- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാഗ്രതൈ! നൈറ്റായാലും പകലായാലും ജോലി സമയത്തെ വെള്ളമടി ഇനി നടക്കില്ല; മദ്യപിച്ചു ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടാൻ കർശന നിർദ്ദേശവുമായി എസ് പി; ഉദ്യോഗസ്ഥർക്ക് വിനയായത് ഡ്യൂട്ടിക്കിടയിൽ നാവുകുഴഞ്ഞുള്ള സംസാരം
പത്തനംതിട്ട: രാത്രികാലങ്ങളിലുൾപ്പടെ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിക്കുമ്പോൾ കോൾ എടുക്കുന്ന ഉദ്യോഗസ്ഥരുടെ നാവുകുഴഞ്ഞുള്ള സംസാരം പൊലീസിന് നൽകിയത് എട്ടിന്റെ പണി.മദ്യപിച്ചു ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ കയ്യോടെ പിടിക്കാൻ ഡിവൈഎസ്പിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ജില്ലാ പൊലീസ് മേധാവി കർശന നിർദ്ദേശം നൽകി. പൊലീസ് സ്റ്റേഷനുകളിൽ മദ്യപിച്ചു ജോലി ചെയ്യുന്നു എന്ന പരാതി ശക്തമായതിനെ തുടർന്നാണു നടപടി.
പലപ്പോഴും പ്രത്യേകിച്ചും രാത്രി സമയങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്ക് പോലും സ്റ്റേഷനിൽ ബന്ധപ്പെടുമ്പോൾ ഫോണിലൂടെ നാവു കുഴഞ്ഞു സംസാരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചു ഭരണകക്ഷി നേതാക്കൾ അടക്കം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്പി യുടെ നിർദ്ദേശം നൽകിയിരിക്കുന്നത്.ഏതെങ്കിലും സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചതായി സംശയം തോന്നിയാൽ കയ്യോടെ മെഡിക്കൽ പരിശോധന നടത്താനും തുടർനടപടി സ്വീകരിക്കാനുമാണു തീരുമാനം. ഇതിനായി ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും സ്റ്റേഷനുകളിൽ പരിശോധന നടത്തും.
സ്റ്റേഷനുകളിൽ പൊലീസുകാർ മദ്യപിച്ചു ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിൽ ജി.ഡി ചാർജിൽ ഉള്ളവർ പോലും മദ്യപിച്ചു കാണുന്നു. ഡ്യൂട്ടിക്കിടയിലെ മദ്യപാനം അടുത്ത കാലത്തായി കൂടി വരുന്നു. സന്ധ്യ കഴിഞ്ഞാൽ ഉദ്യോഗസ്ഥർ കൂട്ടമായിരുന്നു മദ്യപിക്കുന്നു. രാത്രികാലങ്ങളിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നാവു കുഴഞ്ഞുള്ള സംസാരം ഇത്തരം സംശയം ബലപ്പെടുത്തുന്നു.
നൈറ്റ് ഡ്യൂട്ടിയിലുള്ള ഇൻസ്പെക്ടർമാരും ഡിവൈഎസ്പിമാരും സ്റ്റേഷനുകളിൽ എത്തി ഉദ്യോഗസ്ഥർ കൃത്യമായി ജോലിചെയ്യുന്നുണ്ടോ എന്നു പരിശോധിക്കണം. ആരെങ്കിലും മദ്യപിച്ചതായി ബോധ്യപ്പെട്ടാൽ മെഡിക്കൽ പരിശോധന നടത്തണമെന്നും വിഷയത്തിൽ എസ് പിയുടെതായി പുറത്തിറങ്ങിയ ഉത്തരവ് പറയുന്നു
മറുനാടന് മലയാളി ബ്യൂറോ