- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതീ പ്രവേശത്തെ തുടർന്നുണ്ടായ അക്രമം കൈവിട്ട കളിയാകുന്നു; കണ്ണൂരും തലശ്ശേരിയും ആശങ്കയുടെ മുൾമുനയിൽ; നേതാക്കളുടെ വീടിന് നേരേയും പാർട്ടി ഓഫീസുകൾക്ക് നേരെയും അക്രമം തുടരുന്നു; അനേകം പേർ ആക്രമിക്കപ്പെട്ടു; തിരുവിതാംകൂർ ശാന്തതയിലേക്ക് നീങ്ങുമ്പോൾ മലബാർ കലാപകലുഷിതം; ഏഴിടത്ത് ബോംബേറ്; പാർട്ടി ഓഫീസുകൾക്കുനേരെ ആക്രമണം; ബിജെപിയും സിപിഎമ്മും വാശിക്ക് വാശിയുമായി കേരളത്തെ കലാപഭൂമിയായി മാറ്റുമ്പോൾ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തെത്തുടർന്നുണ്ടായ അക്രമം കണ്ണൂരിനെ കലാപകലുഷിതമാക്കുന്നു. സമാധാന യോഗങ്ങളെ പോലും അട്ടിമറിച്ച് സിപിഎമ്മും ബിജെപിയും തെരുവിൽ ഏറ്റുമുട്ടുകയാണ്. ശബരിമലയിലെ പ്രതിഷേധം വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ബിജെപി.-സിപിഎം. നേർക്കുനേർ പോരാട്ടമായി. സംസ്ഥാനത്തിന്റെ പലഭാഗത്തും ഇരുപാർട്ടികളുടെയും പ്രവർത്തകർ ഏറ്റുമുട്ടി. ഏറ്റവും പ്രശ്നമായത് കണ്ണൂരിലും. നേതാക്കളുടെ വീട്ടിലേക്ക് പരസ്പരം ബോംബ് എറിഞ്ഞായിരുന്നു പക തീർക്കൽ. വി.മുരളീധരൻ എംപി.യുടെയും എ.എൻ. ഷംസീർ എംഎൽഎ.യുടെയും വീടുകളുൾപ്പെടെ പത്തിടത്ത് ബോംബേറുണ്ടായി. ഇതോടെ കണ്ണൂരിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലായി.
തെക്കൻ കേരളത്തിലാണ് ശബരിമലയിലെ പേരിൽ സംഘർഷങ്ങൾ തുടക്കത്തിൽ സജീവമായത്. തിരുവനന്തപുരവും പത്തനംതിട്ടയും സംഘർഷത്തിൽ സതംഭിച്ചു. എന്നാൽ പതിയേ ഇവിടെ സമാധാനം തിരിച്ചു വരുന്ന സാഹചര്യമുണ്ടായി. ഒറ്റപ്പെട്ട അക്രമങ്ങളിലേക്ക് കാര്യങ്ങളെത്തി. ഇതിനിടെയാണ് പൊലീസിനെ പ്രതിസന്ധിയിലാക്കി കണ്ണൂരിൽ കലാപം തുടങ്ങിയത്. തിരുവനന്തപുരം നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിലും അടൂർ, പന്തളം, കൊടുമൺ സ്റ്റേഷൻ പരിധികളിലും മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് നഗരത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വൈകീട്ട് അവസാനിച്ചു. പാലക്കാടും സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. എന്നാൽ കണ്ണൂരിലെ പ്രശ്നങ്ങൾ സ്ഥിതി ഗുരുതരമാക്കാൻ സാധ്യതയൊരുക്കും.
ഇരിട്ടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻശ്രമം നടന്നു. പെരുമ്പറമ്പിലെ വി കെ വിശാഖിനെ(28)യാണ് ആക്രമിച്ചത്. കണ്ണൂർ എകെജി ആശുപ്ത്രിയിൽ പ്രവേശിപ്പിച്ച വിശാഖിനെ പരിയാരം മെഡിക്കൽ കോളേജ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിശാഖിന്റെ വയറിൽ ആഴത്തിലുള്ള മുറിവുണ്ട്. വെള്ളിയാഴ്ച രാത്രി പത്തോടെ പെരുമ്പറമ്പിലെ സജീവന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് കാറുകളിലെത്തിയ ആർഎസ്എസ് സംഘം വളഞ്ഞിട്ട് വെട്ടിയതെന്ന് സിപിഎം ആരോപിക്കുന്നു. കാലുകൾക്കും തലക്കും ശരീരത്തിൽ പലേടത്തും വെട്ടേറ്റു. ഉടൻ നാട്ടുകാർ ആശുപത്രിയിലെതുകൊണ്ടുപോയി. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. ഇതേ സമയമാണ് വ്യാപക അക്രമങ്ങൾ തലശേരിയിലും നടക്കുന്നത്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെയുള്ള് ബോംബേറ് കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലെത്തിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ബൈക്കിലെത്തിയവർ കോടിയേരി മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞത്. മുറ്റത്താണ് ബോംബ് വീണു പൊട്ടിയത്. ഷംസീർ ഈ സമയം തലശേരി എഎസ് പി ഓഫീസിൽ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേർത്ത സമാധാനയോഗത്തിൽ പങ്കെടുക്കുകയായിരുന്നു. ഷംസീറിന്റെ ഉപ്പയും ഉമ്മയും സഹോദരിയും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വാട്ടർ ടാങ്കും മുറ്റത്തെ ചെടിച്ചട്ടികളും തകർന്നു. ആസൂത്രിത ആക്രമണമാണ് നടന്നതെന്നു വ്യക്തമാണെന്ന് സിപിഎം പറയുന്നു. ആർഎസ്എസ് - ബിജെപി നേതാക്കൾകൂടി പങ്കെടുത്ത സമാധാന യോഗത്തിനുശേഷം അക്രമം നടത്താനാവില്ലെന്ന ബോധ്യത്തിൽ യോഗം അവസാനിക്കുന്നതിനു മുമ്പ് തിരക്കിട്ട് തങ്ങളുടെ ആക്രമണ പദ്ധതി നടപ്പാക്കുകയായിരുന്നുവെന്നാണ് ആരോപണം. സിപിഐ എം മുൻ ജില്ലാ സെക്രട്ടറി പി ശശിയുടെ തലശേരിയിലെ വീടിനും വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ബോംബേറുണ്ടായി.
പിന്നാലെ വി.മുരളീധരന്റെ തറവാട്ട് വീടിനുനേരേ ബോംബേറ്. എരഞ്ഞോളി വാടിയിൽപീടികയിലെ വീടിനുനേരേ വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അക്രമം. വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ് രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. സംഘർഷസാധ്യത പരിഗണിച്ച് കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്ക് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂർ എ ആർ ക്യാമ്പിൽനിന്നും വയനാടു നിന്നും കോഴിക്കോടുനിന്നുമാണ് കൂടുതൽ പൊലീസുകാരെ വിന്യസിച്ചത്. പൊലീസുകാരോട് അവധി റദ്ദാക്കി ഡ്യൂട്ടിക്കെത്താനും നിർദ്ദേശിച്ചിട്ടുണ്ട.
കണ്ണൂരിലെ പുതിയതെരുവിലുള്ള ബിജെപി. ചിറയ്ക്കൽ മേഖലാഓഫീസിന് വെള്ളിയാഴ്ച പുലർച്ചെ തീയിട്ടു. വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മൂപ്പൻപാറയിലെ സുരേഷി(53)ന് പൊള്ളലേറ്റു. ആദികടലായിയിലെ ശ്രീറാം സ്ട്രൈക്കേഴ്സ് ക്ലബ്ബ് തീവെച്ചു. കതിരൂരിൽ ഹർത്താലിന് തുറക്കാത്ത 20 കടകളുടെ പൂട്ടിനുള്ളിൽ ടാർ നിറച്ചു പിലാത്തറയിൽ ബിജെപി. പ്രാദേശികനേതാവ് വെള്ളാലത്തെ കെ.വി. ഉണ്ണികൃഷ്ണവാരിയരുടെ വീടിനും കടയ്ക്കും നേരെ ആക്രമണമുണ്ടായി.
തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സംഘർഷങ്ങൾ
തിരുവനന്തപുരത്ത് സംഘർഷം നിയന്ത്രണ വിധേയമാണ്. പൊലീസ് അതി ശക്തമായ നടപടികൾ തുടരുകയാണ്. മലയിൻകീഴിൽ സ്വകാര്യ സ്കൂൾമുറ്റത്തുനിന്ന് മൂന്ന് ബോംബ് കണ്ടെത്തി. ഇതിനിടെ നെടുമങ്ങാട് നഗരസഭാ സ്ഥിരംസമിതി ചെയർമാനും സിപിഎം. നേതാവുമായ പി. ഹരികേശൻ നായരുടെ വീട് ആക്രമിച്ചു. ആർഎസ്എസ്. നെടുമങ്ങാട് താലൂക്ക് കാര്യവാഹിന്റെ വീടിനുനേരെ ബോംബേറ് ഉണ്ടായി.
നെയ്യാറ്റിൻകര പൂവാർറോഡിലെ സിപിഎം. ഏരിയാകമ്മിറ്റി ഓഫീസിലേക്ക് പെട്രോൾബോംബ് എറിഞ്ഞു. വലിയമലയിൽ എസ്.എഫ്.ഐ. ഏരിയാകമ്മിറ്റിയംഗം aഹരിയുടെ വീട് ബോംബാക്രമണത്തിൽ തകർന്നു. സിപിഎം. ഖാദിബോർഡ് ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, ഡിവൈഎഫ്ഐ. പഴകുറ്റി മേഖലാപ്രസിഡന്റ് വിഷ്ണു എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണം.
അടൂർ സംഘർഷഭരിതം
പന്തളത്ത് ശബരിമല കർമ്മ സമിതി പ്രവർത്തകനെ സിപിഎം കല്ലേറിൽ മരിച്ചിരുന്നു. ഇന്നലെയായിരുന്നു ചന്ദ്രൻ ഉണ്ണിത്താന്റെ സംസ്കാര ചടങ്ങ്. ഇതിന് ശേഷവും പന്തളം സമാധനത്തിലാണ്. എന്നാൽ അടൂരിൽ കാര്യങ്ങൾ ഗൗരവതരമാണ്. കൊടുമണ്ണിൽ സിപിഎം. ഏരിയാകമ്മിറ്റി ഓഫീസ് ആക്രമിച്ചു.അടൂരിൽ മൊബൈൽ കടയ്ക്കുനേരെ വെള്ളിയാഴ്ച പകൽ 11.30-ന് നാടൻബോംബേറുണ്ടായി. ഏഴുപേർക്ക് പരിക്കേറ്റു. സിപിഎം. അനുഭാവിയുടെ കടയാണ് അക്രമത്തിന് ഇരയായത്. ഏറത്ത് സിപിഎം., ആർഎസ്എസ്. പ്രവർത്തകരുടെ വീടുകൾ രാത്രി ആക്രമിക്കപ്പെട്ടു. ഇരുഭാഗത്തുമായി എട്ടു വീടുകൾ തകർന്നു. സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജുവിന്റെ വീടും ആക്രമിക്കപ്പെട്ടു.
സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അടൂർ താലൂക്ക് പരിധിയിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടൂരിന് പുറമെ പന്തളം, കൊടുമൺ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടെ തുടങ്ങിയ അക്രമ സംഭവങ്ങൾ വെള്ളിയാഴ്ചയും തുടർന്ന സാഹചര്യത്തിലാണിത്. അടൂരിലെ മൂന്നോളം വീടുകൾക്കുനേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവമുണ്ടായി. പരിക്കേറ്റ ഏഴുപേർ ചികിത്സയിലാണ്. സിപിഎം പ്രാദേശിക നേതാക്കൾ അടക്കമുള്ളവരുടെ വീടുകൾക്കുനേരെയാണ് സ്ഫോടകവസ്തു എറിഞ്ഞത്. ആർ.എസ്.എസിന്റെ ഗുരുവായൂരിലെ കാര്യാലയത്തിനുനേരെ പെട്രോൾബോംബെറിഞ്ഞു. ബിയർ കുപ്പിയിൽ പെട്രോൾനിറച്ചശേഷം തുണിതിരുകിയാണ് എറിഞ്ഞത്. അത് മണ്ണിൽക്കിടന്ന് നിർവീര്യമായി.