ദില്ലി: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ ലക്ഷ്യമിടുന്ന താരങ്ങളെ പറ്റിയുള്ള ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ധോണി വിരമിക്കുന്നതോടെ ആ സ്ഥാനത്തേക്ക് വരേണ്ട താരത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ട് വർഷങ്ങളായി. ഈ കളിക്കാരൻ ആരായിരിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയാണ് ആകാശ് ചോപ്ര. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെയാണ് ഈ സ്ഥാനത്തേക്ക് ചോപ്ര നിർദ്ദേശിച്ചിരിക്കുന്നത്.

കെ എല്‍ രാഹുലിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2022, 2023 സീസണുകളിലെ അവരുടെ ആദ്യ രണ്ട് ഐപിഎല്‍ സീസണുകളില്‍ ലഖ്‌നൗവിലെ പ്ലേ ഓഫിലെത്തിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. എന്നാല്‍ 2024ല്‍ ടീം ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. കൂടാതെ രാഹുലിന്റെ പ്രകടനത്തിനും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ടീമിന് വേണ്ടി കളിക്കുന്നവർ മാത്രം മതിയെന്ന ടീം ഉടമയുടെ പ്രതികരണവും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി.

എന്നാൽ ടീമില്‍ ബാഹ്യഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് രാഹുല്‍ പിന്നീട് പറഞ്ഞിരുന്നു. അതിങ്ങനെയായിരുന്നു. ''ഒരു ടീമിന്റെ വിജയത്തില്‍ പരിസ്ഥിതിക്ക് നിര്‍ണായക പങ്കുണ്ട്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ ഞാന്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്.'' രാഹുല്‍ പറഞ്ഞു. ഈ കാരണം കൊണ്ട് കൂടിയാണ് രാഹുല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് യോജിച്ച താരമാണെന്നാണ് ആകാശ് വിലയിരുത്തുന്നത്.

''രാഹുല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. ക്യാപ്റ്റന്‍ മെറ്റീരിയില്‍ കൂടിയാണ്. ചെന്നൈക്കാവട്ടെ അവര്‍ക്ക് ധോണിയുടെ പിന്‍ഗാമിയെ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് ഒരു ഇന്ത്യക്കാരനെ കിട്ടിയാല്‍ അത് നല്ലതായിരിക്കും. കുറച്ചൂകൂടെ പക്വതയും രാഹുലിനുണ്ടാവും. ഫ്രാഞ്ചൈസിക്ക് ഇനിയും 55 കോടി രൂപ ചിലവഴിക്കാന്‍ ഉള്ളതിനാല്‍ അവര്‍ രാഹുലിനെ സ്വന്തമാക്കാന്‍ ശ്രമിക്കും.'' ആകാശ് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

''ചെന്നൈയുടെ പേഴ്‌സില്‍ 55 കോടി രൂപയുണ്ട്. ഇത് മാര്‍ക്വീ താരങ്ങള്‍ക്കായി വിലപേശാന്‍ സഹായിക്കും. രാഹുലിനു പുറമേ, ഫ്രാഞ്ചൈസിക്കൊപ്പം ഐപിഎല്‍ യാത്ര ആരംഭിച്ച വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ സിഎസ്‌കെ ലക്ഷ്യമിടുമെന്ന് എനിക്ക് തോന്നുന്നു. അശ്വിന് ചെന്നൈയുടെ ആക്രമണത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ കഴിയും.'' ആകാശ് അവകാശപ്പെട്ടു.

ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടിരുന്നു. 366 ഇന്ത്യന്‍ താരങ്ങളും മറ്റു താരങ്ങളില്‍ നിന്നുമുള്ള 208 പേരും ഉള്‍പ്പെടെ 574 താരങ്ങളാണ് പട്ടികയിലുള്ളത്. മുൻനിര ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, റിഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവരും ലേലത്തിനുണ്ട്.