ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ന്യൂസിലാന്‍ഡിന് അപ്രതീക്ഷിത തിരിച്ചടി. ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ബെന്‍ സിയേഴ്‌സ് വരാനിരിക്കുന്ന പരമ്പരയില്‍ നിന്ന് പുറത്തായി. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് പരമ്പര നഷ്ടമായതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. സിയേഴ്‌സിന് പകരം അണ്‍ക്യാപ്ഡ് പ്ലേയറായ ജേക്കബ് ഡഫിയെ ടീമില്‍ ഉള്‍പ്പെടുത്തി. 299 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളുമായി ഒട്ടാഗോയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ഡഫി നാളെ ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ടീമിനൊപ്പം ചേരും.



അടുത്തിടെ നടന്ന ശ്രീലങ്കന്‍ പരമ്പരയിലെ പരിശീലനത്തിനിടെ 26കാരനായ സിയേഴ്സിന്റെ ഇടതുകാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടിരുന്നു. പിന്നാലെ താരം സ്‌കാനിങ്ങിന് വിധേയനായിരുന്നു. തുടര്‍ന്നാണ് താരത്തിന് വിശ്രമം അനുവദിച്ചത്. ണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാനുള്ള കഴിവിന് പേരുകേട്ട താരമാണ് ബെന്‍ സിയേഴ്‌സ്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. കെയ്ന്‍ വില്യംസണും പുറത്തായതിനാല്‍ പരമ്പരയിലെ ബെന്‍ സിയേഴ്‌സിന്റെ അഭാവം ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്തും.

ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് മൂന്ന് ജയം കൂടി അത്യാവശ്യമാണ്. ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് ന്യൂസീലന്‍ഡ് പരമ്പരക്ക് ഇറങ്ങുന്നത്. നാട്ടില്‍ നടക്കുന്ന കിവീസ് പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്ക് സാധിക്കാത്ത പക്ഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കടുപ്പമാവും.