- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി കേന്ദ്രമന്ത്രി വി മുരളീധരൻ; നെടുമ്പാശ്ശേരിയിൽ എത്തിക്കുക വൈകുന്നേരം അഞ്ച് മണിയോടെ; സംസ്ക്കാരം നാളെ ഉച്ചയോടെ കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ; ഇന്ത്യയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തേക്കും
ഇടുക്കി: ഇസ്രയേലിൽ ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മൃതശരീരം ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കും. മൃതദേഹം വഹിച്ചുള്ള പ്രത്യേക വിമാനം ഇന്നലെ രാത്രി ഇസ്രയേലിൽ നിന്നും പുറപ്പെട്ടു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30 പുറപെടുമെന്ന് അറിയിച്ചെങ്കിലും 3 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ എത്തിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി.
വൈകിട്ട് 5 - ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദ്ദേഹം ഭർത്താവ് സന്തോഷും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി, രാത്രിയോടെ കീരിത്തോട്ടിലെ വസതിയിൽ എത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിനാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ ഉൾപടെയുള്ളവർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. ചൊവ്വാഴ്ചത്തെ വിമാനത്തിൽ ഇ മൃതദേഹം എത്തിക്കും എന്നായിരുന്നു ആദ്യം ബന്ധുക്കൾക്ക് ലഭിച്ച വിവരം. എന്നാൽ ഇസ്രയേൽ പ്രത്യേക വിമാനം ഇതിനായി സജ്ജീകരിച്ചതോടെയാണ് രണ്ടു ദിവസം നേരത്തെ മൃതദ്ദേഹം വീട്ടിലെത്തുന്നതിനുള്ള സാഹചര്യം സംജാതമായിട്ടുള്ളത്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവരുടെയെല്ലാം സമയോചിത ഇടപെടലും നടപടികൾ വേഗത്തിലാക്കുവാൻ സഹായകരമായെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഇസ്രയേലിൽ യുദ്ധ സാഹചര്യത്തിൽ ആദ്യമായി ഒരു വിദേശ ജീവനക്കാരി കൊല്ലപ്പെട്ട പശ്ചാത്തലവും സവിശേഷമാണ്. അതുകൊണ്ടുതന്നെ എല്ലാതരത്തിലും ഇസ്രയേൽ സർക്കാരിൽ നിന്നും സൗമ്യയുടെ കുടുംബത്തിന് എല്ലാ വിധത്തിലും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നാണ് ഇസ്രയേൽ എംബസി അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇസ്രയേലിൽ ഹോംനേഴ്‌സായ സൗമ്യ (31) ചൊവ്വാഴ്ച വൈകിട്ട് ഫോണിൽ ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റോക്കറ്റ് വീട്ടിലേക്ക് പാഞ്ഞുകയറിയാണ് മരണം സംഭവിച്ചത്. 80 വയസുള്ള ഇസ്രയേലി മുത്തശിയെ പരിചരിക്കുന്ന ജോലിയായിരുന്നു സൗമ്യക്ക്. ഇവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു വീഡിയോ കോൾ നാട്ടിലേക്കു വിളിച്ചത്. റോക്കറ്റ് വരുന്നതിനു മുന്നോടിയായുള്ള സൈറൺ മുഴങ്ങുമ്പോൾ സുരക്ഷിത താവളത്തിലേക്ക് മാറാൻ അവസരം ലഭിക്കുന്നതിനു മുൻപേ ദുരന്തം സംഭവിച്ചിരുന്നു.
സന്തോഷിന്റെ സഹോദരി ഷേർളിയും മറ്റൊരു ബന്ധു ജോമോനും ഇസ്രയേലിൽ തന്നെയാണ് ജോലി ചെയ്യുന്നത്. എന്നാൽ ഇവർക്ക് മൃതേദേഹത്തെ അനുഗമിക്കാൻ കഴിഞ്ഞിട്ടില്ല. ഭർത്താവ് സന്തോഷും ബന്ധുക്കളും സത്യവാങ്മൂലവും അനുബന്ധ രേഖകളും ഇസ്രയേലിലേക്ക് ബുധനാഴ്ച തന്നെ ഈമെയിൽ വഴി അയക്കാനായതും അനന്തര നടപടികൾ വേഗത്തിലാക്കാൻ സഹായകരമായി. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇതര മതസ്തരായ സന്തോഷും സൗമ്യയും വിവാഹിതരായത്. ഏക മകൻ അഡോൺ ജനിച്ച് ഒന്നര വർഷത്തിനു ശേഷമാണ് സൗമ്യ ഇസ്രയേലിലേക്ക് പോയത്. സന്തോഷിന്റെ സഹോദരി ബിന്ദുവിന്റ വിവാഹത്തിന് രണ്ടു വർഷം മുൻപാണ് ഒടുവിലായി സൗമ്യ നാട്ടിലെത്തിയത്.