തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തിൽ സർക്കാരും ഹിന്ദു സംഘടനകളും തമ്മിൽ ഏറ്റുമുട്ടൽ വരുമോ? അത്തരം ഒരു ഏറ്റുമുട്ടലിന്റെ സൂചന നൽകിയാണ് ശബരിമല കർമസമിതി വർക്കിങ് ചെയർപേഴ്‌സണുംഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുമായ കെ.പി.ശശികല മറുനാടനോട് സംസാരിച്ചത്. യുവതികൾ കയറിയതിനെ തുടർന്ന് ശബരിമലയിൽ ശുദ്ധികലശം നടന്നു. ശബരിമല ആചാരലംഘനം നടന്നതിന്റെ പേരിലാണ് ശുദ്ധികലശം നടന്നത്. അത് തന്ത്രിയും മേൽശാന്തിയും ആലോചിച്ച് നടത്തിയത്. ഇനി കേരളം കാണാൻ പോകുന്നത് ഭക്തരുടെ ശുദ്ധികലശമാകും- ശബരിമല കർമസമിതി വർക്കിങ് ചെയർപേഴ്‌സൺ കെ.പി.ശശികല .മറുനാടൻ മലയാളിയോട് പറഞ്ഞു.

ചില ശുദ്ധികലശം കേരളത്തിൽ നടത്താനുണ്ട്. ചില മാലിന്യങ്ങൾ കേരളത്തിൽ നിന്നും നീക്കം ചെയ്യാനുമുണ്ട്. അത്തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലാണ് ഇനി ഭക്തർ ശ്രദ്ധിക്കുന്നത്. വളരെ രഹസ്യമായാണ് സർക്കാരും പൊലീസും ശബരിമലയിൽ യുവതികളെ കയറ്റി ആചാരലംഘനം നടത്തിയത്. സർക്കാരും പൊലീസും രഹസ്യമായി നടപടികൾ നടത്തിയാൽ സംഘടനകൾക്കും രഹസ്യമായി കാര്യങ്ങൾ ചെയ്യാമല്ലോ. സർക്കാരിന് മാത്രമല്ല രഹസ്യാത്മകയുള്ളത്. സംഘാടനകൾ കൂടിയുണ്ട്. സർക്കാരിന്റെ രഹസ്യ നീക്കത്തിന്റെ പശ്ചാത്തലത്തിൽ സംഘടനകൾക്കും രഹസ്യനീക്കം ആവാമല്ലോ.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് ചതിയിലൂടെയാണ്. സർക്കാർ ആണ് ഭക്തരുടെ നേർക്ക് ഇത്തരം ഒരു ചതി ചെയ്തത്. ഈ ചതികൾ ഹിന്ദു സംഘടനകളും ഭക്തരും എങ്ങിനെ നോക്കിക്കാണണമെന്നു കൂടി സർക്കാർ ചിന്തിക്കേണ്ടതുണ്ട്-ശശിക പറയുന്നു. ഇന്നലെ വനിതാ മതിൽ നടന്നതിന് ശേഷം വളരെ നാടകീയമായാണ് മുഖ്യമന്ത്രിയുടെ അറിവോടെ ശബരിമലയിൽ യുവതികളെ സർക്കാർ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി ഈ കാര്യം സ്ഥിരീകരിച്ചതോടെ ശബരിമല ക്ഷേത്ര നട അടച്ചിട്ട് ശുദ്ധിക്രിയ ചെയ്യാൻ തന്ത്രി തീരുമാനമെടുത്തിരുന്നു. ശുദ്ധികലശത്തിനായി നട അടക്കുകയും ചെയ്തിരുന്നു. .

ഇന്നു പുലർച്ചെ മൂന്നേ മുക്കാലിനാണ് ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വിഡിയോയും പുറത്തുവന്നിരുന്നു. ഇതിനു മുൻപ് കഴിഞ്ഞ ഡിസംബർ 24നും ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു. അതിനുശേഷം ബിന്ദുവും കനകദുർഗയും എവിടെ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. കനകദുർഗയെ കാണുന്നില്ലെന്ന് പറഞ്ഞു ഭർത്താവിന്റെ പരാതിയും വന്നിരുന്നു. പൊലീസും ഈ കാര്യത്തിൽ വ്യക്തമായ ഒരു മറുപടി നൽകിയിരുന്നില്ല. അജ്ഞാത സ്ഥലത്ത് നിന്നുള്ള, സുരക്ഷിതയാണ് എന്ന് പറയുന്ന വീഡിയോയും പുറത്തിറിങ്ങിയിരുന്നു.

പക്ഷെ ഇപ്പോൾ ഇന്നലെ വനിതാ മതിലിനു ശേഷം സർക്കാർ സംവിധാനങ്ങൾ തന്നെ ഇവരെ ശബരിമലയിൽ എത്തിക്കുകയായിരുന്നു. ശബരിമല ദർശനത്തിനു ശേഷം ഇവരുടെ പ്രതികരണം വന്നപ്പോഴാണ് ബിന്ദുവും കനകദുർഗയും ദർശനം നടത്തി എന്ന കാര്യം കേരളം അറിയുന്നത്. ഒപ്പം ഇവർ ശബരിമലയിൽ ഉള്ള വീഡിയോയും പുറത്തിറങ്ങിയിരുന്നു. അതിനുശേഷമാണ് ഇവർ ശബരിമല ദർശനം നടത്തി എന്ന് മുഖ്യമന്ത്രിയുടെ തന്നെ സ്ഥിരീകരണം വരുന്നത്. യുവതീ പ്രവേശന വിഷയത്തോടെ അണഞ്ഞു കിടന്ന ശബരിമല യുവതീ പ്രവേശന വിഷയം ആളിക്കത്തുകയാണ്. ഈ ആളിക്കത്തലിനു ബലം നൽകുകയാണ് ശബരിമല കർമ്മ സമിതിയുടെ ചെയർപെഴ്‌സ്ൻ ആയ ശശികല ടീച്ചറുടെ വെളിപ്പെടുത്തൽ വഴി വരുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ ഇനി പിണറായി വിജയനെ അനുവദിക്കില്ലെന്ന് യുവതികൾ ദർശനം നടത്തിയതിനെതിരെ തുറന്നടിച്ച് കെ പി ശശികല. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നാണ് ഹിന്ദു ഐക്യവേദി നേതാവ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.സംസ്ഥാനത്തൊട്ടാകെ യുവമോർച്ച പ്രതിഷേധിക്കുന്നുണ്ട്. ഗുരുവായൂരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെയും കണ്ണൂർ ഇരിട്ടിയിൽ ആരോഗ്യ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെയും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.