- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധി, ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; നൂറ് ശതമാനം ശിക്ഷ ലഭിക്കുമെന്ന് കരുതി; ശാസ്ത്രീയ തെളിവുകളും സാക്ഷികളുമുണ്ടായിട്ടും കണക്കിലെടുത്തില്ല; അപ്പീൽ പോകുമെന്ന് എസ്പി ഹരിശങ്കർ; നീതി തേടിയുള്ള മാലാഖമാരുടെ സമരത്തിന് കോടതിയിൽ തിരിച്ചടി
കൊച്ചി: നീതിതേടിയുള്ള മാലാഖമാരുടെ സമരത്തിനാണ് കോടതിയിൽ തിരിച്ചടി ഏറ്റിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുമ്പോൾ സമരം ചെയ്ത കന്യാസ്ത്രീകളുടെ ഭാവി എന്താകുമെന്ന ആശങ്ക അടക്കം രൂപപെട്ടിട്ടുണ്ട്. കേരള ചരിത്രത്തിൽ തന്നെ കന്യാസത്രീകൾ സമരം ചെയ്ത ആദ്യ സംഭവമായിരുന്നു ഈ കേസ്.
ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി അംഗീകരിക്കാൻ സാധിക്കില്ലെന്ന് എസ്പി ഹരിശങ്കർ പറഞ്ഞു. അതേസമയം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പ്രതികരിച്ചു.
ഒരു രീതിയിലും അംഗീകരിക്കാൻ പറ്റുന്ന വിധിയല്ല ഇതെന്നും കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ഇരയായ വ്യക്തിയെ 9 ദിവസം വിസ്തരിച്ചിരുന്നു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നു. ഇത്തരം കേസുകളിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം ഉണ്ട്. ഒരു ബലാത്സംഗക്കേസിൽ ഇരയുടെ മൊഴി മാത്രം കേട്ട് ശിക്ഷിക്കാമെന്ന മാർഗനിർദ്ദേശം ഉണ്ടായിരിക്കെ ഇത്രയും തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടായിട്ടും പ്രതിയെ വെറുതെവിട്ട നടപടി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും.
വിധി പരിശോധിച്ച ശേഷം തീർച്ചയായും അപ്പീൽ പോകേണ്ട കേസാണ് ഇത്. ഒരു കാരണവശാലും ഈ കേസ് ഇവിടെ അവസാനിക്കുന്നതല്ല. ഒരു തരത്തിലും ഈ കേസ് അന്വേഷണ സംഘം ഇവിടെ വിട്ടുകളയില്ല. വളരെ നല്ല രീതിയിൽ തെളിവുകളുള്ള കേസാണ് ഇത്. 2014 ൽ നടന്ന സംഭവം 2018 ൽ റിപ്പോർട്ട് ചെയ്തു എന്ന കാലതാമസം മാത്രമാണ് വന്നത്. പക്ഷേ കൃത്യമായ സാഹചര്യമുണ്ടെങ്കിൽ അത് കേസിനെ ബാധിക്കില്ല. പേടി, ആശങ്ക ഇതെല്ലാം മൊഴി നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഘടകമാണ്. ഇതിലെല്ലാം കൃത്യമായ തെളിവുകളുണ്ട്. മെഡിക്കൽ തെളിവുകൾ വരെ ഉള്ള സാഹര്യത്തിൽ ഇത്തരമൊരു വിധി അംഗീകരിക്കാനാവില്ല.
പ്രതിയെ കുറ്റക്കാരനായി കോടതി വിധിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി കോടതിയിൽ വന്ന് മൊഴി പറഞ്ഞ ആളുകൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. അവരെ സംബന്ധിച്ച് ഇനി വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അതുപോലെ നിശബ്ദരാക്കപ്പെട്ട പല ആളുകൾ കാണും. അത്തരത്തിലുള്ളവർ ഇനി മുന്നോട്ട് വരാൻ മടിക്കും. കുറ്റം ചെയ്തത് അധികാരശ്രേണിയിലുള്ള ആളാണെങ്കിൽ പോലും ശിക്ഷിക്കപ്പെടുമെന്ന സന്ദേശം കൊടുക്കാൻ കോടതിക്ക് സാധിച്ചില്ലെന്നും ഹരിശങ്കർ പറഞ്ഞു.
കന്യാസ്ത്രീകൾക്ക് കോടതിയിൽ തിരിച്ചടി. നീതിക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത കന്യാസ്ത്രീകൾക്ക് തിരിച്ചടിയാണ് ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തൻ എന്ന കോടതിയിൽ നിന്നുള്ള വിധി. വ്യവസ്ഥാപിത സഭ സമൂഹത്തിനെതിരെ നീതി തേടി ദൈവത്തിന്റെ മാലാഖമാർ 13 ദിവസമാണ് തെരുവിൽ സമരമിരുന്നത്. പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെയാണ് മഠത്തിന്റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയർന്നത്. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് പേർ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് അപ്രതീക്ഷിതമായിരുന്നു ആ കടന്ന് വരവുണ്ടായത്. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം.
ഒരു കൂട്ടായ്മയുടെയോ സംഘടനയുടെയോ പിൻബലമില്ലാതെ നിലപാടിന്റെ ഉറപ്പിലായിരുന്നു പൊതുസമൂഹത്തിന്റെ മനസാക്ഷിയിൽ പ്രതീക്ഷ അർപ്പിച്ച് അവരെത്തിയത്. തുടർച്ചയായി രണ്ടാം ദിവസവും കന്യാസ്ത്രീമാർ വഞ്ചി സ്ക്വയറിലെത്തി. മാധ്യമവാർത്തകളിലൂടെ വിഷയം പൊതുശ്രദ്ധയിലെത്തിയെങ്കിലും മൂന്നാം ദിവസമാണ് പ്രതിഷേധത്തിന് സമരരൂപമാകുന്നത്. ക്രൈസ്ത സഭയിലെ നീതി നിഷേധങ്ങൾക്കെതിരെയും പീഡനങ്ങൾക്കെതിരെയും സഭക്കുള്ളിൽ നിന്ന് തന്നെ ശബ്ദം ഉയർത്തുന്ന ഒരു കൂട്ടം വൈദികരുടെ പിന്തുണയിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിനൊപ്പം ഫാദർ അഗസ്റ്റിൻ വട്ടോളി കൺവീനറായി SAVE OUR SISTERS എന്ന സംഘടനയ്ക്ക് രൂപം നൽകി. പിന്നാലെ സംസ്ഥാനത്തെ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ സജീവമുഖങ്ങൾ ഇവർക്കൊപ്പം ചേർന്നു.
ഹൈക്കോടതി ജംഗ്ഷനിലെ സമരകേന്ദ്രം വിഷയത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരുന്നു. കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം,ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളും, സമൂഹപ്രവർത്തകരും നിരാഹാര സമരം തുടങ്ങിയിരുന്നു. അന്തർദേശീയ തലത്തിൽ അടക്കം ശ്രദ്ധിക്കപ്പെട്ട കേസിന്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അത് കന്യാസ്ത്രീകൾക്ക് തിരിച്ചടിയാകുമ്പോൾ അവരുടെ ഭാവി എന്താകുമെന്നാണ് ആശങ്ക ഉണ്ടായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ