കൊച്ചി: പുൽപ്പള്ളിയിൽ ജപ്തി ഭീഷണിയെത്തുടർന്ന് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ജീവനൊടുക്കിയ അഭിഭാഷകൻ എംവി ടോമിയുടെ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നം രമ്യമായി പരിഹരിക്കാൻ ആറു വർഷമായി ശ്രമിച്ചു വരികയായിരുന്നെന്ന് ബാങ്ക് അറിയിച്ചു. ടോമി നൽകിയ ഉറപ്പിന്മേൽ ഇതുവരെ അദ്ദേഹത്തിന്റെ സ്വത്ത് ജപ്തി ചെയ്തിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

ബാങ്കിന്റെ വിശദീകരണത്തിൽനിന്ന്:

ടോമിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖയിൽ 10 ലക്ഷം രൂപയുടെ ഭവന വായ്പയും രണ്ട് ലക്ഷം രൂപയുടെ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) വായ്പയും നിലവിലുണ്ട്. തിരിച്ചടവ് തെറ്റിയതിനാൽ ഈ വായ്പാ അക്കൗണ്ട് 2015 ഡിസംബർ 31ന് നിഷ്‌ക്രിയ അക്കൗണ്ടായി തരംതിരിച്ചിരുന്നു. തുടർന്ന് തുക വീണ്ടെടുക്കാൻ നിയമപ്രകാരമുള്ള സർഫാസി നടപടികൾ തുടങ്ങുകയും ചെയ്തു. വായ്പാ അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയ ശേഷം കഴിഞ്ഞ ആറ് വർഷങ്ങൾക്കിടെ സൗത്ത് ഇന്ത്യൻ ബാങ്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതു രമ്യമായി സെറ്റിൽ ചെയ്യാൻ ശ്രമിച്ചു വരികയായിരുന്നു. ഇതു പ്രകാരം തിരിച്ചടവിന് കൂടുതൽ സമയം അനുവദിക്കുകയും ചെയ്തിരുന്നതാണ്.

ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയത് കോടതി ഉത്തരവ് പ്രകാരം പൂർണമായും നിയമപരമായാണ്. കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരം ജപ്തി ചെയ്യാൻ ജമീലയെ കോടതി നിയോഗിക്കുകയും ചെയ്തു. ഇതു പ്രകാരം തുടർ നടപടികൾക്കായി ഈ മാസം 11ന് അഡ്വക്കറ്റ് കമ്മീഷണർ, പൊലീസ്, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഈട് വസ്തു സന്ദർശിച്ചു. ഉപഭോക്താവും പ്രദേശത്തെ പ്രധാന വ്യക്തികളുമായി ബാങ്ക് അധികൃതർ നടത്തിയ ചർച്ചയിൽ 16 ലക്ഷം രൂപ തിരിച്ചടക്കാൻ ഉപഭോക്താവ് സന്നദ്ധത അറിയിക്കുകയും ഈ തുക 10 ദിവസത്തിനകം അടയ്ക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ആദ്യ ഗഡു എന്ന നിലയിൽ ഇതേദിവസം തന്നെ നാല് ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. നിശ്ചിത ദിവസത്തിനകം തുക തിരിച്ചടയ്ക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് ഉപഭോക്താവും മധ്യസ്ഥരും ഒപ്പുവച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന് നൽകുകയും ചെയ്തു. ഈ ഉറപ്പിന്മേൽ ജപ്തി നടപടികൾ നിർത്തിവെക്കുകയും രണ്ട് ഘട്ടങ്ങളായി വിഷയം രമ്യമായി പരിഹരിക്കാമെന്ന് സമ്മതിച്ച് ഇതിലേക്കുള്ള മുൻകൂർ തുക കൈപ്പറ്റുകയും ചെയ്തിട്ടുള്ളതാണ്. ഈ ഉറപ്പ് ലഭിച്ചിട്ടുള്ളതിനാൽ ഉപഭോക്താവിനു മേൽ ബാങ്ക് ഒരു തരത്തിലുള്ള സമ്മർദ്ദവും ചെലുത്തിയിട്ടില്ല. രമ്യമായി വിഷയം തീർപ്പാക്കാൻ പരമാവധി ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്.