തിരുവനന്തപുരം: സോളാർ പീഡന കേസിലെ അന്വേഷണം സിബിഐക്ക് വിട്ട പശ്ചാത്തലത്തിൽ കേരളത്തിൽ വിവാദം കൊഴുക്കുകയാണ്. ഇതിനിടെ ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കും വിധത്തിലുള്ള ആവശ്യവും ഉയർന്നു. സോളാർ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ ആവശ്യപ്പെട്ടു. സോളാർ കേസിലെ സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്നാണ് മല്ലേലിൽ ശ്രീധരൻ നായരുടെ ആവശ്യം.

സാമ്പത്തിക തട്ടിപ്പിൽ സിബിഐ അന്വേഷണത്തിനായി സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശ്രീധരൻ നായർ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നൽകില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും ശ്രീധരൻ നായർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അന്വേഷണത്തിൽ ഒന്നും നടന്നില്ലെന്നും ശ്രീധരൻ നായർ കുറ്റപ്പെടുത്തി. സാമ്പത്തിക തട്ടിപ്പ് കേസാണ് എല്ലാത്തിനും ആധാരമെന്നും ശ്രീധരൻ നായർ ഓർമ്മിപ്പിച്ചിച്ചു.

സോളാർ തട്ടിപ്പിലെ 33 കേസുകളിൽ ഏറ്റവും വിവാദമായതും ഉമ്മൻ ചാണ്ടി ഉൾപ്പെട്ട മല്ലേലിൽ ശ്രീധരൻനായരുടെ കേസായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഉറപ്പിൽ സോളാർ പാടത്തിനായി യുവതിക്ക് 40 ലക്ഷം കൊടുത്തുന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരൻനായരുടെ പരാതി. സെക്രട്ടറിയേറ്റിൽ യുവതിക്കൊപ്പം ഉമ്മൻ ചാണ്ടിയെ ചെന്ന് കണ്ടെന്ന് ശ്രീധരൻ നായർ നൽകിയ മൊഴി അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ പിഎ ജോപ്പനെ അറസ്റ്റ് ചെയ്തതും ഈ കേസിലായിരുന്നു. പക്ഷെ എഡിജിപി ഹേമച്ന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സഘം നൽകിയ കുറ്റപത്രത്തിൽ പ്രതി സ്ഥാനത്ത് ഉമ്മൻ ചാണ്ടിയില്ലായിരുന്നു.

സോളാർ വിവാദത്തിലെ ജുഢീഷ്യൽ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. കേസിൽ ഉമ്മൻ ചാണ്ടിക്കും കൂട്ടാളികൾക്കുമെതിരേ തെളിവുകളുണ്ട്. ഇവയെക്കുറിച്ചെല്ലാം അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടി സോളാറിലെ ഇരയിൽ നിന്നും 2.42 കോടിയും ആര്യാടൻ മുഹമ്മദ് 40 ലക്ഷവും പളനിമാണിക്യം 25 ലക്ഷവും എ.പി. അനിൽകുമാർ ഏഴ് ലക്ഷവും വാങ്ങിയെന്ന മൊഴി നൽകിയിരുന്നു. ഇതിൽ 32 ലക്ഷം രൂപ മല്ലേലിൽ ശ്രീധരൻ നായരിൽനിന്ന് വാങ്ങി മുഖ്യമന്ത്രിക്ക് നൽകിയെന്നും മൊഴിയിലുണ്ട്. ഇത് വിശ്വാസയോഗ്യമാണെന്ന് റിപ്പോർട്ടിലുണ്ട്.

ഇരയും ഉമ്മൻ ചാണ്ടിയുമായി നല്ല പരിചയമുണ്ടായിരുന്നു. 2011 മുതലെങ്കിലും ഉമ്മൻ ചാണ്ടിക്ക് ടീം സോളാർ കമ്പനിയെ അറിയാം. ആര്യാടൻ മുഹമ്മദിന് ഇരയെ പരിചയപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയാണ്. ഇക്കാര്യം എൻജിനീയേഴ്സ് അസോസിയേഷൻ യോഗത്തിൽ ആര്യാടൻ പറയുന്നതിന്റെ സി.ഡി.യും കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കി. ഉമ്മൻ ചാണ്ടിയുടെയും കൂട്ടാളികളുടെയും പേരിൽ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്നും കമ്മിഷൻ നിർദേശിച്ചെങ്കിലും ഈ അന്വേഷണവും എങ്ങുമെത്താത്ത നിലയിലാണ്.