- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെപ്പോക്കിൽ മഞ്ഞുതടയാൻ അമേരിക്കൻ 'ഡ്യൂ ക്യുർ'; ലോകകപ്പിൽ ഇന്ത്യ-സിംബാബ്‌വെ പോരാട്ടത്തിനൊരുങ്ങി ചെന്നൈ; ഗ്രൗണ്ടിൽ രാസമിശ്രിതം തളിച്ചു

ചെന്നൈ: ടി20 ലോകകപ്പിലെ ഇന്ത്യ-സിംബാബ്‌വെ സൂപ്പർ 8 മത്സരം നടക്കേണ്ട ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഈർപ്പം തടയാൻ പുതിയ സാങ്കേതികവിദ്യയുടെ സഹായം. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത 'ഡ്യൂ ക്യുർ' എന്ന രാസമിശ്രിതം മൈതാനത്ത് പ്രയോഗിച്ചു. നിർണ്ണായകമായ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ടിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഈ നടപടി.
കഴിഞ്ഞ ഒരാഴ്ചയായി ചെന്നൈയിൽ വർധിച്ച ചൂടിനെത്തുടർന്ന്, കളിക്കളത്തിലെ ഈർപ്പം മത്സരത്തെ കാര്യമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ രാസമിശ്രിതം ഉപയോഗിക്കാൻ തീരുമാനിച്ചത്. 'ഡ്യൂ ക്യുർ' തളിക്കുന്നതിലൂടെ പുല്ലിന്റെ ഇലകളിൽ ഈർപ്പം തങ്ങിനിൽക്കുന്നത് തടയപ്പെടുകയും, ഈർപ്പം ആഗിരണം ചെയ്യപ്പെട്ട് പുല്ല് ഉണങ്ങിയ അവസ്ഥയിലാകുകയും ചെയ്യുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകുന്നേരങ്ങളിൽ വെള്ളത്തിൽ കലർത്തി ഔട്ട്ഫീൽഡിൽ തളിച്ച ഈ മിശ്രിതം വ്യാഴാഴ്ച ഉച്ചയ്ക്കും ഒരിക്കൽ കൂടി പ്രയോഗിക്കും.
അമേരിക്കയിലെ മേജർ ലീഗ് ബേസ് ബോൾ മത്സരങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ രാസവസ്തു, ലോകകപ്പിന് മുന്നോടിയായി ചെപ്പോക്കിലെ പിച്ചും ഔട്ട്ഫീൽഡും നവീകരിച്ചപ്പോൾ തന്നെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ഇറക്കുമതി ചെയ്തിരുന്നു. ബുധനാഴ്ച പരിശീലനത്തിന് ശേഷം ഇന്ത്യൻ ടീം അംഗങ്ങൾ മൈതാനത്ത് തങ്ങി ഈർപ്പത്തിന്റെ ആഴം പരിശോധിക്കുകയും നിലവിലെ സാഹചര്യത്തിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ന് രാത്രി 7 മണിക്കാണ് ഇന്ത്യ-സിംബാബ്‌വെ മത്സരം ആരംഭിക്കുന്നത്. സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഈ വിജയം അനിവാര്യമാണ്. ഈ ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും 'ഡ്യൂ ക്യുർ' ഉപയോഗിക്കാൻ സാധ്യതയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അതേസമയം, 2026-ലെ ഐപിഎൽ സീസണിൽ എല്ലാ വേദികളിലും ഈ രാസമിശ്രിതം ഉപയോഗിക്കുന്നത് ബിസിസിഐ നിർബന്ധമാക്കിയേക്കുമെന്നും സൂചനയുണ്ട്.


