- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കൻ യുവതിയും സന്നിധാനത്ത് എത്തിയതായി സ്ഥിരീകരണം; ദർശനം നടത്തി 47കാരിയായ ശശികല മടങ്ങുന്നതിന്റെ സിസി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; സ്ഥിരീകരിച്ച് പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും; ദർശനം നടത്തിയിട്ടില്ലെന്ന് പമ്പയിൽ വെച്ച് സ്ത്രീ പറഞ്ഞത് പൊലീസ് നിർദ്ദേശത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായെന്ന് വിശദീകരണം
ശബരിമല: ശബരിമലയിൽ വീണ്ടും ആചാരം ലംഘിച്ച് യുവതീപ്രവേശനം. ശ്രീലങ്കയിൽ നിന്നെത്തിയ യുവതിയും മലചവിട്ടിയതായി റിപ്പോർട്ട്. സർക്കാറും പൊലീസും ഇക്കാര്യം വ്യക്തമാക്കി. ഇവർ ക്ഷേത്ര സന്നിധിയിൽ നിൽക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശശികല ദർശനം നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും സ്ഥിരീകരിച്ചു. ഇന്നലെ ഇവർ ദർശനം നടത്തിയെന്ന് ആദ്യം മുതൽ അഭ്യൂഹം പടർന്നിരുന്നു. കൈരളി ചാനലിലും ന്യൂസ് 18 ചാനലിലും വാർത്തയും വന്നു. എന്നാൽ, പൊലീസ് നിർദേശത്തെ തുടർന്ന് ആക്രമണ ഭയം മൂലം അവർ തന്നെ ഇത് നിഷേധിക്കുകയായിരുന്നു.
ദർശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടംവരെ എത്തി തിരിച്ചിറങ്ങിയെന്നുമാണ് ഇവരുടെ ഭർത്താവ് അറിയിച്ചത്. 47 വയസുകാരി ശശികല ദർശനം നടത്തിയെന്ന് ചില ചാനലുകൾ വ്യാഴാഴ്ച രാത്രി വാർത്ത നൽകിയിരുന്നു. പിന്നീട് വാർത്ത പിൻവലിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഭർത്താവും കുട്ടിയുമൊത്താണ് ഇവർ പമ്പയിലെത്തിയത്. യുവതിയുംകുടുംബവും ഏഴോടെയാണ് പമ്പയിലെത്തിയത്. ജനുവരി രണ്ടിന് പുലർച്ചെ മലയാളികളായ രണ്ട് യുവതികൾ ശബരിമലദർശനം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുർഗയുമാണ് സുപ്രീംകോടതി വിധിയെത്തുടർന്ന് ആദ്യമായി സന്നിധാനത്തിലെത്തിയത്.
ഇതോടെ കോടതി വിധിക്ക് ശേഷം ശബരിമല കയറുന്ന മൂന്നാമത്തെ സ്ത്രീയായി മാറി ശശികല. പടിക്കരികിലെത്തിയിട്ടും പൊലീസ് ദർശനാനുമതി നിഷേധിച്ചെന്നായിരുന്നു ഇന്നലെ യുവതി പറഞ്ഞത്. പമ്പയിൽ തിരിച്ചെത്തിയ ശ്രീലങ്കൻ തമിഴ് വംശജ ശശികലയും കുടുംബവും കനത്ത പൊലീസ് സുരക്ഷയിലാണ് മടങ്ങിയത്. ഇന്നലെ രാത്രി ശബരിമലയിൽ നടന്നത് നാടകീയ നീക്കങ്ങൾ. ശ്രീലങ്കയിൽ നിന്നുള്ള തീർത്ഥാടക ശശികല, ഭർത്താവിനും മകനും മറ്റൊരാൾക്കുമൊപ്പമാണ് ദർശനത്തിനെത്തിയത്. പമ്പയിലെത്തിയ സംഘം പൊലീസിന്റെ അറിവോടെ സന്നിധാനത്തേക്ക് തിരിച്ചു. എന്നാൽ താൻ മാത്രമാണ് ദരശനം നടത്തിയിതെന്ന് യുവതിയുടെ ഭർത്താവ് ശരവണമാരനും അഭിപ്രായപ്പെട്ടിരുന്നു.
തുടർന്ന് പൊലീസിന്റെ സംരക്ഷണയിൽ ഭർത്താവും മകനും മലയിറങ്ങി. എന്നാൽ ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ ശരവണ മാരൻ തയാറായില്ല. മലയിറങ്ങി ശരവണ മാരൻ പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ വിശ്രമത്തിനിരുന്നു. തൊട്ടു പിന്നാലെ മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ ശശികലയും പമ്പയിലെത്തുകയായിരുന്നു. മുഖം മറച്ച് പമ്പ കടക്കാനൊരുങ്ങിയ ശശികലയെ മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞു. പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയായിരുന്നു.
പൊലീസിന് നൽകിയ രേഖകളിൽ ശശികലക്ക് 47 വയസ്സാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി ഒൻപതരയോടെ യുവതി ദർശനം നടത്തിയെന്നായിരുന്നു പീപ്പിൾ-കൈരളി വാർത്ത. ദർശനം പൂർത്തിയാക്കി പതിനൊന്ന് മണിക്ക് മലയിറങ്ങിയെന്നും പീപ്പിൾ കൈരളി വിശദീകരിച്ചു. ഇത് തന്നെയാണ് ന്യൂസ് 18 കേരളയും വ്യക്തമാക്കിയത്. പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാൽ സർക്കാരിലെ ഉന്നതർ യുവതി പ്രവേശം സമ്മതിച്ചുവെന്നുമായിരുന്നു ന്യൂസ് 18 കേരളയുടെ വാർത്ത. ഇത് ഉറപ്പിക്കുന്നതിന് വേണ്ടി ശ്രീലങ്കൻ യുവതിയുടേയും ഭർത്താവിന്റേയും ഫോട്ടോയും പുറത്തുവിട്ടിരുന്നു.