ലണ്ടന്‍: നിക്കോളാസ് പുരാന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസല്‍. അടുത്ത ട്വന്റി20 ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കെ, വിന്‍ഡീസ് സിലക്ടര്‍മാരെ ഞെട്ടിച്ചാണ് റസലിന്റെ പ്രഖ്യാപനം. രണ്ടു മാസത്തിനിടെയാണ് വിന്‍ഡീസ് ടീമിലെ രണ്ട് കരുത്തന്മാര്‍ പടിയിറങ്ങുന്നത്.

ഹോം മൈതാനമായ ജമൈക്കയിലെ സബീന പാര്‍ക്കില്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ട്വന്റി20 മത്സരങ്ങളാണ് ടീമിനായുള്ള അദ്ദേഹത്തിന്റെ അവസാന മത്സരങ്ങള്‍. 15 വര്‍ഷത്തിലേറെയായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ നിറസാനിധ്യമാണ് റസല്‍. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യപനം ഔദ്യോഗിമായി അറിയിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കരിയറില്‍ ഒട്ടേറെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെന്ന് റസല്‍ പ്രസ്താവിച്ചു. ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അനുഭവങ്ങളിലൊന്നായിരുന്നു കരിയറെന്നും അദ്ദേഹം പറഞ്ഞു.'എല്ലാം വാക്കുകള്‍ക്കതീതമാണ്. വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കുക എന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്. സ്വദേശത്ത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ കളിക്കുന്നത് വളരെ ഇഷ്ടമാണ്. അവിടെ എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനും ഉയര്‍ന്ന നിലവാരമുള്ള പ്രകടനങ്ങള്‍ നടത്താനും കഴിഞ്ഞു. എല്ലാം അടുത്ത തലമുറക്കും പ്രോത്സാഹനമാകട്ടേയെന്നും റസല്‍ പറഞ്ഞു.

നിരവധി പ്രമുഖ താരങ്ങള്‍ റസലിന് ആശംസകള്‍ അറിയിച്ചു. ''ആന്‍ഡ്രേ എപ്പോഴും വളരെ പ്രൊഫഷണലായിട്ടാണ് മത്സരങ്ങളെ സമീപിച്ചിരുന്നത്. അദ്ദേഹത്തിന്റെ അടുത്ത ചുവടുവയ്പ്പിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. വരും തലമുറകള്‍ക്ക് തുടര്‍ന്നും അദ്ദേഹം പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.' വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സാമി റസലിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കൂടി കളിച്ച് കളമൊഴിയുമെന്നാണ് പ്രഖ്യാപനം. ട്വന്റി20 ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തില്‍പ്പെടുന്ന റസല്‍, അടുത്ത ട്വന്റി20 ലോകകപ്പിന് ഏഴു മാസം മാത്രം ശേഷിക്കെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2012, 2016 വര്‍ഷങ്ങളില്‍ ട്വന്റ20 ലോകകപ്പ് ജയിച്ച ടീമുകളില്‍ അംഗമായിരുന്നു റസല്‍.

2019 മുതല്‍ വെസ്റ്റിന്‍ഡീസ് ജഴ്‌സിയില്‍ ട്വന്റി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരമാണ് മുപ്പത്തേഴുകാരനായ റസല്‍. വിന്‍ഡീസിനായി ഇതുവരെ 84 ട്വന്റി20 മത്സരങ്ങള്‍ കളിച്ചു. ഇതിനു പുറമേ ഒരു ടെസ്റ്റും 56 ഏകദിനങ്ങളുമാണ് റസലിന്റെ രാജ്യാന്തര കരിയറിലുള്ളത്.

84 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 22 ശരാശരിയില്‍ 1078 റണ്‍സാണ് റസലിന്റെ സമ്പാദ്യം. 71 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത് ഉള്‍പ്പെടെ മൂന്ന് അര്‍ധസെഞ്ചറികളാണ് റസല്‍ നേടിയത്. ഇത്രയും മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റും വീഴ്ത്തി. 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. കളിച്ച ഒരേയൊരു ടെസ്റ്റില്‍ രണ്ടു റണ്‍സും ഒരു വിക്കറ്റും നേടി. 56 ഏകദിനങ്ങളില്‍നിന്ന് നാല് അര്‍ധസെഞ്ചറികള്‍ ഉള്‍പ്പെടെ 1034 റണ്‍സും 70 വിക്കറ്റുമാണ് സമ്പാദ്യം.