കോതമംഗലം: തന്റെ ചികിത്സാചെലവിനെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയവർ വീട്ടിലെത്തി തളർന്നുകിടക്കുന്ന തന്നെ ആക്രമിച്ചതായി 24 കാരിയുടെ പരാതി. കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ അയ്യങ്കാവിൽ ഇരുട്ടുകാവ്ക്ഷേത്രത്തിനടുത്ത് വാടകവീട്ടിൽ കഴിയുന്ന പെരുമ്പാവൂർ മാണിക്യൻ ശിവദുർഗ്ഗ സ്വാമിയാർ മഠത്തിൽ പരേതനായ കണ്ണന്റെ മകൾ രജനി ലക്ഷമി പാർവ്വതിയാണ് ഇക്കാര്യം മറുനാടനോട് വെളിപ്പെടുത്തിയത്. പ്രായമായ മാതാവ് അമ്മിണിയും ലക്ഷമിയും മാത്രമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.

വിവരം വിളിച്ച് പറഞ്ഞപ്പോൾ വനിത മതിലിന്റെ തിരക്കിലാണെന്ന് സിഐ അറിയിച്ചു. സ്റ്റേഷനിൽ വിളിച്ച് വിവരം പറയാൻ പറഞ്ഞെന്നും സ്റ്റേഷനിൽ വിളിച്ചപ്പോൾ പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ രാത്രി ഇവിടെ കഴിച്ചുകൂട്ടിയാൽ തനിക്കും മാതാവിനും ആപത്ത് നേരിടുമോ എന്ന ഭയമുണ്ടെന്നും രജനി പറയുന്നു. നെല്ലിക്കൂഴി സ്വദേശിയായ അലിയാരും പാട്ടുകാരനായ റിജുവും ചേർന്നാണ് തന്നേ ആക്രമിച്ചതെന്നും മുറിക്കുള്ളിലിരുന്നതും താൻ ഉപയോഗിച്ചുവന്നിരുന്നതുമായ വസ്തുവകകൾ ഇവർ നശിപ്പിച്ചു എന്നുമാണ് രജനി പരാതി.

31-ന് ഒഴിവാകണമെന്ന് പറഞ്ഞതല്ലെ ,ഇന്ന് വൈകുന്നേരം ഒഴിവായിക്കോണം, 6 മണികഴിഞ്ഞിട്ട് ഇവിടെ കാണരുത് എന്നിങ്ങനെ ഭീഷണിപ്പെടുത്തി, ജനലിൽക്കൂടി കൈയിട്ട് തന്നെ വലിച്ചുലച്ചെന്നും കൈയിൽപ്പിടിച്ച് പുറത്തേക്ക് വലിച്ചുവെന്നും ജനലഴികളും ശരീരവും തമ്മിലമർന്ന് നെഞ്ചിനും കൈപ്പലകയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. നേരത്തെ അലിയാരും പാട്ടുകാരനായ റിജുവും ചേർന്ന് തന്നെ ചികിത്സിക്കാനെന്ന വ്യാജേന വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നെന്നും ഈയിനത്തിൽ ലഭിച്ച തുക തനി്ക്ക് ലഭിച്ചിരുന്നില്ലന്നും ഇത് സംമ്പന്ധിച്ച് താൻ പൊലീസിൽ പരാതിയും നൽകിയിരുന്നെന്നും രജനി പറയുന്നു.
അലിയാരുമായി പരിചയപ്പെട്ടതും തുടർന്നുനടന്ന സംഭവങ്ങളെക്കുറിച്ചും രജനി പറയുന്നത് ഇങ്ങിനെ:

'പിതാവ് ഏതാനും വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടു. ഈ സമയം മുതൽ വാടക വീടുകളിലാണ് താമസിച്ചുവന്നിരുന്നത്. കരിങ്ങഴയിലും നെല്ലിമറ്റത്തും നെല്ലിക്കുഴിയിലുമെല്ലാം വാടക വീടുകളിലാണ് കഴിഞ്ഞിരുന്നത്. എനിക്കും അമ്മയ്ക്കും രോഗബാധ നേരിട്ടതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. അല്ലറ ചില്ലറ ജോലികളിൽ നിന്നും അമ്മയ്ക്ക് കിട്ടിയിരുന്ന ചെറിയ വരുമാനത്തിൽ നിന്നുമാണ് ചികത്സയും മറ്റും നടത്തിയിരുന്നത്. ദുരവസ്ഥയറിഞ്ഞ് മുൻസിപ്പൽ കൗൺസിലർ ഇടപെട്ട് ചികത്സാ സഹായം സ്വരൂപിക്കാൻ പദ്ധതിയിട്ടിരുന്നു. ഈയവസരത്തിലാണ് പരിചയക്കാരൻ വഴി അലിയാരിനെ കണ്ടുമുട്ടുന്നത്.

തന്റെ നേതൃത്വത്തിൽ പലർക്കും ചികത്സാ സഹായം പിരിച്ച് നൽകിയിട്ടുണ്ടെന്നും സഹായിക്കാമെന്നും പറഞ്ഞ് ഇയാൾ മുന്നോട്ടുവന്നു. വാഹനങ്ങളിൽ ഫ്ലക്സ് സ്ഥാപിച്ച് പാട്ട് പാടിയായിരുന്നു ഇവർ തുക സമാഹരിച്ചിരുന്നത്. ഈയവസരത്തിൽ നെല്ലിക്കുഴിയിലെ വാടക വീട്ടിലായിരുന്നു താമസം. മാസങ്ങളോളം അലിയാർ പിരിവ് നടത്തിയിട്ടും പണം നൽകിയില്ല. പൊലീസ് കേസ്സും മറ്റും ഇക്കാര്യത്തിലുണ്ടായി. തുടർന്ന് പഞ്ചായത്ത് മെമ്പറും മറ്റും ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്ക് വീട് വാടകയ്ക്കെടുത്തുനൽകാൻ ഇയാൾ മുന്നോട്ടുവന്നു. എന്നാൽ വാടകയോ അഡ്വാൻസോ നൽകാൻ ഇയാൾ തയ്യാറായിരുന്നില്ല. വാഹനങ്ങളിൽ സാധനങ്ങൾ കയറ്റി -ഇറക്കുന്നതിന് വരെ അലിയാർ പണം പറ്റുകയും ചെയ്തിരുന്നു. ഫലത്തിൽ ഒരു ബ്രോക്കറുടെ പണിമാത്രമായിരുന്നു ഇയാൾ ചെയ്തത്.

ഇളംബ്രയിൽ നിന്നും വീട് ഒഴിയേണ്ടിവന്നപ്പോൾ നെല്ലിക്കുഴിയിലും ഇവിടെ നിന്ന് ഇപ്പോഴത്തെ താമസസ്ഥലത്ത് എത്തിച്ചതും അലിയാരാണ്. ഇപ്പോൾ താമസിക്കുന്ന വീട് മറ്റൊരാൾ വാടകയ്ക്കെടുത്തതായിരുന്നെന്നും ഈ വിവരം മറച്ചുവച്ചാണ് അലിയാർ തങ്ങളെ ഇവിടെ താസിക്കാൻ എത്തിച്ചതെന്നും രജനി പറയുന്നു. ഇപ്പോൾ ഇയാളുടെയും സിൽബന്ധികളുടെയും ശല്യം മൂലം തനിക്ക് ജിവിക്കാൻ വയ്യാത്ത അവസ്ഥയിലായിട്ടുണ്ടെന്നും പൊലീസ് ഇടപെടൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ മുടക്കിയിരിക്കുകയാണന്നും ഭീതി ജനകമായ ഇന്നത്തെ ജിവിത സാഹചര്യം തരണം ചെയ്യാൻ ഭരണകർത്താക്കളും സാമൂഹ്യപ്രവർത്തകരും സഹായിക്കണമെന്നുമാണ് രജനിയുടെ ആവശ്യം.

നാല് വർഷത്തിലേറെയായി ചലന ശേഷി നഷ്ടപ്പെട്ട് പരസഹായമില്ലാതെ തിരിഞ്ഞുകിടക്കാൻ പോലുമാവാത്ത അവസ്ഥയിൽ കഴിയുന്ന ഇവരുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്. പിതാവ് നേരത്തെ മരിച്ച രജിനിക്ക് ഒപ്പം ഇപ്പോൾ കൂട്ടിനുള്ളത് 50 പിന്നിട്ട-ഹൃദ്രോഗിയായ മാതാവ് അമ്മിണി മാത്രമാണ്. താമസിക്കുന്നതാവട്ടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വായനശാലപ്പടിയിൽ നിന്നും മൂന്ന് കിലോ മീറ്ററോളം അകലെ ഇരുട്ടുകാവ് ക്ഷേത്രത്തിന് സമീപം നാലേക്കർ സ്ഥലത്തെ ഒറ്റപ്പെട്ട വീട്ടിലും. ഈ വാടക വീട്ടിൽ സ്വസ്ഥമായി ഉറങ്ങിയിട്ട് ഏറെ നാളുകളേറെയായെന്നെന്നാണ് ഇരുവരുടെയും പരിദേവനം.

സാമൂഹ്യവിരുദ്ധരെ ഭയന്ന് മകൾക്ക് നേരാം വണ്ണം പ്രാഥമിക കൃത്യങ്ങൾ നടത്തുന്നതിനോ വസ്ത്രം മാറ്റി ദേഹത്ത് തൈലം പുരട്ടുന്നതിനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അമ്മിണി വ്യക്തമാക്കി. രാത്രിയായാൽ വീടിന്റെ പലഭാഗത്തുനിന്നും കാൽപെരുമാറ്റം കേൾക്കുന്നുണ്ടെന്നും കൂട്ടം ചേർന്നുള്ള മദ്യപാനം നടക്കുന്നുണ്ടെന്നും ചിലർ സ്ത്രീകളെ ഇവിടെ എത്തിച്ച് അനാശാസ്യം നടത്തുന്നുണ്ടെന്നുമാണ് ഇരുവരും പങ്കിടുന്ന വിവരം. മച്ചിട്ട വീടിന്റെ മുൻവശത്തെ മുറിയിലാണ് രജനി കിടക്കുന്നത്. മാതാവ് പുറത്തുപോകുമ്പോൾ വീടിന്റെ മുൻവാതിലും പിൻവാതിലും പൂട്ടും.

മകളെ സംരക്ഷിക്കാൻ വേറെ വഴിയില്ലെന്നാണ് അമ്മിണിയുടെ പക്ഷം. സമീപത്തുള്ള ക്ഷേത്രങ്ങളിലെ ചെറുജോലികളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരിപ്പോൾ ജീവിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന്റെ താക്കോൽ കെട്ടിട ഉടമയുടെ കൈവശത്തിലാണെന്നും ഈ ഭാഗത്തുകൂടെയാണ് സാമൂഹ്യവിരുദ്ധർ വീടിനുള്ളിൽ കടന്ന് മച്ചിന്റെ മുകളിൽ എത്തുന്നതെന്നാണ് രജനിയും മാതാവും വിശ്വസി്ക്കുന്നത്.
പുലർച്ചെ 5 മണിയോടെ താൻ ഉറക്കമുണരുമ്പോൾ പലപ്പോഴും മച്ചിന്റെ മുകളിലെ ചെറിയവിടവുകളിലൂടെ താഴേയ്ക്ക് പ്രകാശം പതിക്കുന്നതായി കണ്ടുവെന്നും ആരോ മൊബൈൽ കാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നാണ് താൻ മനസ്സിലാവുന്നതെന്നും രജനി വ്യക്തമാക്കി.

മാതാവിന്റെ സഹായത്തോടെ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുമ്പോഴും പലതവണ ഇത്തരത്തിൽ പ്രകാശം കണ്ടെന്നും അതിനാൽ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടി തീർത്ത് ഇതിനുതാഴെ കിടത്തിയാണ് ഇത്തരക്കാരിൽ നിന്നും മാതാവ് തന്നെ സംരക്ഷിക്കുന്നതെന്നും രജനി കൂട്ടിച്ചേർത്തു.വീടിരിക്കുന്ന ഭാഗം ഏറെക്കുറെ വിജനമാണ്. ചുറ്റും പുല്ലും കാടും മരങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്നു. പിൻഭാഗത്ത് മണ്ണെടുത്ത ഭാഗം ഗർത്തമായി രൂപാന്തരപ്പെട്ടിട്ടുണ്ട്. ശല്യം തുടങ്ങിയ കാലത്ത് കോതമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാർ വീടിനും ചുറ്റും നോക്കിയിട്ട് മടങ്ങിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്നും രജനി പറഞ്ഞു.

'ക്യാമറ ആക്രണം' ഭയന്ന് മകളുടെ വസ്ത്രം മാറ്റി ദേഹത്ത് തൈലം പുരട്ടാനും ഈ മാതാവിന് ഭയമാണ്. സ്‌കൂൾ പഠന കാലത്ത് ഉണ്ടായ ബസ്സപകടമാണ് രജനിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ചികിത്സയ്ക്കായി പല ആശുപത്രികളിലും കയറി ഇറങ്ങിയെങ്കിലും സാമ്പത്തീക പരാധീനതകൾ മൂലം മുന്നോട്ടുപോകാനായില്ല. ചികിത്സ നേരാം വണ്ണം മുന്നോട്ടുകൊണ്ടുപോയാൽ എഴുന്നേറ്റ് നടക്കാനാവുമെന്നാണ് രജനിയുടെ പ്രതീക്ഷ.