കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ മിന്നും ജയത്തിന് പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി. അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് ഹൈദരാബാദ് ഉപനായകന്‍ അഭിഷേക് ശര്‍മക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ശിക്ഷ വിധിച്ചു. ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി.

മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. ബ്ലെസിങ് മുസറബാനി എറിഞ്ഞ പന്തില്‍ വരുണ്‍ ചക്രവര്‍ത്തി ഡൈവ് ചെയ്ത് അഭിഷേകിനെ ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍, പന്ത് നിലത്ത് തട്ടിയോ എന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകളില്ലായിരുന്നു. ടി.വി അമ്പയര്‍ നിതിന്‍ മേനോന്‍ ഇത് ഔട്ട് എന്ന് വിധിച്ചതോടെ അഭിഷേക് ശര്‍മ പിച്ചില്‍ വെച്ച് തന്നെ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ക്രീസ് വിട്ടുപോകുമ്പോള്‍ അമ്പയറുടെ തീരുമാനത്തോട് താരം കാണിച്ച വിയോജിപ്പാണ് ശിക്ഷയിലേക്ക് നയിച്ചത്.

ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.3 പ്രകാരം ലെവല്‍ 1 കുറ്റമാണ് അഭിഷേക് ചെയ്തതെന്ന് മാച്ച് റഫറി കണ്ടെത്തി. താരം കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തു. പിഴക്ക് പുറമെ അഭിഷേകിന്റെ പേരില്‍ ഒരു ഡെമെറിറ്റ് പോയന്റും ചേര്‍ത്തിട്ടുണ്ട്. ലെവല്‍ 1 ലംഘനങ്ങളില്‍ മാച്ച് റഫറിയുടെ തീരുമാനമാണ് അന്തിമം.

ശിക്ഷ നേരിടേണ്ടി വന്നെങ്കിലും മത്സരത്തില്‍ ഹൈദരാബാദിന്റെ വിജയത്തില്‍ അഭിഷേക് നിര്‍ണായക പങ്കുവഹിച്ചു. വെറും 21 പന്തില്‍ നിന്ന് നാല് സിക്‌സറുകളും നാല് ഫോറുകളുമടക്കം 48 റണ്‍സാണ് താരം അടിച്ചുനേടിയത്. പവര്‍പ്ലേയില്‍ ഹൈദരാബാദിന് മികച്ച തുടക്കം നല്‍കിയതും അഭിഷേകായിരുന്നു. മത്സരത്തില്‍ കൊല്‍ക്കത്തയെ 65 റണ്‍സിന് തകര്‍ത്ത് ഐ.പി.എല്‍ 2026ലെ തങ്ങളുടെ ആദ്യ ജയവും ഹൈദരാബാദ് സ്വന്തമാക്കി.