- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമിതബുദ്ധി ടീമിന് വിന'; അക്സറിനെ ഒഴിവാക്കിയതിൽ ടീം മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി അജിങ്ക്യ രഹാനെ; സെലക്ഷൻ പോളിസിക്കെതിരെ ആഞ്ഞടിച്ച് താരം

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ സെലക്ഷൻ പോളിസിയെ രൂക്ഷമായി വിമർശിച്ച് വെറ്ററൻ താരം അജിങ്ക്യ രഹാനെ. മികച്ച ഫോമിലുള്ള അക്സർ പട്ടേലിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയ നീക്കം ടീമിന്റെ താളം തെറ്റിച്ചുവെന്ന് രഹാനെ കുറ്റപ്പെടുത്തി.
ക്രിക്കറ്റിലെ 'മാച്ച്-അപ്പുകൾ' എന്ന പുതിയ തന്ത്രത്തെ രഹാനെ പരിഹസിച്ചു. "അക്സർ പട്ടേൽ കളിക്കാത്തതിൽ എനിക്ക് വലിയ അത്ഭുതമുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ചിലപ്പോൾ നമ്മൾ അമിതബുദ്ധി കാണിക്കുന്നത് ടീമിനെ തന്നെ ദോഷകരമായി ബാധിക്കും," ക്രിക്ബസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഡാറ്റാ അനലിസ്റ്റുകളെയും ബാക്ക്റൂം സ്റ്റാഫുകളെയും അമിതമായി ആശ്രയിക്കുന്നത് കളി സങ്കീർണ്ണമാക്കുകയാണെന്നും രഹാനെ തുറന്നടിച്ചു. "ഒരുപാട് അനലിസ്റ്റുകളും ഇന്ന് ടീമിന് പിന്നിലുണ്ട്. പലപ്പോഴും അമിതബുദ്ധി കള സങ്കീർണ്ണമാക്കും. വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിക്കണമെന്ന് ആ ബോർഡ് മീറ്റിംഗിൽ പറഞ്ഞത് ആരാണെന്ന് എനിക്കറിയണം" അദ്ദേഹം ചോദിച്ചു.
ദക്ഷിണാഫ്രിക്കൻ നിരയിൽ കൂടുതൽ ഇടംകൈയ്യൻമാരുള്ളതുകൊണ്ടാണ് ഓഫ് സ്പിന്നറായ സുന്ദറിനെ ഉൾപ്പെടുത്തിയത് എന്ന വാദത്തെ രഹാനെ തള്ളി. കേശവ് മഹാരാജ് ഇന്ത്യൻ ഇടംകൈയ്യൻമാർക്കെതിരെ മികച്ച പ്രകടനം നടത്തിയത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അക്സറിന് ഇടംകൈയ്യൻമാർക്കെതിരെ മികച്ച റെക്കോർഡാണുള്ളതെന്നും ഓർമ്മിപ്പിച്ചു.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് വാഷിംഗ്ടൺ സുന്ദറിനോടുള്ള താൽപ്പര്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ടോസ് വേളയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത് അക്സറിനെ മാറ്റിയത് പരിക്കുകാരണമല്ലെന്നും മറിച്ച് ഒരു 'തന്ത്രപരമായ നീക്കം' മാത്രമാണെന്നുമാണ്. അക്സറിനെ ഒഴിവാക്കിയത് ക്രൂരമാണെന്ന് സൂര്യകുമാർ തന്നെ വിശേഷിപ്പിച്ചിരുന്നു. 15 വർഷം മുമ്പാണെങ്കിൽ ഇത്തരം ഒരു സെലക്ഷൻ ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും രഹാനെ പരിഹസിച്ചു.


