അഹ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 86 ടെസ്റ്റുകളിൽ നിന്ന് 79 സിക്സറുകൾ നേടിയ ജഡേജ, 90 ടെസ്റ്റുകളിൽ നിന്ന് 78 സിക്സറുകൾ നേടിയ മുൻ നായകൻ എം.എസ്. ധോണിയെയാണ് മറികടന്നത്.

രണ്ടാം സെഷനിൽ ജോമെൽ വാരികൻ എറിഞ്ഞ പന്തിൽ അഞ്ചാം സിക്സ് നേടിയതോടെയാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്. വീരേന്ദർ സെവാഗ് (104 ടെസ്റ്റുകളിൽ 91 സിക്സർ), ഋഷഭ് പന്ത് (47 ടെസ്റ്റുകളിൽ 90 സിക്സർ), രോഹിത് ശർമ (67 ടെസ്റ്റുകളിൽ 88 സിക്സർ) എന്നിവരാണ് ജദേജയ്ക്ക് മുന്നിലുള്ള ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 176 പന്തിൽ 104 റൺസെടുത്താണ് ജദേജ സെഞ്ച്വറി നേടിയത്. ഈ വർഷം ടെസ്റ്റിൽ ഇത് ഏഴാം തവണയാണ് താരം 50 റൺസിന് മുകളിൽ നേടുന്നത്.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ കെ.എൽ. രാഹുലിനും ജഡേജയ്ക്കും പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലും സെഞ്ച്വറി നേടിയതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 128 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 448 റൺസെന്ന നിലയിലാണ് ഇന്ത്യ. 210 പന്തിൽ 12 സിക്സറും 12 ഫോറുമടക്കം 125 റൺസെടുത്താണ് ജുറേൽ പുറത്തായത്. കെ.എൽ. രാഹുൽ 197 പന്തിൽ 100 റൺസെടുത്ത് പുറത്തായി. നായകൻ ശുഭ്മൻ ഗിൽ 50 റൺസ് നേടി.