കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ പുതിയ സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ത്യന്‍ വെറ്ററന്‍ ബാറ്ററും രഞ്ജി ട്രോഫിയില്‍ മുംബൈയുടെ നായകനുമായ അജിങ്ക്യ രഹാനെ നയിക്കുമെന്ന് റിപ്പോര്‍ട്ട്. മെഗാ ലേലത്തില്‍ അവസാന റൗണ്ടില്‍ അദ്ദേഹത്തെ ടീമിലെത്തിച്ചത് ക്യാപ്റ്റന്‍ സ്ഥാനം പരിഗണിച്ചാണെന്ന് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. '90 ശതമാനം സാധ്യതകളും രഹാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ ക്യാപ്റ്റനാകാനാണ്. ഐപിഎല്‍ മെഗാലേലത്തില്‍ രഹാനെയെ സ്വന്തമാക്കിയത് ഒഴിഞ്ഞുകിടക്കുന്ന ക്യാപ്റ്റന്‍ സ്ഥാനം ലക്ഷ്യമിട്ടാണ്,' ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.

ഐപിഎല്‍ താരലേലത്തില്‍ 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ക്യാപ്റ്റനാക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പുതിയ സൂചനകള്‍ അനുസരിച്ച് ഒന്നര കോടിക്ക് സ്വന്തമാക്കിയ അജിങ്ക്യാ രഹാനെയാകും കൊല്‍ക്കത്ത നായകനാകുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രഹാനെയെ നായകനാക്കുന്ന കാര്യത്തില്‍ കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് 90 ശതമാനവും തീരുമാനമെടുത്തുവെന്നാണ് കൊല്‍ക്കത്ത ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുംബൈയുടെ രഞ്ജി ടീം നീയകനായ രഹാനെയെ അവസാന റൗണ്ട് ലേലത്തിലാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ തഴഞ്ഞ രഹാനെയെ അവസാന റൗണ്ടില്‍ താരങ്ങളെ തികയ്ക്കാനായാണ് കൊല്‍ക്കത്ത സ്വന്തമാക്കിയതെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈ നായകന്‍ കൂടിയായ രഹാനെയുടെ പരിചയസമ്പത്തിലും നായകമികവിലും വിശ്വാസമര്‍പ്പിക്കാനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണ്‍ വരെ മുംബൈ ട്വന്റി 20 ടീമിന്റെ നായകനായിരുന്നു രഹാനെ. ഈ സീസണില്‍ ശ്രേയസ് അയ്യരാണ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ നയിക്കുന്നത്. ലേലത്തിന് മുമ്പ് കൊല്‍ക്കത്ത വിട്ട ശ്രേയസ് അയ്യര്‍ക്ക് പകരമാണ് രഹാനെയെ കൊല്‍ക്കത്ത നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നതും യാദൃശ്ചികതയാണ്.

2022ല്‍ കൊല്‍ക്കത്ത കുപ്പായത്തില്‍ കളിച്ച രഹാനെയെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീം ഒഴിവാക്കിയിരുന്നു. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയ രഹാനെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യന്‍ ടീമിലും തിരിച്ചെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതോടെ ചെന്നൈ രഹാനെയെ ഒഴിവാക്കുകയായിരുന്നു.

ഐപിഎല്ലില്‍ 2018ലും 2019ലും രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നു രഹാനെ. രണ്ട് സീസണുകളിലായി രഹാനെക്ക് കീഴില്‍ കളിച്ച 24 മത്സരങ്ങളില്‍ ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ടീമില്‍ അജിങ്ക്യ രഹാനെയെല്ലാതെ നയിച്ച് പരിചയമുള്ള മറ്റൊരു ഇന്ത്യന്‍ നായകനുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം ടീമിന്റെ നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലു വര്‍ഷമായി ടീമിനൊപ്പമുള്ള വിശ്വസ്തനായ വെങ്കടേഷ് അയ്യരെ തഴഞ്ഞ് രഹാനെയെ നായകനാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമെന്നാണ് ആരാധകരും പറയുന്നത്.