സൂറിച്ച്: ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അർജന്റീനക്ക് നഷ്ടമായി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനോട് നേരിട്ട തോൽവിയാണ് ഇതിന് കാരണം. ഫിഫ ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിംഗ് പ്രകാരം അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഫ്രാൻസ് രണ്ടാം സ്ഥാനത്തെത്തി. രണ്ട് വർഷത്തിനിപ്പുറമാണ് അർജന്റീനക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്.

ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലാൻഡ്സ്, ബെൽജിയം, ക്രൊയേഷ്യ, ഇറ്റലി എന്നിവരാണ് റാങ്കിംഗിൽ നാല് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. ഫിഫ മത്സരങ്ങൾക്ക് 25 പോയിന്റും സൗഹൃദ മത്സരങ്ങൾക്ക് 5 പോയിന്റും റാങ്കിംഗിൽ ലഭിക്കും. ബ്രസീലിന് ഒരു സ്ഥാനം നഷ്ടമായി, ബൊളീവിയയോട് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തോറ്റതാണ് തിരിച്ചടിയായത്. മൂന്ന് സ്ഥാനങ്ങൾ നഷ്ടപ്പെട്ട ജർമ്മനി 12-ാം സ്ഥാനത്തേക്ക് വീണു.

പുതിയ റാങ്കിംഗിൽ ഇന്ത്യ 134-ാം സ്ഥാനത്താണ്, ഇത് സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമാണ്. ഒരു സ്ഥാനം ഇന്ത്യക്ക് നഷ്ടമായി. ഏഷ്യൻ റാങ്കിംഗിൽ ഇന്ത്യ 24-ാം സ്ഥാനത്താണ്. 2016 ഡിസംബറിൽ 135-ാം സ്ഥാനത്തായിരുന്നത് ഇതിന് മുമ്പത്തെ ഏറ്റവും മോശം റാങ്കിംഗ് ആയിരുന്നു. 97-ാം സ്ഥാനം വരെ ഉയർന്നിരുന്ന ഇന്ത്യക്ക് തുടർച്ചയായുള്ള തോൽവികളാണ് തിരിച്ചടിയായത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ മനോലോ മാർക്വേസ് അടുത്തിടെ സ്ഥാനമൊഴിഞ്ഞിരുന്നു. എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ താഴെയുള്ള ഹോങ്കോങ്ങിനോട് തോറ്റതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്.