മെല്‍ബണ്‍: ഇരുപത്തിയൊന്നുകാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിച്ചപ്പോള്‍ നെറ്റി ചുളിച്ചവരാണ് പലരും. എന്നാല്‍ തന്നെ ടീമിലേക്ക് എടുത്തതിന്റെ വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ ആ താരം എപ്പോഴും ശ്രമിച്ചുകൊണ്ടേ ഇരുന്നു. ഇന്ത്യയെ പല മത്സരങ്ങളില്‍ നിന്ന് കരകയറ്റിയത് ഈ 21ക്കാരനാണ്. ആദ്യ ടെസ്റ്റില്‍ അര്‍ഹിച്ച അര്‍ധ സെഞ്ചുറി നഷ്ടമായപ്പോള്‍ എല്ലാവര്‍ക്കും സങ്കടമായിരുന്നു. എന്നാല്‍ ഇത്തരമൊരു സന്ദര്‍ഭത്തില്‍ പക്വതയോടെ ബാറ്റ് വീശി സമ്മര്‍ദ്ദം തെല്ലും ബാധിക്കാതെ ടെസ്റ്റിന്റെ കന്നി സെഞ്ചുറി നേടുമ്പോള്‍, കാണികള്‍ക്കിടയില്‍ കണ്ണീരോടെ അദ്ദേഹത്തിന്റെ പിതാവ് മുത്തിയാല റെഡ്ഡിയും നില്‍ക്കുന്നുണ്ടായിരുന്നു.

''ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഇത് വളരെ പ്രിയപ്പെട്ട ഒരു ദിവസമാണ്. ഈ ദിനം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. 14-15 വയസ് മുതല്‍ ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നയാളാണ് നിതീഷ്. ഇപ്പോള്‍ ആ പ്രകടനം രാജ്യാന്തര ക്രിക്കറ്റില്‍ എത്തി നില്‍ക്കുന്നു. ഏറ്റവും പ്രിയപ്പെട്ട നിമിഷമാണിത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ പോയപ്പോള്‍ അല്‍പം ആശങ്കയിലായിപ്പോയി. ഒറ്റ വിക്കറ്റ് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും സിറാജ് ഓസീസ് ബോളിങ്ങിനെ പ്രതിരോധിച്ചുനിന്നു. നന്ദി' നിതീഷിന്റെ പിതാവ് മുത്തിയാല റെഡ്ഡി പ്രതികരിച്ചു.

അത്രയും നേരം കൂട്ടായി നിന്ന് വാഷിങ്ടണ്‍ സുന്ദര്‍ പുറത്ത് പോയപ്പോള്‍ എല്ലാവരും ആശങ്കയിലായി. ഫോളോ ഓണ്‍ ഭീഷണിയില്‍ ആയിരുന്ന ഇന്ത്യയെ വാഷിയും, നിതീഷും ചേര്‍ന്നാണ് കരകയറ്റിയത്. വാഷിങ്ടണ്‍ അര്‍ധ സെഞ്ചുറി എടുത്ത് പുറത്തായി. നിതീഷ് 97 നില്‍ക്കുമ്പോഴാണ് വാഷി പുറത്താകുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ച ജസ്പ്രീത് ബുംറക്ക് ഒപ്പം നിന്ന് താരം ആ സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും ബുംറയും പുറത്തായതോടെ ആരാധകര്‍ ആശങ്കയിലായി. ഇതിനിടെ ബോളണ്ട് എറിഞ്ഞ 113ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തില്‍ നിതീഷ് പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും, പന്ത് വീണത് ഫീല്‍ഡര്‍മാര്‍ ഇല്ലാത്ത മേഖലയിലായത് ഭാഗ്യം.

എന്നാല്‍ പിന്നീട് ഇറങ്ങിയ സിറാജ് ആ ഓവറിലെ ശേഷിച്ച മൂന്ന് പന്തുകളും പ്രതിരോധിച്ചു. സ്‌കോട് ബോളണ്ട് എറിഞ്ഞ അടുത്ത ഓവറിലെ മൂന്നാം പന്തില്‍ തകര്‍പ്പന്‍ ബൗണ്ടറിയിലൂടെ റെഡ്ഡി അര്‍ഹിച്ച ആ സെഞ്ചറി 'പിടിച്ചുവാങ്ങി'! ഇതോടെ ഇന്ത്യന്‍ ഡ്രസിങ് റൂമിലും ഗാലറിയിലും ഒരുപോലെ ആഹ്ലാദം അണപൊട്ടി. ആരാധകര്‍ക്കിടയില്‍ നിതീഷിന്റെ പിതാവ് കണ്ണീരോടെ മുഖംപൊത്തി.