- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേക്കറി തൊഴിലാളിയായ കൊരമ്പാലയിലെ ബിജെപി നേതാവ്; പരിവാറിനൊപ്പം എന്നും നിന്ന ചന്ദ്രൻ കർമ്മ സമിതിയിൽ സജീവമായത് അയ്യപ്പഭക്തി കാരണം; സിപിഎം ഏര്യാകമ്മറ്റി ഓഫീസിന് മുകളിൽ നിന്നുള്ള ആദ്യ കല്ലേറിൽ തകർന്നത് ചന്ദ്രന്റെ തലയോട്ടിയുടെ ഒരുഭാഗം; ഉണ്ണിത്താന്റെ കുടുംബത്തിൽ ഇനി പൂർണ്ണ പ്രതിസന്ധി; നഷ്ടമാകുന്നത് കുടുംബത്തിന്റെ ഏകാശ്രയമായ ചന്ദ്രന്റെ വരുമാനം; പന്തളത്ത് പ്രതിഷേധം ശക്തം
തിരുവനന്തപുരം: നിനച്ചിരിക്കാതെ വന്ന മരണവാർത്തയിൽ നടുങ്ങി ഇന്നലെ പന്തളത്ത് സിപിഎം കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താ(55)ന്റെ കുടുംബം.. ബേക്കറി തൊഴിലാളിയായ ചന്ദ്രന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഇന്നലെയും രാവിലെ ജോലിക്ക് പോയ ശേഷം, നിനച്ചിരിക്കാതെ വന്ന ചന്ദ്രന്റെ മരണവാർത്തയിൽ ഉലഞ്ഞിരിക്കുകയാണ് ചന്ദ്രന്റെ കുടുംബം. ഇന്നലെയും ചന്ദ്രൻ കൊരമ്പാലയിൽ ബേക്കറിയിൽ ജോലിക്ക് പോയിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രൻ ശബരിമല കർമ്മസമിതിയുടെ പ്രകടനത്തിൽ പങ്കെടുക്കുന്നത് വീട്ടുകാർ അറിഞ്ഞിരുന്നുമില്ല.
ചന്ദ്രന് പരുക്കേറ്റ വാർത്തയും അതിനെ തുടർന്ന് മരണ വാർത്തയുമാണ് ഭാര്യയേയും മകളെയും തേടിയെത്തിയത്. കുടുംബത്തിന് ഏകാശ്രയമായിരുന്ന ചന്ദ്രന്റെ മരണത്തോടെ കുടുംബം പൂർണ്ണ പ്രതിസന്ധിയിലേക്ക് മൂക്കുകുത്തുകയും ചെയ്തു. ഭാര്യ വിജയലക്ഷ്മിയും മകൾ അഖിലയും അടങ്ങുന്നതാണ് ഈ കുടുംബം. ഭാര്യയ്ക്ക് ജോലിയില്ല. മകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട്. ഭാര്യയും മകളുമാണ് ചന്ദ്രന്റെ വീട്ടിലുള്ളത്. ശബരിമല യുവതീ പ്രവേശനത്തിന് കടുത്ത എതിർപ്പായിരുന്നു അയ്യപ്പഭക്തനായ ചന്ദ്രന്. സജീവ ബിജെപി ബന്ധം ഉള്ളവരാണ് ചന്ദ്രനും ചന്ദ്രന്റെ കുടുംബവും.
ബിജെപിയുടെ കൊരമ്പാല ബൂത്ത് വൈസ് പ്രസിഡന്റായിരുന്ന ചന്ദ്രൻ ശബരിമല കർമ്മസമിതി രൂപീകരിച്ചതിനു ശേഷം കർമ്മസമിതിയുടെ സജീവ പ്രവർത്തകനായിരുന്നു ചന്ദ്രൻ. ഇന്നലെ ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുമെന്ന് ചന്ദ്രന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രതിഷേധ പ്രകടനം അറിഞ്ഞയുടൻ ചന്ദ്രൻ പന്തളത്ത് കർമ്മസമിതിയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു. പ്രതിഷേധ പ്രകടനത്തിന് എത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പക്ഷെ പ്രതിഷേധ പ്രകടനത്തിന് നേരെ അക്രമം നടക്കുമെന്ന് ഒരു സൂചനയും പൊലീസിൽ നിന്ന് ലഭിച്ചിരുന്നില്ല.
ബിജെപിക്കും കർമ്മസമിതിക്കും അക്രമത്തിനെ കുറിച്ച സൂചനകൾ ഉണ്ടായിരുന്നില്ല. പക്ഷെ സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനം പന്തളം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപം എത്തിയപ്പോൾ കല്ലുകളും ചുട്ടുകട്ടകളും പ്രതിഷേധ പ്രകടനത്തിന് നേരെ ചീറിയെത്തി. വലിയ കല്ലുകൊണ്ടുള്ള ആദ്യ ഏറ് തന്നെ ചന്ദ്രന്റെ തലയിലാണ് കൊണ്ടത്. ശക്തമായ ഏറിൽ ചന്ദ്രന്റെ തലയോട്ടിയുടെ ഒരു വശം അപ്പോൾ തന്നെ തകർന്നിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ത പ്രവാഹം തടയാൻ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്ന് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അവിടുത്തെ ഡോക്ടർമാർക്കും ചന്ദ്രനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി പത്തേ മുക്കാലോടെ ഇതേ ആശുപത്രീയിൽ വെച്ച് ചന്ദ്രൻ മരിക്കുകയും ചെയ്തു.
ചന്ദ്രന്റെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുവരും. നാളെ ഉച്ചയ്ക്ക് ചന്ദ്രന്റെ കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള അടക്കമുള്ളവർ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശബരിമല യുവതീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം നടത്തിയതിൽ അയ്യപ്പന്റെ സ്വന്തം നാടായ പന്തളത്ത് രാഷ്ട്രീയ കക്ഷി ഭേദമന്യേ പ്രതിഷേധം ശക്തമാണ്. കല്ലേറിൽ പരിക്കേറ്റ 10 പേരിൽ സിവിൽ പൊലീസ് ഓഫീസറടക്കം 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്, സംഭവത്തിൽ രണ്ടു പ്രതികൾ ഇപ്പോൾ പന്തളം പൊലീസ് കസ്റ്റഡിയിലുണ്ട്. .
സിപിഎം പ്രവർത്തകരായ കണ്ണൻ, അജു എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. ഇതിൽ ഒരു പ്രതി മുഖ്യപ്രതിയാണെന്നു പത്തനംതിട്ട എസ്പി ടി.നാരായണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ പ്രതികളെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഓടിച്ചിട്ടു പിടിച്ചതാണ്. പക്ഷെ ഈ രണ്ടു പ്രതികൾ മാത്രമല്ല. കൂടുതൽ പ്രതികൾ ഉണ്ട്. അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ന് കസ്റ്റഡി നടപടികളിലേക്ക് നീങ്ങുമെന്നും എസ്പി നാരായണൻ പറഞ്ഞു.