- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു; അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്റെ സെൻസസ് നടന്നിരുന്നു; ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാൽ ഭാര്യ മറിയാമ്മയാണ് ഉദ്ഘാടനം ചെയ്തത്; സാക്ഷികളെ സ്വാധീനിച്ചതിന്റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്; ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടു തള്ളി സോളാർ കേസിലെ പരാതിക്കാരി
കോഴിക്കോട്: സോളാർ പീഡന കേസിലെ പരാതിയിൽ ഉറച്ച് പരാതിക്കാരി. സംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു എന്ന് അവർ ആവർത്തിച്ചു. ഇതിനെല്ലാം തെളിവുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. ഇക്കാര്യങ്ങൾ സംസ്ഥാന പൊലീസിന് കണ്ടെത്താൽ സാധിക്കില്ല എന്നു കണ്ടതിനേ തുടർന്നാണ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു. സംഭവം നടന്ന 2012 സെപ്റ്റംബർ 19ന് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു. അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്റെ സെൻസസ് അവിടെ നടന്നിരുന്നു. ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാൽ ഭാര്യ മറിയാമ്മ ഉമ്മനാണ് അത് ഉദ്ഘാടനം ചെയ്തത്. എല്ലാ പരിപാടികളും റദ്ദാക്കിയിരുന്ന മുഖ്യമന്ത്രി അവിടെ വിശ്രമത്തിലായിരുന്നു.
രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ മൊഴികൊണ്ട് താൻ ചെന്നില്ല എന്ന് പറഞ്ഞാൽ സമ്മതിക്കാനാകില്ലെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും അവർ പറഞ്ഞു. സാക്ഷി മൊഴികൾ വില കൊടുത്തു വാങ്ങിയതിന്റെ ശബ്ദ രേഖകൾ തന്റെ പക്കലുണ്ട്. എങ്ങനെയാണ് കേസ് അട്ടിമറിച്ചത്, സാക്ഷികളെ സ്വാധീനിച്ചത് എന്നതിന്റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്. സാക്ഷികളും ഡിജിറ്റൽ തെളിവുകളുമുണ്ടെന്നും അവർ പറഞ്ഞു.
ഓരോ സാക്ഷികൾക്കും മൊഴി രേഖപ്പെടുത്തുന്ന സമയം പണം നൽകിയിരുന്നുവെന്നും അവർ ആരോപിച്ചു. കെ.സി. വേണുഗോപാലിന്റെ പിഎ ശരത് ചന്ദ്രൻ, മുൻ പൊലീസ് അസോസിയേഷൻ പ്രസിഡന്റ് ജി.ആർ. അജിത്ത് എന്നിവർ കേസ് അട്ടിമറിക്കാനുള്ള സംഘത്തിലുണ്ടായിരുന്നു. ഇവരുടെ ശബ്ദ സന്ദേം തന്റെ പക്കലുണ്ടെന്നും കേസിന്റെ അറ്റം കാണാതെ പിന്മാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയതിന് തെളിവില്ലെന്നുമായിുന്നു ആഭ്യന്തര-അഡീഷനൽ ചീഫ് സെക്രട്ടറിയായ ടി.കെ ജോസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഒരു ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിനെയും അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൂടാതെ, പരാതിക്കാരിയുടെ ഡ്രൈവർമാരുടെ മൊഴിയും രേഖപ്പെടുത്തി. പരാതിക്കാരിയുടെ പരാതിയിൽ പറയുന്ന പ്രകാരമുള്ള കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിയുമായി ബന്ധപ്പെട്ട ടെലിഫോൺ രേഖകൾക്കായി സേവനദാതാക്കളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ കിട്ടിയില്ലെന്നും ആഭ്യന്തര -അഡീഷനൽ ചീഫ് സെക്രട്ടറിയുടെ മൂന്നു പേജുള്ള റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴി അടിസ്ഥാനമാക്കി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ 2018ലാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. രണ്ടര വർഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. തുടർന്ന് പരാതിക്കാരി നൽകിയ പരാതി പ്രകാരം കഴിഞ്ഞ ജനുവരി 24നാണ് പീഡനക്കേസിന്റെ അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയത്.
സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങൾ പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പ് കേസിന്റെ ഇതുവരെയുള്ള സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്രസർക്കാറിന് നൽകേണ്ടതുണ്ട്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സിബിഐ കേസ് ഏറ്റെടുക്കണമോ എന്ന് തീരുമാനിക്കുന്നത്. ഇതുപ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് പറയുന്നത്. 2012 സെപ്റ്റംബർ 19 വൈകീട്ട് നാലുമണിക്ക് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ