ന്യൂഡൽഹി: പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ടത്താപ്പ് അടിമുടി തുറന്നു കാണിക്കുന്ന സംഭവാണ് സോളാർ പീഡന കേസ് സിബിഐക്ക് വിട്ട സംഭവത്തിലൂടെ വ്യക്താക്കുന്നത്. ഒരേസമയം സിബിഐ അന്വേഷണങ്ങളെ എതിർക്കുക. അതേസമയം തന്നെ സിബിഐയെ ക്ഷണിച്ചു വരുത്തുക. ഇതെന്ത് രാഷ്ട്രീയം എന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് സർക്കാറിന്റെ കാര്യങ്ങൾ. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനെ എതിർത്ത സർക്കാറാണ് പിറണായിയുടേത്. ഇക്കാര്യത്തിൽ സിബിഐക്ക് നൽകിയ പ്രത്യേക അധികാരം എടുത്തു കളയുകും ചെയ്തു.

കേസുകൾ ഏറ്റെടുക്കുന്നതിന് സിബിഐക്ക് നൽകിയ അനുമതി സംസ്ഥാനം പിൻവലിച്ചതിനെ വിമർശിച്ചത് പ്രതിപക്ഷമായിരുന്നു. ആ പ്രതിപക്ഷം ഇപ്പോൾ ചോദിക്കുന്നത് എന്താണ് സർക്കാറിന്റെ നിലപാട് എന്നാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു നടപടി. പെരിയ ഇരട്ടക്കൊലപാതക കേസ്, ഷുഹൈബ് വധം എന്നിവ സിബിഐ അന്വേഷിക്കുന്നതിനെതിരെയും നിലപാടെടുത്തു. ഇതേ സിബിഐ അന്വേഷിക്കണമെന്നാണ് ഇപ്പോൾ സർക്കാർ ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാക്കൾ സർക്കാറിന്റെ നിലപാട് മാറ്റത്തെ വിമർശിച്ച് രംഗത്തുവന്നു. കേസ് സിബിഐക്ക് ലഭിക്കുന്നത് സംസ്ഥാന സർക്കാർ ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ശിപാർശ ചെയ്‌തോ കോടതി വിധി വഴിയോ ആണ്.

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ പുകമറ സൃഷ്ടിച്ചുവെന്നാണ് സിബിഐക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചിട്ടുള്ള വാദം. കേസ് ഏറ്റെടുക്കാൻ വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ ലംഘനം ആരോപിച്ചതിനെയാണ് പുകമറ സൃഷ്ടിക്കലായി സർക്കാർ വ്യാഖ്യാനിക്കുന്നത്. ഇതില്ലാം നിലനിൽക്കേയാണ് വീണ്ടും സിബിഐയുമായി ചങ്ങാത്തം കൂടിയിരിക്കുന്നത്. സിബിഐ കേസുകൾക്കെതിരെ കോടികൾ മുടക്കുന്ന സർക്കാർ തന്നെ ഇപ്പോൽ വീണ്ടും സോളാറിൽ സിബിഐയെ ക്ഷണിക്കുന്നു.

അതേസമയം സോളാർ കേസ് സിബിഐ ഏറ്റെടുക്കുമോ എന്ന് കണ്ടു തന്നെ അറിയേണ്ട അവസ്ഥയാണ്. കേസ് അന്വേഷിക്കേണ്ടി വരിക തിരുവനന്തപുരം സിബിഐ യൂണിറ്റാണ്. ഇവർക്ക് ഇപ്പോൾ തന്നെ എടുത്താൽ പൊങ്ങാത്ത വിധത്തിൽ കേസുകളുണ്ട്. ഇതിനിടെയാണ് ഒരു രാഷ്ട്രീയ കേസ് കൂടി. സോളർ കേസ് ഏറ്റെടുക്കണോ എന്ന കാര്യത്തിൽ സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ അഭിപ്രായം നിർണായകമാകും. ടൈറ്റാനിയം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പഴ്‌സനേൽ മന്ത്രാലയം കഴിഞ്ഞ വർഷം തള്ളിയത് ഏജൻസിയുടെ കൊച്ചി യൂണിറ്റിൽ നിന്നുള്ള മറുപടിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് പണം തട്ടിപ്പു കേസ് ഏറ്റെടുത്ത സിബിഐ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്.

അന്തർ സംസ്ഥാന മാനങ്ങളുള്ളത്, സംസ്ഥാന സർക്കാർ അന്വേഷിച്ചിട്ട് തെളിയിക്കാൻ സാധിക്കാത്തത്, സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്ന് പരാതിക്കാർ ആരോപിക്കുന്നത് എന്നിങ്ങനെ കേസുകളിലാണ് സംസ്ഥാന സർക്കാരുകൾ സിബിഐ അന്വേഷണം ആവശ്യപ്പെടാറുള്ളത്. ഷുക്കൂർ വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം തുടങ്ങിയവ സിബിഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. പെരിയ കേസിൽ സിബിഐ അന്വേഷണത്തിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി, ഷുക്കൂർ വധക്കേസ് അന്വേഷണത്തിനെതിരെയുള്ള സർക്കാർ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 400 കേസുകളെങ്കിലും കേരള ഹൈക്കോടതിയിലുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു. ഇതിൽ 10% എങ്കിലും ഗൗരവമുള്ളവയാണ്. സോളർ കേസ് അന്വേഷിക്കാൻ തീരുമാനിച്ചാലും തുടർനടപടിയെടുക്കേണ്ടത് തിരുവനന്തപുരം യൂണിറ്റാണ്. ഗൗരവമുള്ള കേസുകൾ അന്വേഷിക്കാൻപോലും വേണ്ടത്ര ഉദ്യോഗസ്ഥർ തിരുവനന്തപുരത്തില്ല.

ഈ യൂണിറ്റിന്റെ ചുമതല ആർക്കെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു. ചുമതലയുണ്ടായിരുന്ന എസ്‌പി നന്ദകുമാർ നായർ നവംബർ 30ന് വിരമിച്ചു. അദ്ദേഹത്തിന് 6 മാസത്തേക്ക് നിയമനം നൽകി. കരാർ മെയ്‌ 31ന് അവസാനിക്കും. ഈ നിയമനം മുംബൈയിലെ ചില കേസുകളുമായി ബന്ധപ്പെട്ടാണ്.

അതിനിടെ ഫ്‌ളാറ്റ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള സർക്കാർ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. കേരളത്തിലെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് നൽകിയിരുന്ന പൊതുഅനുമതി പിൻവലിച്ചതിനെ ലൈഫ് മിഷൻ കേസിൽ വാദമായി സർക്കാർ ഉന്നയിക്കുന്നുണ്ട്. അനുമതി പിൻവലിച്ചത് കഴിഞ്ഞ നവംബർ നാലിനാണ്. ലൈഫ് മിഷൻ കേസ് സിബിഐ രജിസ്റ്റർ ചെയ്തത് സെപ്റ്റംബർ 24നും. എങ്കിലും, അനുമതിയില്ലാതെയുള്ള അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് സർക്കാർ വാദിക്കുന്നു.

അഴിമതിക്കേസുകൾ അന്വേഷിക്കാൻ സർക്കാറുകൾ പൊതുസമ്മതം നേരത്തെ നൽകിയിരുന്നു. ആന്ധ്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ അടക്കം പല സംസ്ഥാനങ്ങളും ഇത് പിൻവലിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷനിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. പിന്നാലേ കേന്ദ്രത്തിന് നൽകിയ അനുമതി പിൻവലിക്കുകയും ചെയ്തു. കേന്ദ്ര ഏജൻസികൾക്കെതിരെ അതിശക്തമായ വിമർശനമാണ് സിപിഎമ്മും സർക്കാറും നടത്തിയത്.