മുംബൈ: ഐഎൻഎസ് വേല മുങ്ങിക്കപ്പൽ ഇന്നലെയാണ് നാവികസേന കമ്മിഷൻ ചെയ്തത്.പ്രോജക്ട് 75ന്റെ ഭാഗമായി കാൽവരി ശ്രേണിയിൽ നിർമ്മിക്കുന്ന 6 മുങ്ങിക്കപ്പലുകളിൽ നാലാമത്തേതാണിത്. മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യുവാണു വേലയുടെ കമാൻഡിങ് ഓഫിസർ. സ്‌കോർപീൻ ക്ലാസിലുള്ള മുങ്ങിക്കപ്പൽ ഫ്രാൻസിന്റെ സഹകരണത്തോടെ മുംബൈയിലെ മസ്ഗാവ് ഡോക്കിലാണു നിർമ്മിച്ചത്. ടോർപിഡോ, മിസൈൽ ആക്രമണങ്ങൾക്ക് മികച്ച സംവിധാനങ്ങളുള്ളതാണു 'വേല'. 67.5 മീറ്ററാണു നീളം. ഉയരം - 12.3 മീറ്റർ. 8 ഓഫിസർമാരടക്കം 35 നാവികരെ വഹിക്കും.

മുംബൈ നേവൽ ഡോക്യാഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്‌മിറൽ കരംബീർ സിങ്, അരവിന്ദ് സാവന്ത് എംപി, പശ്ചിമ നാവിക കമാൻഡ് മേധാവി ആർ.ഹരികുമാർ, മസ്ഗാവ് ഡോക് ഷിപ്ബിൽഡേഴ്‌സ് ലിമിറ്റഡ് മേധാവി റിട്ട. വൈസ് അഡ്‌മിറൽ നാരായൺ പ്രസാദ് എന്നിവരടക്കം പങ്കെടുത്തു.

ഐഎൻഎസ് വേലയുടെ പ്രവേശനം നാവികസേനയുടെ പോരാട്ട ശേഷി വർധിപ്പിക്കും. സ്‌കോർപീൻ ക്ലാസിലെ ആറ് അന്തർവാഹിനികളുടെ നിർമ്മാണം ഉൾപ്പെടുന്ന പ്രോജക്ട് 75 ന് കീഴിലാണ് കമ്മീഷൻ ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ നാവികസേനയിലെത്തുന്ന രണ്ടാമത്തെ വലിയ അന്തർവാഹിനിയാണിത്. ഈ അന്തർവാഹിനികൾക്ക് ഉപരിതല യുദ്ധം, അന്തർവാഹിനികൾ തമ്മിലുള്ള യുദ്ധം, രഹസ്യാന്വേഷണ ശേഖരണം, മൈനുകൾ സ്ഥാപിക്കൽ, പ്രദേശ നിരീക്ഷണം തുടങ്ങിയ ബഹുമുഖ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയും. കൽവാരി, ഖണ്ഡേരി, കരഞ്ച് എന്നീ മൂന്ന് അന്തർവാഹിനികൾ ഇതിനകം കമ്മീഷൻ ചെയ്തിട്ടുണ്ട്.

ഫ്രാൻസിലെ എം/എസ് നേവൽ ഗ്രൂപ്പുമായി സഹകരിച്ച് മുംബൈ ആസ്ഥാനമായുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് അന്തർവാഹിനി നിർമ്മിച്ചത്. ശത്രുക്കളുമായി മികച്ച പോരാട്ടം നടത്താൻ ശേഷിയുള്ള അന്തർവാഹിനിയാണിത്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, അന്തർ വാഹിനികളെ തകർക്കൽ, രഹസ്യ വിവരങ്ങൾ ചോർത്തൽ, മൈനുകൾ സ്ഥാപിക്കൽ, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾക്കായി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളെ നിയോഗിക്കാനാകും.

ഐഎൻഎസ് വേലയുടെ മുൻഗാമി 1973 ഓഗസ്റ്റ് 31 ന് കമ്മീഷൻ ചെയ്തിരുന്നു. 2010 ജൂൺ 25 ന് ഡീകമ്മീഷൻ ചെയ്യപ്പെടുന്നതിന് മുമ്പ് 37 വർഷങ്ങൾ രാജ്യത്തിന് ഈ അന്തർവാഹിന് സേവനം നൽകി. പുതിയ 'വേല' യുദ്ധത്തിൽ ശക്തമായ ആയുധമായിരിക്കും എന്നത് ഉറപ്പാണ്. ഒരേ സമയം വെള്ളത്തിനടിയിലും ഉപരിതലത്തിലും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താം. 2019 മെയ് മാസത്തിൽ ആരംഭിച്ച ഐഎൻഎസ് വേലയുടെ നിർമ്മാണം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആയുധങ്ങളും സെൻസർ പരീക്ഷണങ്ങളും ഉൾപ്പെടെ എല്ലാ പ്രധാന തുറമുഖ, കടൽ പരീക്ഷണങ്ങളും പൂർത്തിയാക്കി.

ഈ പരമ്പരയിലെ ആദ്യ അന്തർവാഹിനിയായ ഐഎൻഎസ് കാൽവരി 2015 ഒക്ടോബറിൽ പുറത്തിറക്കുകയും 2017 ഡിസംബറിൽ കമ്മീഷൻ ചെയ്യുകയും ചെയ്തിരുന്നു. രണ്ടാമത്തേത്, ഐഎൻഎസ് ഖണ്ഡേരി, പരീക്ഷണങ്ങൾക്കായി 2017 ജനുവരിയിൽ പുറത്തിറക്കുകയപം 2019 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യുകയും ചെയ്തു. മൂന്നാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് കരഞ്ച്, 2018 ജനുവരിയിൽ പുറത്തിറക്കുകയും 2021 മാർച്ച് 10ന് കമ്മീഷൻ ചെയ്യുകയും ചെയ്തു. നാലാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് വേല.

അഞ്ചാമത്തേത്, ഐഎൻഎസ് വഗീർ. 2020 നവംബറിൽ പുറത്തിറക്കി ഹാർബർ പരീക്ഷണങ്ങൾ ആരംഭിച്ചു. ആറാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.