- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓരോ മത്സരവും പുതിയ വെല്ലുവിളി, ഫൈനലിലായി മികച്ച രീതിയിൽ തയ്യാറെടുക്കും'; ആ ജയത്തിന് ശേഷം മാത്രമേ പുതിയതായി എന്തെങ്കിലും നേടിയെന്ന് തോന്നൂവെന്നും കേരളാ പരിശീലകൻ

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ കരുത്തരായ പഞ്ചാബിനെ പരാജയപ്പെടുത്തി കേരളം ഫൈനലിൽ പ്രവേശിച്ചത്തിന് പിന്നാലെ താരങ്ങളുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് മുഖ്യ പരിശീലകൻ ഷഫീഖ് ഹസൻ. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.
എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കേരളം പഞ്ചാബിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ പ്രകടനം ആവർത്തിക്കാൻ ടീമിന് സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ഫൈനൽ വിജയമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി."ഞായറാഴ്ച നടക്കുന്ന ഫൈനലിൽകൂടി വിജയിച്ചാൽ മാത്രമേ പുതിയതായി എന്തെങ്കിലും നേടിയെന്ന് തനിക്കും ടീമിനും തോന്നുകയുള്ളൂ," ഷഫീഖ് ഹസൻ പറഞ്ഞു.
അതിനുവേണ്ടിയുള്ള കഠിനമായ പരിശ്രമം തുടരുമെന്നും, മുൻകാല മത്സരങ്ങളിലെ കണക്കുകൾക്ക് പ്രാധാന്യം നൽകാതെ ഓരോ മത്സരത്തെയും പുതിയ വെല്ലുവിളിയായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈനൽ മത്സരത്തിനായി ടീം മികച്ച രീതിയിൽ തയ്യാറെടുക്കുമെന്നും പരിശീലകൻ ഉറപ്പുനൽകി. പഞ്ചാബിനെതിരായ ഈ തകർപ്പൻ വിജയം കേരളത്തിന്റെ കിരീട മോഹങ്ങൾക്ക് വലിയ കരുത്താണ് പകരുന്നത്. കിരീടം വീണ്ടെടുത്ത് ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


