെന്ന വിവരം ഇപ്പോൾ മാത്രമാണ് യുവാവ് അറിയുന്നത് തന്നെ. ആരെന്തൊക്കെ തന്നെ പറഞ്ഞാലും തന്റെ തീരുമാനത്തിൽ യാതൊരുവിധ മാറ്റവും ഇല്ലെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. കൂടാതെ തനിക്ക് ദുബായിൽ പൗരത്വം നൽകണമെന്നും യുവതി കോടതിയിൽ വാദിച്ചു.
താൻ അറബി ടീച്ചറുടെ മോളാണെന്നും ചെറുപ്പം മുതലേ അറബി തന്റെ ഇഷ്ട വിഷയമാണെന്നും കൂടാതെ അതാവശ്യം അറബി ഭാഷ എഴുതാനും വായിക്കാനും അറിയാമെന്നുമൊക്കെയാണ് പൗരത്വം അനുവദിക്കുന്നതിനായി യുവതിയുടെ അടിസ്ഥാന വാദങ്ങൾ. സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ച കോടതി വിധി പറയൽ വരുന്ന ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇത്തരം ഒരു വിചിത്ര കേസ് ദുബായ് കോടതിയുടെ ചരിത്രത്തിലാദ്യമാണെന്നും കോടതി വ്യക്തമാക്കി.
അതേ സമയം തനിക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞ് കോടതി വരാന്തയിലൂടെ അലറിയോടിയ യുവതിയെ പൊലീസിന്റെ സഹായത്തോടെ അനുനയിപ്പിച്ച് ഭർത്താവിന്റെ കൂടെ താമസ സ്ഥലത്തേക്ക് പറഞ്ഞയച്ചു. കോടതി വിധിയെന്താകുമെന്ന ആശങ്കയോടെ ഭർത്താവും ആകാംക്ഷയോടെ ദുബായ് മലയാളികളും കാത്തിരിപ്പിലാണ്....
വാട്സാപ്പിലൂടെ യാണ് ഇത് ഏറെ പ്രചരിക്കുന്നതെങ്കിലും ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നവരും കുറവല്ല. എന്നാൽ ഇത്തരമൊരു സംഭവം ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിട്ടില്ലന്നിരിക്കെ വ്യാജമാകാനാണ് സാധ്യത.