- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗില്ലിനെ പുറത്താക്കിയശേഷം മിഥുനത്തിലെ 'ഇന്നസെന്റ് ശൈലി'യില്‍ അബ്രാര്‍ അഹമ്മദിന്റെ 'യാത്രയയപ്പ്'; 'പോ, കയറിപ്പോ..' എന്ന് തലകൊണ്ട് ആംഗ്യം; ഇന്ത്യയോട് പാകിസ്ഥാന്‍ തോറ്റതോടെ ട്രോള്‍ മഴ; യുവതാരത്തെ പൊരിച്ച് പാക് ആരാധകര്‍
ഗില്ലിനുള്ള അബ്രാര്‍ അഹമ്മദിന്റെ 'യാത്രയയപ്പ്', കളി തോറ്റതോടെ ട്രോള്‍ മഴ
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ മിന്നുന്ന തുടക്കമിട്ട ഇന്ത്യന്‍ താരം ശുഭ്മന്‍ ഗില്ലിനെ മധ്യഓവറില്‍ പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍ ബോളര്‍ അബ്രാര്‍ അഹമ്മദ് നല്‍കിയ 'യാത്രയയപ്പ്' സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗില്ലിനെ പുറത്താക്കിയശേഷം കൈകള്‍ കെട്ടി മിഥുനത്തിലെ 'ഇന്നസെന്റ് ശൈലി'യില്‍ നിന്ന് അബ്രാര്‍, 'കയറിപ്പോ' എന്ന അര്‍ഥത്തില്‍ തലകൊണ്ട് കാട്ടിയ ആംഗ്യമാണ് വൈറലായത്. മത്സരത്തിനിടെ അബ്രാറിന്റെ ആംഗ്യത്തിന് 'ഹീറോ പരിവേഷം' നല്‍കിയെങ്കിലും കളി തോറ്റതോടെ ആ നില്‍പ്പ് ട്രോളുകളിലും നിറഞ്ഞു. മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് പാക്കിസ്ഥാനെ കീഴടക്കിയതോടെ ട്രോള്‍മഴ ഏറ്റുവാങ്ങുകയാണ് പാക് താരം.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റെടുത്തശേഷം പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് നല്‍കിയ യാത്രയയപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരും ഉന്നയിക്കുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായിരുന്നു. ഷഹീന്‍ ഷാ അഫ്രീദി രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 100 റണ്‍സിലെത്തിച്ച് വിജയത്തിന് അടിത്തറയിട്ടു. ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറിയോട് അടുക്കുമ്പോഴായിരുന്നു ലെഗ് സ്പിന്നറായ അബ്രാര്‍ അഹമ്മദ് ഗില്ലിനെ ബൗള്‍ഡാക്കിയത്. പന്തിന്റെ ദിശ മനസിലാക്കാനാവാതെ ബാറ്റുവെച്ച ഗില്ലിന് പിഴച്ചു. 52 പന്തില്‍ 46 റണ്‍സെടുത്ത് ഗില്‍ മടങ്ങുമ്പോള്‍ അബ്രാര്‍ ഇരുകൈകളും കെട്ടി നിന്ന് ഗില്ലിനോട് കണ്ണുകള്‍ കൊണ്ട് കയറിപോകാന്‍ ആംഗ്യം കാണിക്കുന്ന വീഡിയോ പങ്കുവച്ചാണ് പാകിസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശനം ഉന്നയിക്കുന്നത്.
രാജകുമാരനെ പുറത്താക്കിയത് ആഘോഷിച്ചപ്പോള്‍ നിങ്ങള്‍ അപ്പുറത്ത് നില്‍ക്കുന്ന രാജാവിനെ മറന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്. ഗില്‍ അടിച്ച സെഞ്ചുറിയുടെ അത്രപോലും മത്സരങ്ങള്‍ നിങ്ങള്‍ കളിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്ന് മറ്റൊരു ആരാധകന്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു. ടൂര്‍ണമെന്റിന് പുറത്തേക്കുള്ള വഴിയാണ് അബ്രാര്‍ കണ്ണുകൊണ്ട് കാണിക്കുന്നതെന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. ഗില്‍ പുറത്തായശേഷം ക്രീസില്‍ നിന്ന വിരാട് കോലി അപരാജിത സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 42.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി, ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായാണ് ശുഭ്മന്‍ ഗില്‍ ക്രീസിലെത്തിയത്. ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെതിരെ സെഞ്ചറിയുമായി ടീമിന്റെ വിജയശില്‍പിയായ ഉപനായകന്‍ കൂടിയായ ഗില്‍, ഇത്തവണയും മികച്ച ഫോമിലായിരുന്നു.
രോഹിത് പുറത്തായ ശേഷം വിരാട് കോലിക്കൊപ്പം അര്‍ധസെഞ്ചറി കൂട്ടുകെട്ടുമായി വിജയത്തിന് അടിത്തറയിടുന്നതിനിടെയാണ് ഗില്ലിനെ അബ്രാര്‍ പുറത്താക്കിയത്. 52 പന്തില്‍ ഏഴു ഫോറുകളോടെ 46 റണ്‍സെടുത്ത ഗില്‍, അബ്രാര്‍ അഹമ്മദിന്റെ മികച്ചൊരു പന്തിലാണ് ക്ലീന്‍ ബൗള്‍ഡായി പുറത്തായത്. അതിനു തൊട്ടുമുന്‍പ് ഗില്ലിന്റെ ക്യാച്ച് പാക്കിസ്ഥാന്‍ താരം കൈവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് തകര്‍പ്പനൊരു പന്തില്‍ അബ്രാര്‍ ഗില്ലിനെ പുറത്താക്കിയത്. അബ്രാറിന്റെ കാരംബോളില്‍ വിക്കറ്റ് തെറിക്കുന്നതുകണ്ട് അവിശ്വസനീയതയോടെ ഒരുനിമിഷം ക്രീസില്‍ നിന്ന ശേഷമാണ് ഗില്‍ പവലിയനിലേക്ക് മടങ്ങിയത്. ഇതിനിടെയാണ്, കൈകള്‍ കെട്ടിനിന്ന് 'കയറിപ്പോകൂ' എന്ന അര്‍ഥത്തില്‍ അബ്രാര്‍ ആംഗ്യം കാട്ടിയത്.
ബാബര്‍ അസമിന് ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ 'യാത്രയയപ്പി'ന് മറുപടിയായി വ്യാഖ്യാനിച്ച് പാക്കിസ്ഥാന്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അബ്രാറിന്റെ 'യാത്രയയപ്പിന്' വീരപരിവേഷം ചാര്‍ത്തിയെങ്കിലും, ഇന്ത്യന്‍ ആരാധകര്‍ക്ക് അതൊട്ടും രസിച്ചില്ല. അവര്‍ വ്യാപകമായ ട്രോളുകള്‍ തീര്‍ത്താണ് അബ്രാറിനെതിരായ എതിര്‍പ്പ് പരസ്യമാക്കിയത്. എന്തായാലും മത്സരം പാക്കിസ്ഥാന്‍ തോല്‍ക്കുക കൂടി ചെയ്തതോടെ സോഷ്യല്‍ മീഡിയ ട്രോളുകളാല്‍ നിറയുകയാണ്.