ഇന്ത്യന്‍ ക്രിക്കറ്റിലെ തിരഞ്ഞെടുപ്പ് രീതികള്‍ പഴഞ്ചനായ രീതിയിലാണെന്ന് മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ വിമര്‍ശിച്ചു. സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന ബിസിസിഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ കാലോചിതമല്ലെന്നും അവ പുനഃപരിശോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രഹാനെയുടെ വാക്കുകളില്‍ 'ഇന്നത്തെ ക്രിക്കറ്റിന്റെ വേഗതയും ശൈലിയും മനസ്സിലാക്കാന്‍ പുതുതായി വിരമിച്ച താരങ്ങളാണ് ഏറ്റവും യോഗ്യര്‍. അഞ്ച് മുതല്‍ പത്ത് വര്‍ഷം മുന്‍പ് കളി വിട്ടവര്‍ക്ക് ഇപ്പോഴത്തെ ഗെയിം ഡൈനാമിക്‌സും താരങ്ങളുടെ മാനസിക നിലയും ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ല,'' എന്നാണ് അഭിപ്രായം.

നിലവില്‍ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന അനുഭവമുള്ളവരെയും വിരമിച്ച് കുറഞ്ഞത് അഞ്ച് വര്‍ഷം പിന്നിട്ടവരെയും മാത്രമേ സെലക്ടറായി പരിഗണിക്കാറുള്ളൂ. ഈ നയം കളിക്കാരുമായി ബന്ധം നഷ്ടപ്പെടുത്തുന്നതായി രഹാനെ ചൂണ്ടിക്കാട്ടി. ''സെലക്ടര്‍മാരെ ഭയക്കുന്ന സാഹചര്യം ഒരു ടീമിനും നല്ലതല്ല. അവര്‍ വഴികാട്ടികളാകണം, വിധികര്‍ത്താക്കളല്ല,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടീമില്‍നിന്ന് പുറത്തായ രഹാനെയുടെ ഈ പരാമര്‍ശം, കഴിഞ്ഞ ദിവസം പേസര്‍ മുഹമ്മദ് ഷമി ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ശ്രദ്ധ നേടുന്നത്. ഫിറ്റ്നെസിന്റെ പേരില്‍ ഒഴിവാക്കിയെങ്കിലും രഞ്ജി ട്രോഫിയില്‍ പശ്ചിമ ബംഗാളിനായി കളിക്കാന്‍ അനുവദിച്ചതെങ്ങനെ എന്നു ചോദിച്ച് ഷമിയും ബിസിസിഐയുടെ നിലപാട് ചോദ്യം ചെയ്തിരുന്നു.

ഇരു താരങ്ങളുടെയും പ്രസ്താവനകള്‍ ചേര്‍ന്ന് ബിസിസിഐയുടെ തെരഞ്ഞെടുപ്പ് സംവിധാനം വീണ്ടും വിമര്‍ശനത്തിന്റെ വലയിലാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സെലക്ടര്‍മാരുടെ പ്രായപരിധിയും മാനദണ്ഡങ്ങളും മാറ്റണമെന്ന് മുന്‍ താരങ്ങളും വിദഗ്ധരും ആവശ്യപ്പെടുന്നു.