കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്കും സെമിഫൈനലിലേക്കും നയിച്ച സഞ്ജു സാംസണെ പ്രശംസിച്ചു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ചോപ്ര മലയാളി താരത്തിന്റെ പ്രകടനത്തെ വാഴ്ത്തിയത്. വിൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസ് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്സാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള സഞ്ജു, ഇപ്പോൾ ദൈവത്തിന്റെ തന്നെ പ്ലാനിലുണ്ടെന്ന് ചോപ്ര പറഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യയുടെ പ്രധാന പദ്ധതികളിൽ സഞ്ജു ഉണ്ടായിരുന്നില്ല. എന്നാൽ മറ്റ് ബാറ്റർമാരുടെ ഫോമില്ലായ്മയും ടീമിലെ സാഹചര്യങ്ങളും സഞ്ജുവിനായി വഴിതുറക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ സഞ്ജുവിന് അവസരം ലഭിക്കില്ലായിരുന്നുവെന്നും ടീം ബാലൻസിനായി സഞ്ജുവിനെ ഉൾപ്പെടുത്തേണ്ടി വന്നത് വിധി നിയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

196 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ സഞ്ജു കാട്ടിയ പക്വത ചോപ്ര പ്രത്യേകം എടുത്തുപറഞ്ഞു. "ഒരു ഓവറിൽ 10 റൺസ് വേണമെന്നിരിക്കെ റൺറേറ്റ് സമ്മർദ്ദമില്ലാതെ കളി നയിക്കാൻ സഞ്ജുവിനായി. ഈഗോയില്ലാതെ ടീമിനായി കളിച്ച് സ്ട്രൈക്ക് കൈമാറി. ഓപ്പണറായി ഇറങ്ങി ഇന്നിംഗ്സ് അവസാനം വരെ പൂർത്തിയാക്കുക എന്നത് പ്രയാസകരമാണ്. സഞ്ജു അത് സർജിക്കൽ പ്രിസിഷനോടെ പൂർത്തിയാക്കി," ചോപ്ര വ്യക്തമാക്കി.

പഴയ സഞ്ജുവിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഉത്തരവാദിത്തമുള്ള താരത്തെയാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യയുടെ ബാധ്യതയാകുമെന്ന് കരുതിയ താരം ഇപ്പോൾ ടീമിന്റെ നട്ടെല്ലായി മാറിയിരിക്കുകയാണ്. "സഞ്ജു മനോഹരമായി ബാറ്റ് ചെയ്യുമ്പോൾ ജീവിതം തന്നെ സുന്ദരമായി തോന്നും" എന്ന വാക്കുകളോടെയാണ് ചോപ്ര വീഡിയോ അവസാനിപ്പിച്ചത്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്.