ചെന്നൈ: കോവിഡ് ബാധിതനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ സെന്ററിൽ ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ കഴിയുന്ന ഗായകന് ഇപ്പോൾ ഡോക്ടർമാരെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന അത്രയും ശ്വാസതടസ്സം ഇപ്പോഴില്ല. അദ്ദേഹത്തിന് മുമ്പത്തേതിലും നന്നായി ശ്വസിക്കാൻ കഴിയുന്നുണ്ടെന്ന് മകൻ എസ്‌പി ചരൺ അറിയിച്ചു. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും നടൻ രജനികാന്തും എസ്‌പിബിയുടെ ആരോഗ്യവിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഡോക്ടർമാരോട് തമ്പസ് അപ്പ് ചിഹ്നം കാട്ടിയെന്നും അവരെ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും ഫേസ്‌ബുക്ക് വീഡിയോയിൽ എസ്‌പി ചരൺ പറഞ്ഞു. അദ്ദേഹം ലൈഫ് സപ്പോർട്ടോടെയാണ് കഴിയുന്നതെങ്കിലും, വളരെ വേഗം സുഖം പ്രാപിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കുറച്ചുദിവസത്തിനകം നമ്മളിലേക്ക് മടങ്ങി എത്തുമെന്നും വീഡിയോയിൽ എസ്‌പി.ചരൺ പറഞ്ഞു.

എസ്‌പിബിയുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അറിയുന്നത് സന്തോഷമുള്ള വാർത്തയാണെന്ന് സ്റ്റാലിൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്നും സംഗീത യാത്ര തുടരുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

എസ്‌പിബി അപകടനില തരണം ചെയ്തു എന്ന വാർത്ത അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്ന് രജനികാന്ത് കുറിച്ചു. കഴിഞ്ഞ അമ്പതിലേറെ വർഷങ്ങളായി തന്റെ മനോഹര ശബ്ദത്തിൽ നിരവധി ഭാഷകളിൽ പാടി എസ്‌പിബി ആളുകളെ സന്തോഷിപ്പിപ്പിച്ചെന്ന് രജനികാന്ത് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് വേഗം സുഖംപ്രാപിക്കാനായി താൻ പ്രാർത്ഥിക്കുന്നുവെന്നും രജനികാന്ത് കുറിച്ചു. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയറിലാണ് അദ്ദേഹത്തിന്റെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ആദ്യം കൊറോണ വൈറസ് ബാധിച്ച എസ്‌പിബിയെ അഞ്ചാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. അന്നുമുതൽ അദ്ദേഹം ഐസിയുവിൽ ലൈഫ് സപ്പോർട്ടോടെ കഴിയുകയാണ്.