- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷനുകളുമെല്ലാം പ്രചരണ വിഷയമാക്കിയാണ് എൽഡിഎഫ് മികച്ച വിജയം നേടിയെടുത്തത്. സ്വർണ്ണക്കടത്തു കേസ് പ്രചരണ വിഷയമാക്കിയ യുഡിഎഫിന് തിരിച്ചടിയാകുകയും ചെയ്യും. ഇപ്പോൾ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പു അടുത്തതോടെ ഉമ്മൻ ചാണ്ടി യുഡിഎഫിന്റെ നായക സ്ഥാനത്തേക്ക് എത്തി. ഇത് പിണറായി വിജയനെ ശരിക്കും ഭയപ്പെടുത്തി തുടങ്ങിയെന്ന് വേണം കരുതാൻ. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ 5 വർഷമായി അടവെച്ചിരുന്ന സോളാർ പീഡന കേസ് വീണ്ടും പൊടിതട്ടി എടുത്തതിലൂടെ സംഭവിച്ചിരിക്കുന്നത്. എന്നാൽ തദ്ദേശത്തിൽ യുഡിഎഫിനുണ്ടായ തിരിച്ചടി പോലെ ഇത് നിയമസഭയിൽ എൽഡിഎഫിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാക്കിയിരിക്കയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായ പ്രധാന ഘടകം ക്രൈസ്തവ മേഖലയിലെ വോട്ടു ചോർച്ചയായിരുന്നു. ജോസ് കെ മാണി എൽഡിഎഫിലേക്ക് പോയതും തിരിച്ചടിയായി. ഇതിന് പരിഹാരമെന്ന നിലയിൽ ഘടകകക്ഷികളും ഹൈക്കമാൻഡും ചേർന്നാണ് ഉമ്മൻ ചാണ്ടിയെ വീണ്ടും താരപ്രചാരകനായി കളത്തിലിറക്കിയത്. മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ വോട്ടുകളിൽ ഉറപ്പിക്കുകയ എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വീണ്ടുമൊരു ക്രൈസ്തവ മുഖ്യമന്ത്രി എന്ന് ആഗ്രഹിക്കുന്നവരുടെ മനസ്സ് ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. ആ സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്നവരുടെ ആഗ്രഹത്തിന് കരിനിഴൽ വീഴ്ത്തുന്ന നീക്കമാണ് സോളാറിലൂടെ പിണറായി ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വിഷയം രാഷ്ട്രീയമായി വൈകാരികമാക്കി യുഡിഎഫിന് അനുകൂലമാക്കി മാറ്റാനാണ് ഇപ്പോഴത്തെ ശ്രമം.
ഉമ്മൻ ചാണ്ടിക്കെതിരെ നട്ടൽ കുരുക്കാത്ത ആരോപണം വീണ്ടും ഉയർത്തിക്കൊണ്ട് അദ്ദേഹത്തെ വേട്ടയാടുന്നു എന്ന വികാരം ഇപ്പോൾ തന്നെ പൊതുസമൂഹത്തിൽ ഉയർന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് പിന്നിൽ ശക്തമായി അടിയുറച്ചു നിൽക്കാൻ നേതാക്കളെയും അണികളെയും ഇത് പ്രേരിപ്പിക്കുന്നുണ്ട്. ഒരിക്കൽ ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞ വ്യക്്തി തന്നെയാണ് പിന്നീട് പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ചത്. ഇതിൽ തന്നൈ വൈരുധ്യങ്ങൾ നിരവധിയാണ്. യാതൊരു തെളിവുകളും പൊലീസ് അന്വേഷണത്തിൽ ലഭിച്ചതുമില്ല. ഈ ഘട്ടത്തിൽ വീണ്ടും അനാവശ്യ വിവാദമാണ് സോളാറിലൂടെ ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് പൊതുവിലുള്ള വികാരം.
സോളാർ വിഷയം ഉമ്മൻ ചാണ്ടിക്ക് പിന്നിൽ അടിയുറച്ചു നിൽക്കാൻ കോൺഗ്രസ് നേതാക്കളെ പ്രേരിപ്പിക്കുന്നു എങ്കിൽ മറുവശത്ത് ഇടതു മുന്നണിയൽ അതൃപ്തിയും പുകയുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിരോധം തീർക്കുമ്പോൾ എന്തിന് വീണ്ടും സിബിഐയെ വിളിച്ചു എന്നതിൽ സിപിഎം അണികളോട് വിശദീകരിക്കേണ്ടി വരും. അങ്ങനെയാണങ്കിൽ സ്വർണ്ണക്കടത്തിലെ പല വിഷയങ്ങളിലും പ്രതിരോധം തീർക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലുമുണ്ട്.
സോളാർ കേസ് സിബിഐക്ക് വിട്ട സംഭവത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്കും അമർഷമുണ്ട്. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. സർക്കാരിന്റെ മുമ്പിൽ പല പരാതികളും വരും. അതിൽ അന്വേഷണം നടന്നേക്കും. ഇതിന് മുൻപും തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉയർന്നുവന്നതാണ്. അതിലൊക്കെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുത്തതാണെന്നും ജോസ് കെ മാണി പ്രതികരിച്ചു. കേസ് ഉമ്മൻ ചാണ്ടിക്ക് അനുകൂല സഹതാപ തരംഗം ഉണ്ടാക്കിയാൽ അത് രാഷ്ട്രീയമായി തിരിച്ചടിയാകുക തങ്ങൾക്കാകുമെന്ന ഭയവും ജോസ് കെ മാണിക്കുണ്ട്. വിഷയം കേസുമായി മുന്നോട്ടു പോയാൽ കോൺഗ്രസ് ജോസ് കെ മാണിയെ ഉന്നം വെക്കുമെന്നതും ഉറപ്പാണ്. അങ്ങനെ വന്നാൽ അത് ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രതിച്ഛായക്കും കോട്ടം തട്ടാൻ ഇടയാക്കുമെന്ന് അവർ ഭയക്കുന്നു.
സ്വർണ്ണക്കടത്തു കേസിൽ സ്പീക്കർക്കെതിരെ സ്വപ്ന സുരേഷും മറ്റ് പ്രതികളും രഹസ്യ മൊഴി നൽകിയപ്പോൾ ദ്വീർഘകാലം കസ്റ്റഡിയിൽ കഴിഞ്ഞ പ്രതിയുടെ മൊഴിക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞാണ് പിണറായി സഭയിൽ പ്രതിരോധം തീർത്തത്. എന്നാൽ, അതേസമയം തന്നെ സോളാർ ഇരയുടെ മൊഴിയിൽ അതിവിശ്വാസ്യത കണക്കാക്കുകയും ചെയ്യുന്നു. ഇവർക്കെതിരെ നിരവധി തട്ടിപ്പു കേസുകൾ ഉണ്ടെന്ന കാര്യം പോലും പരിഗണിക്കാതെയാണ് സിബിഐ പോലൊരു അന്വേഷണ ഏജൻസിക്ക് കേസു വിട്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ ഉദ്ദേശ്വത്തോടെയാണ് എന്നത് വ്യക്തമാണ് താനും. ഇക്കാര്യം അടക്കം ശക്തമായി ചൂണ്ടിക്കാട്ടാനാണ് യുഡിഎഫിന്റെ തീരുമാനം.
കോൺഗ്രസിലെ പ്രമുഖർ പ്രതിസ്ഥാനത്തായ സോളാർ കേസിൽ സിബിഐ അന്വേഷണത്തിന് വിട്ടത് ഡയറക്ടർ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശ പ്രകാരമാണെന്നാണ് പുരത്തുവരുന്ന വിവരം. നിയമവകുപ്പും സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. എന്നാൽ പൊലിസ് മേധാവിയുടെ റിപ്പോർട്ട് സർക്കാർ തേടിയില്ലെന്നതും ശ്രദ്ധേയമാണ്.
സോളാർ തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നൽകിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇറക്കി. വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാൻ സാധ്യതയുള്ള നീക്കം. കേസിൽ നാലര വർഷം പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്നും ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി സിബിഐക്ക് വിടുകയാണെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ പ്രതിപക്ഷത്തിനെതിരെ സോളാർ കേസ് ഉയർത്തുന്നത് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും അടക്കം കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നെന്ന് ആരോപണമുയർത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സോളാർ മുൻനിർത്തി ആരോപണം കടുപ്പിച്ചാൽ തിരികെ എന്താകും എൽഡിഎഫിന്റെ പ്രതിരോധം എന്നതാണ് ഇനി കണ്ടറിയേണ്ടത്. സോളാറിനെ പ്രതിരോധിക്കാൻ സ്വപ്നയെ ഉപയോഗിക്കു എന്ന തന്ത്രത്തിലേക്ക് കോൺഗ്രസും മാറിയാൽ തെരഞ്ഞെടുപ്പു പ്രചര രംഗം കൂടുതൽ കലുഷിതമാകും.
മോദി - മല്ലു മോദി ആരോപണം ശക്തമാക്കാൻ യുഡിഎഫ്
ഒരേ സമയം കേന്ദ്ര ഏജൻസികളെ കുറ്റം പറയുന്ന പിണറായി അവരെ ക്ഷണിച്ചു വരുത്തിയ കാര്യവും അവർക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്നതുമായ കാര്യം തെരഞ്ഞെടുപ്പിൽ സജീവമായി പ്രചരണം നടത്താനാണ് യുഡിഎഫ് ആലോചന. ലാവലിൻ കേസ് തുടർച്ചയായി നീട്ടി വെക്കുന്നത് ഇതിലേക്ക് വിരൽചൂണ്ടുന്ന ഒത്തുകളിയായി കണക്കാക്കുന്നു. സ്വർണ്ണക്കടത്തു കേസിൽ അടക്കം കേന്ദ്ര ഏജൻസികളെ കത്തയച്ചു വരുത്തിയത് പിണറായിയാണ്. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.
നരേന്ദ്ര മോദിയെ പേരെടുത്തു വിമർശിക്കാത്ത കാര്യം അടക്കം മലബാറിൽ അടക്കം പ്രചരണ വിഷയമാക്കും. രാഹുൽ ഗാന്ധി കൂടി ഇളക്കി മറിച്ച് പ്രചരണത്തിന് എത്തുമ്പോൾ യുഡിഎഫിന് അനുകൂലമായി മാറുമെന്നാണ് കണക്കുകൂട്ടൽ. സോളാർ കേസ് സിബിഐയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. അഞ്ച് വർഷം അധികാരത്തിലിരുന്നിട്ടും സർക്കാരിന് സോളാർ കേസിൽ എന്തെങ്കിലും തുമ്പോ, നടപടിയോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സോളാർ കുത്തിപ്പൊക്കുന്നതിനുള്ള ഇടത് സർക്കാരിന്റെ ഈ തീരുമാനം തെറ്റിപ്പോയെന്ന് കാലം തെളിയിക്കും. അഞ്ച് വർഷം ഒന്നും നടക്കാത്തൊരു കേസ് പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്.
യുഡിഎഫിനെ നേരിടാനാകാത്ത അവസ്ഥയിലാണ് ഇടത് മുന്നണി. എൽ.ഡി.എഫിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് ഈ സർക്കാർ തീരുമാനത്തിന് പിന്നിൽ. ഇതിനെ രാഷ്ട്രീയമായി യു.ഡി.എഫ് നേരിടും.' ചെന്നിത്തല പറഞ്ഞു.ഓലപ്പാമ്പ് കാട്ടി തങ്ങളെ പേടിപ്പിക്കേണ്ടെന്നും യുഡിഎഫിനെതിരെ രാഷ്ട്രീയ ഗൂഢാലോചന കുറച്ച് നാളായി നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വാളയാർ കേസും ഷുക്കൂർ വധക്കേസും പെരിയ ഇരട്ടക്കൊലകേസിലും സിബിഐ അന്വേഷണത്തിന് സർക്കാർ ആദ്യം തയ്യാറായില്ല. വാളയാറിലെ കുട്ടികളുടെ അമ്മ സമരം ചെയ്തപ്പോഴാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്. പെരിയ കേസ് സിബിഐയ്ക്കെതിരെ സർക്കാർ കോടതിയിൽ പോയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എൽഡിഎഫിൽ ഒരാൾ തീരുമാനിക്കും മറ്റുള്ളവർ പഞ്ചപുച്ഛമടക്കി അനുസരിക്കുന്നതാണ് രീതിയെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. 'സോളാർ കേസിൽ അജിത് പ്രസായാ എന്ന സുപ്രീംകോടതി അഭിഭാഷകനോട് സർക്കാർ നിയമോപദേശത്തിന് പോയി. കേസ് നിലനിൽക്കില്ലെന്ന ഉപദേശമാണ് ലഭിച്ചത്.' ചെന്നിത്തല പറഞ്ഞു.ബിജെപി പിന്തുണയോടെയാണ് കേസ് സിബിഐയെ സർക്കാർ ഏൽപ്പിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു. 'സിബിഐയോട് ഇതുവരെയില്ലാത്ത പ്രേമം പിണറായിക്കുണ്ടാകണമെങ്കിൽ അതിൽ എന്തെങ്കിലും കാരണമുണ്ടാകും. ബിജെപിയുമായുള്ള രാഷ്ട്രീയ അഡ്ജസ്റ്റുമെന്റാണിത്. ഇതെല്ലാം കേരളജനതക്ക് ബോദ്ധ്യപ്പെടും' ചെന്നിത്തല അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ