തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ, ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്റെ 'കഥ കഴിഞ്ഞു' എന്ന് തുറന്നടിച്ച ചോപ്ര, താരത്തിന്റെ ലോകകപ്പ് ടീമിലെ സ്ഥാനത്തെക്കുറിച്ചും സംശയം പ്രകടിപ്പിച്ചു. നിലവിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷനെയാണ് ടീമിൽ പരിഗണിക്കേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു. സഞ്ജു സാംസണിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ചോപ്രയുടെ വിവാദ പരാമർശം.

ലൈവ് കമന്ററിക്കിടയിലും പിന്നീട് തന്‍റെ എക്‌സ് ഹാൻഡിലിലൂടെയുമാണ് ആകാശ് ചോപ്ര സഞ്ജുവിനെതിരെ ആഞ്ഞടിച്ചത്. "സഞ്ജുവിന്റെ ഒരു നല്ല ദിവസത്തിനായി നമ്മൾ എത്രനാൾ കാത്തിരിക്കണം? അതോ ഇപ്പോൾ മികച്ച ഫോമിലുള്ള താരങ്ങളെ കളിപ്പിക്കുകയാണോ വേണ്ടത്? ഇഷാൻ കിഷന്റെ നല്ല കാലമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ നീതിയുടെ പ്രശ്നമൊന്നുമില്ല, ഇത് ഇന്ത്യൻ ടീമിന്റെ കാര്യമാണ്. വ്യക്തികൾക്കുപരിയാണ് ഇന്ത്യൻ ടീം എന്ന കാര്യം മറക്കരുത്," ചോപ്ര തുറന്നടിച്ചു.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത് മാത്രമല്ല ആശങ്കപ്പെടുത്തുന്നത്. ബാക്ക് ഫൂട്ടിൽ ക്രീസിനുള്ളിലേക്ക് ഇറങ്ങി ബാറ്റ് ചെയ്യുന്ന സഞ്ജുവിന്റെ രീതിയും പ്രശ്നമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആർച്ചറുടെ ബൗൺസറുകൾക്ക് മുന്നിൽ സഞ്ജു പതറിയത് മുൻപും കണ്ടിരുന്നു. ഈ പരമ്പരയിലാകട്ടെ അനാവശ്യമായി ക്രീസിനുള്ളിലേക്ക് ഇറങ്ങി ബാറ്റ് ചെയ്ത സഞ്ജു ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് കളിച്ചതെന്നും ചോപ്ര നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ഈ മാസം ഏഴിന് ലോകകപ്പിൽ അമേരിക്കയെ നേരിടാനിറങ്ങുമ്പോൾ സഞ്ജു ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചുകാലമായി സഞ്ജുവിന്റെ ബാറ്റിംഗ് ഫോം നിരാശപ്പെടുത്തുന്നതാണ്. 2025 ജനുവരിക്ക് ശേഷം കളിച്ച 14 ടി20 ഇന്നിംഗ്‌സുകളിൽ 10 തവണയും പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് സഞ്ജു പുറത്തായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ വെറും 9.2 ശരാശരിയിലാണ് സഞ്ജുവിന് റൺസ് നേടാനായത്. സഞ്ജു തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോൾ മറുവശത്ത് ഇഷാൻ കിഷൻ തകർപ്പൻ ഫോമിലാണ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രം 224 സ്ട്രൈക്ക് റേറ്റിൽ 112 റൺസാണ് കിഷൻ അടിച്ചുകൂട്ടിയത്.