- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമ്പത്തിക സമിതിയിൽ പി. ചിദംബരം; വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരും; വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ; ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായ കോൺഗ്രസിൽ സമവായവുമായി സോണിയാഗാന്ധി
ന്യൂഡൽഹി: തോൽവികൾ അടിക്കടി ആവർത്തിക്കുന്ന കോൺഗ്രസിൽ രൂക്ഷമായ പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ സമവായ ശ്രമവുമായി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തിയാണ് സോണിയയുടെ പുതിയ നീക്കം. ദേശീയ സുരക്ഷ, വിദേശകാര്യം, സാമ്പത്തിക കാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാർട്ടിയുടെ പ്രത്യേക സമിതികളിലാണ് വിമത നേതാക്കളെ ഉൾപ്പെടുത്തിയിരിക്കുന്നത്.സാമ്പത്തിക സമിതിയിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ഉൾപ്പെടുത്തി. വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരുമാണുള്ളത്.
നേരത്തെ 23 നേതാക്കൾ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിൽ പി. ചിദംബരം ഉണ്ടായിരുന്നില്ല.ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം കപിൽ സബലിന്റെ അഭിപ്രായപ്രകടനങ്ങളെ പിന്തുണച്ചുകൊണ്ട് സമാന നിലപാട് പ്രകടിപ്പിച്ച് ചിദംബരം രംഗത്തെത്തിയിരുന്നു.ബീഹാറിലെ തിരിച്ചടിയും ഉപതെരഞ്ഞെടുപ്പിലെ തോൽവിയും കോൺഗ്രസിനെ ബദലായി ജനങ്ങൾ കാണുന്നില്ലെന്നതിന്റെ തെളിവാണെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കപിൽ സിബലിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി അതൃപ്തിയുള്ളവർക്ക് പാർട്ടി വിടാം എന്ന് തുറന്നടിച്ചു.'ചില നേതാക്കൾക്ക് കോൺഗ്രസ് അവർക്ക് പറ്റിയ പാർട്ടിയല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ പാർട്ടി വിടുന്നതിൽ ഒരു തടസവുമില്ല. മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യാം. പക്ഷെ അവർ കോൺഗ്രസിന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല'. ചൗധരി പറഞ്ഞു.വിയോജിപ്പുള്ളവർ പാർട്ടിക്കുള്ളിലാണ് അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീഹാർ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം മോശമായിരുന്നുവെന്ന് കോൺഗ്രസിനുള്ളിൽ പോലും ആർക്കും അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു
മറുനാടന് ഡെസ്ക്