ചെന്നൈ: തുടർച്ചയായ രണ്ട് തോൽവികളുമായി ഐപിഎൽ 19-ാം സീസണിൽ പതറുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് വിജയവഴിയിൽ തിരിച്ചെത്താൻ വിദേശതാരങ്ങളുടെ നിരയിൽ മാറ്റം വരുത്തണമെന്ന് മുൻ താരം അമ്പാട്ടി റായുഡു. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ അകീൽ ഹൊസൈനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് റായുഡുവിന്റെ പ്രധാന നിർദ്ദേശം. ലേലത്തിൽ രണ്ട് കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ അകീൽ ഹൊസൈൻ ഇതുവരെ ആദ്യ ഇലവനിൽ ഇടംപിടിച്ചിട്ടില്ല.

എന്നാൽ ആർസിബിയുടെ കരുത്തുറ്റ ഓപ്പണിങ് സഖ്യമായ വിരാട് കോഹ്‌ലി - ഫിൽ സാൾട്ട് സഖ്യത്തെ പൂട്ടാൻ അകീലിന് സാധിക്കുമെന്ന് റായുഡു വിശ്വസിക്കുന്നു. "ഡെവാൾഡ് ബ്രെവിസ് വന്നാൽ അത് ബാറ്റിങ്ങിന് കരുത്താകും. അകീൽ ഹൊസൈൻ തീർച്ചയായും കളിക്കണം. ഒപ്പം ജാമി ഓവർട്ടണും നൂർ അഹമ്മദും ചേരുന്നതാണ് മികച്ച കോമ്പിനേഷൻ." - റായുഡു പറഞ്ഞു. ആർസിബിക്കെതിരായ മത്സരത്തിൽ ചെന്നൈയുടെ വിജയത്തിനായി പവർപ്ലേ ഓവറുകളിൽ കൃത്യമായ തന്ത്രം വേണമെന്ന് അമ്പാട്ടി റായുഡു നിർദ്ദേശിക്കുന്നു.

പവർപ്ലേയിൽ പന്തെറിയാൻ മിടുക്കനായ അകീൽ ഹൊസൈനെ തുടക്കത്തിൽ തന്നെ പരീക്ഷിക്കുന്നത് വിരാട് കോഹ്‌ലിയെയും ഫിൽ സാൾട്ടിനെയും വീഴ്ത്താൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ ജാമി ഓവർട്ടണും നൂർ അഹമ്മദും ചേരുന്ന സഖ്യം നിയന്ത്രണം ഏറ്റെടുക്കണം. ഒപ്പം ഇന്ത്യൻ പേസർമാരായ അൻഷുൽ കാംബോജ്, മുകേഷ് ചൗധരി എന്നിവരെ കൂടി ഫലപ്രദമായി ഉപയോഗിച്ചാൽ ചെന്നൈക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ തകർന്നടിഞ്ഞ ചെന്നൈ നിരയിൽ 43 റൺസുമായി തിളങ്ങിയത് ജാമി ഓവർട്ടൺ മാത്രമായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ അദ്ദേഹത്തെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ ചെന്നൈയ്ക്ക് ഈ സീസണിലെ തുടർച്ചയായ തോൽവികൾ വലിയ സമ്മർദ്ദമാണ് നൽകുന്നത്. മികച്ച വിഭവങ്ങൾ ചെന്നൈയുടെ പക്കലുണ്ടെന്നും ശരിയായ ടീം കോമ്പിനേഷൻ കണ്ടെത്തുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും റായുഡു ഓർമ്മിപ്പിച്ചു. ആർസിബിക്കെതിരായ മത്സരത്തിൽ റായുഡു നിർദ്ദേശിച്ച മാറ്റങ്ങൾ ചെന്നൈ മാനേജ്‌മെന്റ് നടപ്പിലാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.